കുട്ടികളിൽ എങ്ങനെ നല്ല സമ്പാദ്യശീലം വളർത്താം ?
സാമ്പത്തികമായ കാര്യങ്ങളെക്കുറിച്ച് മുതിർന്നവർ പലപ്പോഴും കുട്ടികളോട് സംസാരിക്കാറില്ല. കുട്ടികൾ അറിയേണ്ട കാര്യങ്ങൾ അല്ല ഇത് എന്ന മട്ടിൽ അവരെ ഒന്നിലും ഉൾപ്പെടുത്താറില്ല. നമുക്ക് പറ്റുന്ന സാമ്പത്തിക തെറ്റുകളിൽ നിന്നാണ് നാം പുതിയ പാഠങ്ങൾ പഠിക്കുന്നത്. അതുപോലെ കുട്ടികളും തെറ്റുകൾ മനസ്സിലാക്കി നല്ല സാമ്പത്തിക നിക്ഷേപകരായി വളരണം എങ്കിൽ ചെറുപ്പം മുതലേ അവരിൽ സമ്പാദ്യശിലം വളർത്തേണ്ടത് ആവശ്യം ആണ്. നാം പഠിച്ച പാഠങ്ങൾ അവർക്കും പകർന്നു കൊടുക്കണം.
ഏതു പ്രായത്തിലും തുടങ്ങാൻ കഴിയുന്ന ഒന്നാണ് സമ്പാദ്യശീലം. മക്കൾക്ക് നല്ല വിദ്യാഭ്യാസവും മറ്റു ശീലങ്ങളും പഠിപ്പിക്കുന്നതിന് ഒപ്പം തന്നെ സമ്പാദ്യ ശീലത്തെക്കുറിച്ചും അവരെ പഠിപ്പിക്കണം. ജീവിതത്തിൽ നിക്ഷേപിക്കുന്നതിൻറ്റെ ആവശ്യകതയെക്കുറിച്ചും എങ്ങനെ പണം ശരിയായ രീതിയിൽ വിനിയോഗിക്കാം എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. ഒറ്റ ദിവസം കൊണ്ട് ഇക്കാര്യങ്ങൾ ഒന്നും പറഞ്ഞു കൊടുക്കുവാൻ സാധിക്കുകയില്ല. അവരുടെ പ്രായത്തിനു അനുസരിച്ച് വേണം ഇക്കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ. സ്കൂളുകളിൽ ഇത്തരം കാര്യങ്ങൾ അവരെ വേണ്ടത്ര പഠിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ അധ്യാപകരേക്കാൾ മാതാപിതാക്കൾക്ക് ആണ് കുട്ടികളെ ഇക്കാര്യങ്ങൾ പഠിപ്പിക്കാൻ കഴിയുന്നത്. ഇനി ഈ കാര്യങ്ങൾ കുട്ടികൾക്ക് എങ്ങനെ പഠിപ്പിച്ചു കൊടുക്കാം എന്നാണോ ? അതിന് ചില മാർഗ്ഗങ്ങൾ ഉണ്ട്. അവ എന്തൊക്കെ ആണെന്ന് നോക്കാം.
എല്ലാവരും കുട്ടികൾക്ക് പോക്കറ്റ് മണിയായി ചെറിയ തുകകൾ നൽകാറുണ്ട്. ഈ പണം സൂക്ഷിച്ചു വയ്ക്കാൻ കുട്ടികളെ പഠിപ്പിക്കാം. ഇത് ഭാവിയിൽ ഏതെങ്കിലും ഒരു ആവശ്യത്തിന് ഉപയോഗിക്കാൻ വേണ്ടി ആണെന്ന് പറയാം. ഉദാഹരണത്തിന് അവർക്ക് എന്തെങ്കിലും കളിപ്പാട്ടമോ സൈക്കിളോ പുസ്തകമോ വാങ്ങാൻ. അങ്ങനെ അവരിൽ നിക്ഷേപ ലക്ഷ്യം വളർത്താൻ നിങ്ങൾക്കു കഴിയും.
ഇനി കുട്ടികൾ വീട്ടിലെ ചെറിയ ജോലികൾ ചെയ്തു തരുമ്പോൾ അതിനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ചെറിയ തുകകൾ നൽകാം. ഇത് അവരിൽ അധ്വാനിക്കുമ്പോൾ മാത്രമാണ് പണം ലഭിക്കുന്നത് എന്ന ബോധ്യം ഉണ്ടാക്കും. കുട്ടികൾ ഇങ്ങനെ ലഭിക്കുന്ന തുകകൾ നല്ല രീതിയിലാണ് വിനിയോഗിക്കുന്നത് എന്ന് ഉറപ്പു വരുത്തുകയും വേണം.
അടുക്കളയിലേക്കുള്ള സാധനങ്ങൾ മറ്റും വാങ്ങിക്കാൻ പോകുമ്പോൾ ഇനിമുതൽ കുട്ടികളെയും കൂടെ കൂട്ടാം. ഇതിലൂടെ പണം കൈകാര്യം ചെയ്യാൻ കുട്ടികൾ പ്രാപ്തരാകും. അൽപം മുതിർന്ന കുട്ടകളാണെങ്കിൽ വീട്ടു സാധനങ്ങൾ വാങ്ങുന്നതിനു കുട്ടികളെ കടയിൽ വിടുന്നതും നല്ലതാണ്. നിങ്ങൾ ബാങ്കുകളിലോ മറ്റോ പോകുമ്പോൾ കുട്ടികളെയും ഒപ്പം കൊണ്ടുപോകാം. ഒരു ബാങ്കിനെ സംബന്ധിച്ചുള്ള അടിസ്ഥാന വിവരങ്ങൾ കുട്ടികൾക്ക് ഇതിലൂടെ ലഭിക്കും.
കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും എങ്ങനെ അവരിൽ സമ്പാദ്യശീലം വളർത്താം എന്നു നോക്കാം.
4 മുതൽ 7 വയസ്സു വരെ
പണം കൊടുത്ത് സാധനങ്ങൾ വാങ്ങാം എന്ന് കുട്ടികൾ മനസ്സിലാക്കി തുടങ്ങുന്നത് ഈ പ്രായത്തിലാണ്. അതുകൊണ്ട് പോക്കറ്റ് മണിയും മറ്റുമായി കിട്ടുന്ന പണം സൂക്ഷിച്ചു വയ്ക്കാൻ അവരെ പഠിപ്പിക്കണം. ഒരു ചെറിയ കുടുക്കയും കുട്ടികൾക്ക് വാങ്ങി കൊടുക്കാം.
8 മുതൽ 12 വയസ്സു വരെ
പണം എങ്ങനെ ആണ് കൈകാര്യം ചെയ്യേണ്ടത് എന്ന് ഈ പ്രായത്തിൽ പഠിപ്പിക്കാം. കുട്ടികളുടെ പേരിൽ നിർബന്ധമായും ഒരു ബാങ്ക് അക്കൌണ്ടും തുടങ്ങണം. മിച്ചം വരുന്ന പണം അക്കൌണ്ടിൽ നിക്ഷേപിക്കാനും കുട്ടികളെ പഠിപ്പിക്കാം.
13 മുതൽ 18 വയസ്സുവരെ
കുട്ടികൾ ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നത് ഈ പ്രായത്തിലാണ്. സ്വന്തമായി സമ്പാദിക്കണം എന്ന ചിന്തകളും അവരിൽ വരുന്നത് ഇപ്പോഴാണ്. പാർട്ട് ടൈം ജോലികൾക്കും മറ്റും പോകുന്നതിൽ നിന്ന് കുട്ടികളെ തടയേണ്ടതില്ല. വീട്ടിലെ സാമ്പത്തിക കാര്യങ്ങളും മറ്റും അവരുമായി പങ്കുവയ്ക്കുന്നതും നല്ലതാണ്. ഇത് അവരിൽ ഉത്തരവാദിത്വ ബോധം വളർത്തും.നിങ്ങൾ ചെയ്യുന്നതു കണ്ടാണ് കുട്ടികൾ വളരുന്നത്. നല്ല സമ്പാദ്യശീലം വളർത്താൻ നിങ്ങൾ ആണ് അവർക്കു മാതൃക ആവേണ്ടത്. നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിയിലൂടെയും പണം എങ്ങനെ ശരിയായി വിനിയോഗിക്കാം എന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കണം. കുട്ടികളെ നിർബന്ധിച്ച് ഒന്നും ചെയ്യിക്കരുത്. അതുകൊണ്ട് ആദ്യമേ ഇക്കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു ഇഷ്ടം അവരിൽ വളർത്തിയെടുക്കുക എന്നതാണ് പ്രധാനം.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്