Advertisement

വായ്പ എടുക്കാൻ ജാമ്യം നിന്നിട്ടുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ബാങ്കുകളിൽ നിന്നും വായ്പ എടുക്കാൻ വേണ്ടി ജാമ്യം നിന്ന് പിന്നീട് ബുദ്ധിമുട്ടിലായ പലരുടെയും കഥകൾ നിങ്ങൾ കേട്ടിട്ടുണ്ടാകും. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ വേണ്ടി ജാമ്യം നിന്നിട്ട് വലിയ കടക്കെണിയിൽ ആയവരാകും പലരും. അവർക്ക് ഒരു സഹായം എന്ന നിലയിലാകും പലരും ഇക്കാര്യങ്ങൾ ചെയ്യുന്നത്. എന്നാൽ ഒന്ന് ശ്രദ്ധിച്ചാൽ നിങ്ങൾക്ക് വലിയൊരു കടക്കെണിയിൽ നിന്ന് ഒഴിവാകാം. വായ്പ എടുത്ത വ്യക്തി തിരിച്ചടവ് മുടക്കി നിങ്ങൾ അടയ്ക്കേണ്ട അവസ്ഥ വരുമ്പോളാണ് പലരും ഇതിൻറ്റെ ബുദ്ധിമുട്ട് തിരിച്ചറിയുന്നത്. കഴിയുന്നതും ഇത്തരം സാഹചര്യങ്ങളിൽ നിന്ന് നേരത്തെ തന്നെ ഒഴിവാകുന്നത് ആണ് നല്ലത്. എന്നാൽ ഒഴിവാക്കാൻ പറ്റാത്ത ഒരു സാഹചര്യം ആണെങ്കിൽ തീർച്ചയായും ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം.

Advertisement

ജാമ്യം നിൽക്കുന്നത് വായ്പ എടുക്കുന്നതിനു തുല്യം

ഒരു വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് നിങ്ങൾ ഒരു വായ്പ എടുക്കുന്നതു പോലെ തന്നെ ആണ്. അത്രമാത്രം റിസ്ക് ഉണ്ട് ജാമ്യം നിൽക്കുന്നതിലും. ഏതെങ്കിലും സാഹചര്യത്തിൽ വായ്പ എടുത്ത വ്യക്തി തിരിച്ചടവ് മുടക്കിയാൽ പൂർണ ഉത്തരവാദിത്വം ജാമ്യക്കാരന് ആയിരിക്കും. ഇനി വായ്പ എടുത്ത വ്യക്തി മരണപ്പെടുകയോ വായ്പക്ക് ഇൻഷുറൻസ് ഇല്ലാതിരിക്കുകയോ ചെയ്താൽ മുഴുവൻ തുകയും തിരിച്ചട്ക്കേണ്ടത് ജാമ്യക്കാരനാണ്. ചില ബാങ്കുകൾ വായ്പ നൽകുമ്പോൾ ജാമ്യക്കാരൻ വേണം എന്ന് പറയാറുണ്ട്. എല്ലാ ബാങ്കുകളുടെയും ജാമ്യ വ്യവസ്ഥയിൽ വ്യത്യാസങ്ങൾ ഉണ്ടാകും. അത് വായ്പ എടുക്കുന്ന തുക, വായ്പ എടുക്കുന്ന വ്യക്തിയുടെ തിരിച്ചടവ് ശേഷി എന്നീ കാര്യങ്ങളെ അടിസ്ഥാനമാക്കി ആണ്.

ജാമ്യത്തിൽ നിന്ന് പിന്മാറാനാകില്ല

ഒരിക്കൽ നിങ്ങൾ ജാമ്യം നിൽക്കാൻ തീരുമാനിച്ച് ജാമ്യ വ്യവസ്ഥയിൽ ഒപ്പിട്ട് കഴിഞ്ഞാൽ പിന്നെ അതിൽ നിന്ന് പിന്മാറുക പ്രയാസകരമാണ്. ജാമ്യത്തിൽ നിന്ന് ഒഴിവാകുന്നതിനുള്ള നിങ്ങളുടെ ആവശ്യം ബാങ്കും വായ്പ എടുത്ത വ്യക്തിയും അംഗീകരിക്കണം. എങ്കിൽ മാത്രമേ നിങ്ങൾക്ക് ജാമ്യത്തിൽ നിന്ന് ഒഴിവാകാൻ സാധിക്കുകയുള്ളൂ. മിക്ക ബാങ്കുകളും ഇതിനു സമ്മതിക്കാറില്ല. അതുകൊണ്ട് വളരെ അധികം ആലോചിച്ചതിനു ശേഷം മാത്രമേ ജാമ്യം നിൽക്കാവൂ.

ക്രെഡിറ്റ് സ്കോർ

ബാങ്കുകൾ ഇപ്പോൾ ഏതൊരു വായ്പ നൽകുന്നതിനു മുമ്പും വായ്പ എടുക്കുന്ന വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നത് പതിവാണ്. കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉള്ള ഒരു വ്യക്തിക്ക് ബാങ്കുകൾ വായ്പ നൽകില്ല. നിങ്ങൾ ഒരാൾക്ക് വായ്പ എടുക്കുന്നതിന് ജാമ്യം നിന്നിട്ട് ഉണ്ടെങ്കിൽ, ആ വ്യക്തി വായ്പ തിരിച്ചടവ് തെറ്റിച്ചാലോ, മുടക്കിയാലോ അത് ബാധിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെയും കൂടി ആണ്. ഭാവിയിൽ നിങ്ങൾ ഒരു വായ്പക്ക് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ അപേക്ഷ നിരസിക്കാൻ ഇതു കാരണമാകും.

നിങ്ങളുടെ വായ്പ യോഗ്യത കുറയും

മാത്രമല്ല നിങ്ങൾ ഒരു വ്യക്തിക്ക് ജാമ്യം നിൽക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഒരു വായ്പ എടുക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന വായ്പ തുക കുറയാൻ ഇതു കാരണമാകും. കാരണം ആ വായ്പക്കു കൂടി നിങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്. കാരണം തിരിച്ചടവ് മുടങ്ങിയാൽ അത് അടയ്ക്കേണ്ടി വരുന്നത് ജാമ്യക്കാരനാണ്.

തിരിച്ചടവ് ശ്രദ്ധിക്കുക

പലപ്പോഴും ജാമ്യക്കാരൻ വായ്പ എടുത്ത വ്യക്തി ലോൺ തിരിച്ചടയ്ക്കുന്നുണ്ടോ എന്ന് അന്വേഷിക്കാറു പോലുമില്ല. തിരിച്ചടവ് മുടങ്ങി ബാങ്കിൽ നിന്ന് നോട്ടീസ് വരുമ്പോഴാകും പലരും ഇക്കാര്യം അറിയുക. പിന്നീട് അത് വലിയ ബാദ്ധ്യതയായി ലോൺ ജാമ്യക്കാരൻ തിരിച്ചടയ്ക്കേണ്ട അവസ്ഥയിൽ ആകും. പലരുടെയും സമ്പാദ്യമെല്ലാം നഷ്ടപ്പെടുന്നത് ഇങ്ങനെ ആവും. അതുകൊണ്ട് വായ്പ എടുത്ത ആൾ ലോൺ തിരിച്ചടയ്ക്കുന്നുണ്ടോ എന്ന് ജാമ്യക്കാരൻ കൃത്യമായി അന്വേഷിച്ച് കൊണ്ടിരിക്കണം.

ജാമ്യം നിൽക്കുമ്പോൾ വായ്പ തിരിച്ചടയ്ക്കും എന്ന് ഉറപ്പുള്ള വ്യക്തികൾക്ക് മാത്രം ജാമ്യം നിൽക്കുക. അതു പോലെ തന്നെ ജാമ്യ വ്യവസ്ഥയിലെ കാര്യങ്ങളെല്ലാം കൃത്യമായി വായിച്ചു മനസ്സിലാക്കുക. കാരണം തിരിച്ചടവ് മുടങ്ങിയാൽ ബാങ്കിന് ജാമ്യക്കാരന് എതിരെയും നിയമനടപടി സ്വീകരിക്കാം. നിങ്ങളുടെ സ്വത്തുക്കൾ വിറ്റ് വായ്പ തുക തിരിച്ചെടുക്കാനുള്ള അവകാശം ബാങ്കിനുണ്ട്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്