ഇന്ത്യയിലെ ദീർഘകാല നിക്ഷേപങ്ങളിലൊന്നാണ് പബ്ലിക് പ്രൊവിഡൻറ്റ് ഫണ്ട് അഥവാ പിപിഎഫ്. ഉയർന്ന പലിശയും നികുതി ആനുകൂല്യങ്ങളും പിപിഎഫിനെ കൂടുതൽ ആകർഷകമാക്കുന്നു. കേന്ദ്ര സർക്കാർ നിയന്ത്രിക്കുന്നതിനാൽ പിപിഎഫ് ഒരു സുരക്ഷിത നിക്ഷേപമാണ് എന്ന് പറയാം. ഇത് ഒരു സേവിങ് അതുപോലെ റിട്ടയർമെൻറ്റ് ഫണ്ടും കൂടിയാണ്. പോസ്റ്റ് ഓഫീസിൽ നിന്നോ അംഗീകൃത ബാങ്കിൽ നിന്നോ പിപിഎഫ് അക്കൌണ്ട് തുടങ്ങാം. പോസ്റ്റ് ഓഫീസിൽ തുടങ്ങുന്ന അക്കൌണ്ടുകൾ തിരിച്ചു ബാങ്കിലേക്ക് മാറ്റുന്നതിനുള്ള സൌകര്യവുമുണ്ട്. ഒരു വർഷത്തിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 500 രൂപയും ഏറ്റവും കൂടിയ തുക 1.50 ലക്ഷവുമാണ്. നിലവിൽ 7.1 ശതമാനം പലിശയാണ് പിപിഎഫ് നിക്ഷേപങ്ങൾക്ക് കേന്ദ്രം നൽകുന്നത്.
പബ്ലിക് പ്രൊവിഡൻറ്റ് ഫണ്ട് കാലാവധി, വായ്പ
പിപിഎഫ് അക്കൌണ്ടിൻറ്റെ കാലാവധി 15 വർഷമാണ്. അതിനുശേഷം ആവശ്യമെങ്കിൽ വീണ്ടും അഞ്ച് വർഷത്തേക്ക് പുതുക്കാവുന്നതാണ്. കാലാവധി പൂർത്തിയായി 1 വർഷം കഴിയുന്നതിനുമുമ്പ് പുതുക്കുന്നതിനുള്ള അപേക്ഷ നൽകണം. കാലാവധി കഴിയുന്നതുവരെ അക്കൌണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കുകയില്ല. എന്നാൽ അക്കൌണ്ട് തുടങ്ങി 3 വർഷത്തിനുശേഷം ലോൺ എടുക്കാവുന്നതാണ്. ആറാമത്തെ വർഷം വരെ മാത്രമേ ലോൺ എടുക്കുവാൻ സാധിക്കൂ.പരമാവധി വായ്പ തുക പിപിഎഫ് ബാലൻസിൻറ്റെ 25 % ആണ്.വായ്പ എടുത്ത് 36 മാസത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കണം. പിപിഎഫ് അക്കൌണ്ടുകളുടെ കാലാവധി 15 വർഷമാണെങ്കിലും അക്കൌണ്ട് തുടങ്ങി ഏഴാമത്തെ വർഷത്തിൽ പണം ഭാഗികമായി പിൻവലിക്കാവുന്നതാണ്. ബാക്കിനിൽക്കുന്ന തുകയുടെ 50 % വരെയാണ് പിൻവലിക്കാവുന്നത്.
പബ്ലിക് പ്രൊവിഡൻറ്റ് ഫണ്ട് യോഗ്യത
ഒരു ഇന്ത്യൻ പൌരനു മാത്രമേ പിപിഎഫ് അക്കൌണ്ട് തുടങ്ങുവാൻ സാധിക്കൂ. എൻആർഐകൾക്ക് അക്കൌണ്ട് തുടങ്ങുവാൻ സാധിക്കുകയില്ല. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുവേണ്ടി മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും അക്കൌണ്ട് തുടങ്ങാം. ജോയിൻറ്റ് അക്കൌണ്ടുകളും ഒന്നിലധികം അക്കൌണ്ടുകളും അനുവദനീയമല്ല.
പബ്ലിക് പ്രൊവിഡൻറ്റ് ഫണ്ട് നികുതിയിളവ്
പിപിഎഫ് നിക്ഷേപങ്ങളുടെ പ്രധാന ആകർഷണമാണ് നികുതിയിളവ്. പിപിഎഫ് നിക്ഷേപങ്ങൾ ഇൻകം ടാക്സ് ആക്റ്റ് സെക്ഷൻ 80 C പ്രകാരം എക്സംപ്റ്റ് വിഭാഗത്തിൽ ഉൾപ്പെടുന്നു. പ്രതിവർഷം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കും. പലിശയും മെച്ച്യൂരിറ്റി തുകയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്