ഒരു ഫിനാൻഷ്യൽ പ്ലാൻ തയ്യാറാക്കുന്നത് വളരെ എളുപ്പമാണെന്ന് ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി ഒരു വിജയകരമായ പ്ലാൻ തയ്യാറാക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. ഈ പ്ലാൻ അനുസരിച്ച് മുന്നോട്ട് പോകുക എന്നത് അതിലും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു ഫിനാൻഷ്യൽ പ്ലാൻ തയ്യാറാക്കുന്നതിന് മുമ്പ് കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
നിലവിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തുക
ഒരു ഫിനാൻഷ്യൽ പ്ലാൻ തയ്യാറാക്കുന്നതിന് ആദ്യം ചെയ്യേണ്ട കാര്യം നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തുക എന്നതാണ്. നിങ്ങളുടെ വരുമാനം, ബാദ്ധ്യതകൾ, ആസ്തികൾ എല്ലാം വിലയിരുത്തണം. ഇതിലൂടെ ഏതൊക്കെ കാര്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടത് എന്ന് മനസ്സിലാക്കാനും സാധിക്കും. ഉദാഹരണത്തിന് ഒരു കാർ വാങ്ങുന്നതിനേക്കാൾ നിലവിലുള്ള വായ്പകൾ തീർക്കുന്നതിനാണ് മുൻഗണന നൽകേണ്ടത് എന്ന് നിങ്ങൾക്ക് മനസ്സിലാക്കാം. ഈ ലക്ഷ്യങ്ങൾക്കനുസരിച്ചു വേണം ഫിനാൻഷ്യൽ പ്ലാൻ തയ്യാറാക്കാൻ.
നിക്ഷേപ ലക്ഷ്യം
നിങ്ങൾ നിക്ഷേപം നടത്തുന്നതിന് ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. ഒരു ലക്ഷ്യത്തിനു വേണ്ടിയാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ ഫിനാൻഷ്യൽ പ്ലാനിൽ ഉറച്ചു നിൽക്കാൻ ഈ ലക്ഷ്യം നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ ഇഷ്ടവാഹനം സ്വന്തമാക്കുന്നതോ, വീട് വാങ്ങുന്നതോ, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, റിട്ടയർമെൻറ്റ് ഫണ്ട് തുടങ്ങി നിങ്ങൾ നിക്ഷേപിക്കുന്നതിന് ഒരു ലക്ഷ്യം ഉണ്ടായിരിക്കണം.
ബജറ്റും ടൈം ലൈനും
ഇനി ഈ ലക്ഷ്യത്തിന് അനുസരിച്ച് എത്ര തുക വേണമെന്ന് കണ്ടെത്തി ഒരു ബജറ്റ് തയ്യാറാക്കുക. ആ തുക സ്വരൂപിക്കാൻ എത്ര സമയം വേണമെന്നും കണ്ടെത്തുക. ഫിനാൻഷ്യൽ പ്ലാനിംഗിൽ ഒരു ടൈം ലൈൻ നിശ്ചയിക്കേണ്ടത് വളരെ പ്രധാനമാണ്. മാത്രമല്ല ടൈം ലൈൻ നിങ്ങളിൽ ജാഗ്രത വളർത്തുകയും ലക്ഷ്യത്തിലെത്താൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും.
റിസ്ക് വിലയിരുത്തുക
നിങ്ങളുടെ റിസ്കിനെ വിലയിരുത്തി അതിന് അനുസരിച്ച് ആയിരിക്കണം നിക്ഷേപം നടത്തേണ്ടത്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ടി ഇഷ്ടമുള്ള നിക്ഷേപ മാർഗ്ഗങ്ങളൊന്നും തിരഞ്ഞെടുക്കരുത്. നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ എത്രത്തോളം റിസ്ക് എടുക്കണമെന്നത് റിസ്ക് പ്രൊഫൈലിംഗിലൂടെ അറിയാൻ സാധിക്കും. അതിനു ശേഷം നിക്ഷേപം നടത്തുക.
നിക്ഷേപ വൈവിധ്യവത്കരണം
നിങ്ങളുടെ സമ്പാദ്യമെല്ലാം ഒരിടത്ത് തന്നെ നിക്ഷേപിക്കാതെ വിവിധ നിക്ഷേപ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് മ്യൂച്വൽ ഫണ്ട്, റിയൽ എസ്റ്റേറ്റ്, ഗോൾഡ് തുടങ്ങി വിവിധ സ്ഥലങ്ങളിലായി നിക്ഷേപിക്കുക. കൂടാതെ നികുതി ഇളവുകൾ ലഭിക്കുന്ന പദ്ധതികളിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. നിക്ഷേപിക്കുന്ന തുകയ്ക്കും റിട്ടേണും നികുതി ഇളവുകൾ ലഭിക്കുന്ന നിരവധി പദ്ധതികളുണ്ട്. എന്നാൽ നികുതി ഇളവുകൾ മാത്രമായിരിക്കരുത് ഒരു നിക്ഷേപ മാർഗ്ഗം തിരഞ്ഞെടുക്കുന്നതിലെ പ്രധാന ഘടകം.
അനാവശ്യ ചെലവുകൾ ഒഴിവാക്കുക
അനാവശ്യ ചിലവുകൾ കണ്ടെത്തുക. നിങ്ങൾ ഉപയോഗിക്കുന്നില്ലാത്ത ബാങ്ക് അക്കൌണ്ടുകൾ, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ, ലോക്കർ സൌകര്യങ്ങൾ എന്നിവ ഒഴിവാക്കുക. കാരണം മിനിമം ബാലൻസ്, പുതുക്കുന്നതിനുള്ള ഫീസ്, വാർഷിക ഫീസ് തുടങ്ങി നിരവധി ചാർജുകൾ നിങ്ങൾ നൽകേണ്ടി വന്നേക്കാം. ഇത് നിങ്ങൾക്ക് അനാവശ്യ ചിലവുകൾ ഉണ്ടാക്കും.
നിങ്ങളുടെ നിലവിലുള്ള വായ്പകൾ അവലോകനം ചെയ്യുക. കഴിയുന്നതും നേരത്തെ തന്നെ ഈ വായ്പകൾ തീർക്കാൻ ശ്രമിക്കുക. കാരണം വായ്പകൾ തീർക്കാൻ താമസിച്ചാൽ നിങ്ങൾ പലിശയായി ഒരു വലിയ തുക തന്നെ നൽകേണ്ടിവരും. ചിലപ്പോൾ നിങ്ങളുടെ നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന റിട്ടേണിനെക്കാളും അധികമായിരിക്കും നിങ്ങൾ നൽകേണ്ടിവരുന്ന പലിശ.
ഫിനാൻഷ്യൽ പ്ലാൻ പുനരവലോകനം ചെയ്യുക
നിങ്ങളുടെ ഫിനാൻഷ്യൽ പ്ലാൻ ഇടയ്ക്കിടക്ക് അവലോകനം ചെയ്യുക. നിങ്ങൾ നടത്തിയ നിക്ഷേപങ്ങളും നിരീക്ഷിക്കേണ്ടത് വളരെയധികം ആവശ്യമാണ്. ഇത് നഷ്ടസാദ്ധ്യത കുറയ്ക്കാൻ സഹായിക്കും. ആവശ്യമെങ്കിൽ നിങ്ങളുടെ പ്ലാനിൽ മാറ്റങ്ങളും വരുത്താം. നിങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ സാമ്പത്തിക അച്ചടക്കം പാലിക്കുക, പദ്ധതിയുമായി മുൻപോട്ടു പോകുക.