Advertisement

മ്യൂച്വൽ ഫണ്ട് നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണോ? തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇന്ന് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെക്കുറിച്ച് അറിയാവുന്നവർ ഏറെയാണ്. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം തുടങ്ങണമെന്ന് ആഗ്രഹിച്ചിരിക്കുന്നവരാണ് ഇതിൽ ഏറിയ പങ്കും. എന്നാൽ ഏത് ഫണ്ടിൽ നിക്ഷേപിക്കും എന്നതായിരിക്കും നിങ്ങളെ കുഴപ്പിക്കുന്ന ഏറ്റവും വലിയ കാര്യം. വിവിധ തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകൾ ഇന്ന് വിപണിയിലുണ്ട്. ഓരോ ഫണ്ടിൻറ്റെയും റിസ്ക്, റിട്ടേൺ തുടങ്ങിയ കാര്യങ്ങളിലും വ്യത്യാസമുണ്ട്. ഇവയെ അടിസ്ഥാനമാക്കി തുടക്കക്കാർക്ക് അനുയോജ്യമായ ഫണ്ടുകൾ ഏതൊക്കെയാണെന്നും എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും മനസ്സിലാക്കാം.

Advertisement

നിക്ഷേപ ലക്ഷ്യം

നിങ്ങളുടെ നിക്ഷേപത്തിന് എപ്പോഴും ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. ഭാവിയിൽ നിങ്ങളുടെ നിക്ഷേപം തുടർന്നുകൊണ്ടുപോകാൻ ഈ ലക്ഷ്യം നിങ്ങളെ പ്രേരിപ്പിക്കും. ഉദാഹരണത്തിന്, മക്കളുടെ വിദ്യാഭ്യാസം, വീട് പണിയുക, റിട്ടയർമെൻറ്റ് തുടങ്ങിയ കാര്യങ്ങൾ നിങ്ങൾക്ക് നിക്ഷേപ ലക്ഷ്യങ്ങളായി തിരഞെടുക്കാം.
എത്ര വർഷത്തേക്കാണ് നിക്ഷേപം നടത്തുന്നത്, പ്രതീക്ഷിക്കുന്ന ലാഭം തുടങ്ങിയ കാര്യങ്ങളും നേരത്തെതന്നെ തീരുമാനിച്ച് ഉറപ്പിക്കണം. ഇവയെ മുൻനിർത്തി വേണം ഫണ്ടുകൾ തിരഞ്ഞെടുക്കാൻ. ഉദാഹരണത്തിന് നിങ്ങൾ കുറച്ചു വർഷത്തേക്കാണ് നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ ഡെബ്റ്റ് ഫണ്ടുകൾ തിരഞ്ഞെടുക്കാം. അതേസമയം നിങ്ങൾ ദീർഘകാലത്തേക്കാണ് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ ഇക്വിറ്റി ഫണ്ടുകളായിരിക്കും കൂടുതൽ അനുയോജ്യം.
ഓരോരുത്തരുടെയും ആവശ്യങ്ങൾക്ക് അനുസൃതമായി വിവിധ തരം മ്യൂച്വൽ ഫണ്ട് സ്കീമുകളുണ്ട്. ഇവയിൽ തുടക്കകാർക്ക് അനുയോജ്യമായ ഫണ്ടുകൾ ഏതൊക്കെയാണെന്ന് നോക്കാം

ഇക്വിറ്റി ഫണ്ട്

ദീർഘകാലത്തേക്ക് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായവ ആണ് ഇക്വിറ്റി ഫണ്ടുകൾ. കുറഞ്ഞത് ഏഴു വർഷം വരെ നിക്ഷേപം തുടരണം. വിവിധ തരം അസറ്റ് ക്ലാസുകളെ ഉൾപ്പെടുത്തിയുള്ള ഫണ്ടുകളാണ് തുടക്കകാർക്ക് കൂടുതൽ അനുയോജ്യം. ലാർജ് ക്യാപ് ഫണ്ട്, മിഡ് ക്യാപ് ഫണ്ട്, സ്മോൾ ക്യാപ് ഫണ്ട് എന്നിങ്ങനെ വിവിധ തരത്തിലുള്ള ഇക്വിറ്റി ഫണ്ടുകളുണ്ട്. ഇത്തരം ഫണ്ടുകളുകളിൽ നന്നായി പഠനം നടത്തിയതിനു ശേഷം മാത്രമേ തുടക്കക്കാർ നിക്ഷേപം തുടങ്ങാവു.

ഡെബ്റ്റ് ഫണ്ട്

ഹ്രസ്വകാലത്തേക്ക് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഉചിതം ഡെബ്റ്റ് ഫണ്ടുകളാണ്. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾ ബാധിക്കാത്തവയാണ് ഡെബ്റ്റ് ഫണ്ടുകൾ. ഇക്വിറ്റി ഫണ്ടുമായി താരതമ്യം ചെയ്യുമ്പോൾ റിസ്ക് കുറവും ഡെബ്റ്റ് ഫണ്ടുകൾക്കാണ്. സ്ഥിരമായി റിട്ടേൺ തരുന്ന ഉപകരണങ്ങൾ ഉൾപ്പെടുത്തിയതാണ് ഡെബ്റ്റ് ഫണ്ട്. പുതുതായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഡെബ്റ്റ് ഫണ്ടുകളാണ് കൂടുതൽ അനുയോജ്യം.

ബാലൻസ്ഡ് ഫണ്ട്

ബാലൻസ്ഡ് ഫണ്ടിനെ ഹൈബ്രിഡ് ഫണ്ടുകൾ എന്നും വിളിക്കാറുണ്ട്. ഡെബ്റ്റ് ഫണ്ടിലും ഇക്വിറ്റി ഫണ്ടിലും ഒരുപോലെ നിക്ഷേപം നടത്തുന്നവയാണ് ബാലൻസ്ഡ് ഫണ്ടുകൾ. ഇക്വിറ്റി ഫണ്ടുമായി താരതമ്യം ചെയ്യുമ്പോൾ റിസ്ക് കുറഞ്ഞവയാണ് ബാലൻസ്ഡ് ഫണ്ടുകൾ. അതുകൊണ്ട് തന്നെ തുടക്കക്കാർക്ക് അനുയോജ്യമായവ ആണ് ഇത്തരം ഫണ്ടുകൾ.

 

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്