ഒരു സ്വകാര്യ കമ്പനിയുടെ ഓഹരികൾ പൊതുജനങ്ങൾക്ക് നൽകുന്ന പ്രക്രിയയാണ് ഐപിഒ അഥവാ പ്രാരംഭ പബ്ലിക്ക് ഓഫറിംങ് എന്ന് പറയുന്നത്. ഇന്ത്യൻ ഓഹരി വിപണിയിൽ ഐപിഒകൾ നിരന്തരം നടക്കുന്ന ഒന്നാണ്. എന്നിരുന്നാലും ഐപിഒ വഴി നിക്ഷേപം നടത്തുമ്പോൾ നാം ഏറേ കാര്യങ്ങൾ ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം.
1. പണം നിക്ഷേപിക്കുന്നതിന് മുമ്പ് കമ്പനിയെക്കുറിച്ച് പരിശോധിക്കുക
നിങ്ങൾ ഐപിഒയിൽ പണം നിക്ഷേപിക്കുന്നതിന് മുമ്പ് പണം നിക്ഷേപിക്കാൻ ഉദ്ധേശിക്കുന്ന കമ്പനിയെപ്പറ്റി കൃത്യമായി അറിഞ്ഞിരിക്കണം. കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ നിർണ്ണായക വിവരങ്ങളും സെബിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഇത് കൃത്യമായി പരിശോധിച്ച് ഉയർന്ന വളർച്ച സാധ്യതയുള്ള കമ്പനിയിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. കൂടാതെ ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ മുൻകാല പ്രകടനവും പരിശോധിക്കുന്നത് ശരിയായ കമ്പനികളിൽ നിക്ഷേപിക്കാൻ നിങ്ങളെ സഹായിക്കും.
2. ഐപിഒ വഴി ശേഖരിക്കുന്ന പണം കമ്പനിഎന്തിന് ഉപയോഗിക്കുന്നു
ഐപിഒ വഴി ശേഖരിക്കുന്ന പണം കമ്പനിഎന്തിന് ഉപയോഗിക്കുന്നു എന്നത് നിർണ്ണായകമാണ്. ഐപിഒയിൽ നിന്ന് ലഭിക്കുന്ന പണം വികസനങ്ങൾക്കും കടങ്ങൾ തീർക്കുന്നതിനുമായി ഒക്കെ ആണ് ഉപയോഗിക്കുന്നത് .
3. താരതമ്യം ചെയ്യുക
ഒരു കമ്പനിയെ അതിൻറ്റെ പിയർ ഗ്രൂപ്പുമായി താരതമ്യം ചെയ്യുന്നത് ഒരു മികച്ച ഐപിഒ വിശകലന രീതിയാണ്. ഇത് നിങ്ങളുടെ നിക്ഷേപ സാധ്യത വർദ്ധിപ്പിക്കുകയും ശരിയായ രീതിയിൽ നിക്ഷേപം നടത്താൻ സഹായിക്കുകയും ചെയ്യും. അതായത് ഒരു കമ്പനിയുടെ ഐപിഒ ഓഫർ അതിൻറ്റെ പിയർ ഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ചിലവേറിയതാണെങ്കിൽ ആ കമ്പനിയിൽ പണം നിക്ഷേപിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ നഷ്ട സാധ്യത കുറയ്ക്കുമെന്ന് മാത്രമല്ല ശരിയായ കമ്പനിയിൽ നിക്ഷേപിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.
4. നഷ്ട സാധ്യതകൾ വിലയിരുത്തുക
ഐപിഒ വഴി പണം നിക്ഷേപിക്കുമ്പോൾ നിക്ഷേപിക്കുന്ന കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും നഷ്ട സാധ്യതകളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ഇത്തരം നഷ്ട സാധ്യതകളെ കൃത്യമായി വിലയിരുത്താൻ കമ്പനിയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസ് സഹായകമാണ്. ഒരു കമ്പനിയുടെ പ്രവർത്തനങ്ങൾ, നിയമ നടപടികൾ, ബാധ്യതകൾ, നഷ്ട സാധ്യതകൾ എന്നിവ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസിൽ വിവരിച്ചിട്ടുണ്ടാകും.
5. കമ്പനിയുടെ ഭാവി സാധ്യതകൾ പരിശോധിക്കുക
നിങ്ങൾ നിക്ഷേപിക്കാൻ ഉദ്ധേശിക്കുന്ന കമ്പനിയുടെ മേഖലയുടെ ഭാവി സാധ്യതകൾ പരിശോധിക്കേണ്ടത് ആവശ്യമാണ്. കാരണം സാധ്യത കുറഞ്ഞ മേഖലയിൽ നിക്ഷേപിക്കുന്നത് നഷ്ട സാധ്യത വർദ്ധിപ്പിക്കും. വിദ്യാഭ്യാസ മേഖല, വിവര സാങ്കേതികവിദ്യ തുടങ്ങിയവ മികച്ച ഭാവി പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതുക്കൊണ്ട് തന്നെ ഇത്തരം മേഖലകളിൽ നിക്ഷേപിക്കുന്നത് കൂടുതൽ ലാഭമുണ്ടാക്കാൻ നിക്ഷേപകരെ സഹായിക്കും.
ഐപിഒയിൽ നിക്ഷേപിക്കുന്നത് എപ്പോഴും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ആയിരിക്കും. എപ്പോഴും വിപണിയിലെ ലാഭനഷ്ട സാധ്യതകൾ നേരിടാൻ തയ്യാറായിരിക്കുകയും വേണം. കടം വാങ്ങി ഫണ്ടുകളിൽ നിക്ഷേപിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഐപിഒയിൽ നിക്ഷേപിക്കുമ്പോൾ ഐപിഒ ഓഫർ തുറന്ന് രണ്ടോ മൂന്നോ ദിവസത്തിന് ശേഷം പൊതു പ്രതികരണം വിലയിരുത്തിയ ശേഷം നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. ഇത് റിസ്ക്ക് കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.