സ്വന്തമായി ഒരു വീട് വാങ്ങുക എന്നത് എല്ലാവരുടെയും സ്വപ്നം ആണ്. ഭവന വായ്പ എടുത്തുകൊണ്ടാകും പലരും ഈ വീട് സ്വന്തമാക്കുന്നതും. ഭവന വായ്പ എന്നത് ഒരു ദീർഘകാല സാമ്പത്തിക ബാദ്ധ്യതയാണ്. വലിയ വായ്പ തുകയും നീണ്ട കാലാവധിയും ഭവന വായ്പയുടെ പ്രത്യേകതകളാണ്. അതുകൊണ്ട് തന്നെ വളരെയധികം ആലോചിച്ചു തീരുമാനം എടുത്തില്ലെങ്കിൽ ഇത് നിങ്ങളെ ഭാവിയിൽ വളരെ മോശമായി ബാധിച്ചേക്കാം. ചെറിയ ഒരു പിഴവ് വലിയ ബാദ്ധ്യതയിലേക്കെത്താതിരിക്കാൻ ഭവന വായ്പയ്ക്കൊരുങ്ങും മുമ്പ് നിങ്ങൾ ഈ കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം.
യോഗ്യത
ഭവന വായ്പ എടുക്കുന്നതിനു മുമ്പ് നിങ്ങൾ വായ്പ ലഭിക്കാൻ യോഗ്യരാണോ എന്നു പരിശോധിക്കുക. നിങ്ങളുടെ വരുമാനം, പ്രായം, ക്രെഡിറ്റ് സ്കോർ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ യോഗ്യത നിർണ്ണയിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം നിങ്ങളുടെ വരുമാനം തന്നെയാണ്. ആവശ്യമെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ പങ്കാളിയുടെയും വരുമാനം കാണിക്കാം. ഇത് നിങ്ങൾക്ക് വായ്പ ലഭിക്കുന്നതിനുള്ള യോഗ്യത വർദ്ധിപ്പിക്കും.
വായ്പകൾ നൽകുന്നതിനു മുമ്പ് ബാങ്കുകൾ പരിശോധിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണ് ക്രെഡിറ്റ് സ്കോർ. 750 ന് മുകളിൽ ക്രെഡിറ്റ് സ്കോർ നിലനിർത്തുന്ന വ്യക്തികൾക്കാണ് ബാങ്കുകൾ പൊതുവേ വായ്പ നൽകുന്നത്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കുവാനുള്ള സാധ്യതകളുമുണ്ട്. അതുകൊണ്ട് ഭവന വായ്പക്ക് തയ്യാറെടുക്കുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വിലയിരുത്തുകയും ആവശ്യമെങ്കിൽ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും വേണം.
ഡൌൺ പേയ്മൻറ്റ്
ഭവന വായ്പ എടുക്കുമ്പോൾ വാങ്ങുന്ന വസ്തുവിൻറ്റെ വിലയുടെ 10 ശതമാനം മുതൽ 25 ശതമാനം വരെ അപേക്ഷകൻ സ്വന്തമായി കണ്ടെത്തണം. ഈ തുകയെയാണ് ഡൌൺ പേയ്മൻറ്റ് അഥവാ മാർജിൻ കോൺട്രിബ്യൂഷൻ എന്നു വിളിക്കുന്നത്. ഉയർന്ന തുക ഡൌൺ പേയ്മൻറ്റായി നൽകാൻ കഴിയുമെങ്കിൽ ഇത് വായ്പ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കാൻ സഹായിക്കുകയും ചെയ്യും. അതുകൊണ്ട് വായ്പ എടുക്കാൻ ആഗ്രഹിക്കുന്നവർ പരമാവധി തുക ഡൌൺ പേയ്മൻറ്റായി നൽകാൻ ശ്രമിക്കുക.
വായ്പ താരതമ്യം
പലിശ നിരക്ക്, വായ്പ തുക, തിരിച്ചടവ് കാലാവധി, പ്രൊസസിംഗ് ചാർജ് എന്നിവ ഓരോ ബാങ്കിനും വ്യത്യസ്തമാണ്. അതുകൊണ്ട് വായ്പ എടുക്കുന്നതിന് മുമ്പ് വിവിധ ബാങ്കുകളിലെ വായ്പകൾ തമ്മിൽ താരതമ്യം ചെയ്തതിനു ശേഷം തീരുമാനം എടുക്കുക. കുറഞ്ഞ പലിശ നിരക്ക്, അനുയോജ്യമായ വായ്പ കാലാവധി, ആവശ്യമായ വായ്പ തുക എന്നിവ നൽകുന്ന ബാങ്കിനെ വേണം തിരഞ്ഞെടുക്കാൻ. ഓൺലൈനായ ബാങ്കിൽ നേരിട്ടെത്തിയോ ഇക്കാര്യങ്ങൾ പരിശോധിക്കാവുന്നതാണ്.
വായ്പ തുക
നിങ്ങളുടെ വരുമാനത്തിനും തിരിച്ചടവ് ശേഷിക്കും അനുസരിച്ചു വേണം വായ്പ തുക നിശ്ചയിക്കാൻ. കൂടാതെ നിങ്ങൾക്ക് അനുയോജ്യമായ ഇഎംഐ തിരഞ്ഞെടുക്കുവാനും ശ്രദ്ധിക്കണം. മാത്രമല്ല ഇഎംഐ തുക നിങ്ങളുടെ വരുമാനത്തിൻറ്റെ 45 ശതമാനത്തിൽ കൂടുതലല്ലെന്ന് ഉറപ്പുവരുത്തുന്നതും നല്ലതാണ്.
തിരിച്ചടവ് കാലാവധി
തിരിച്ചടവു കാലാവധിയും പലിശ നിരക്കും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നീണ്ട തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കുമ്പോൾ ഇഎംഐ തുക കുറയുമെങ്കിലും പലിശ നിരക്ക് കൂടും. അതുകൊണ്ട് സ്ഥിരമായ വരുമാനം ഉള്ളവർ കുറഞ്ഞ വായ്പ കാലാവധി തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്