കൈയിൽ പണമില്ലെങ്കിലും അത്യാവശ്യ സമയങ്ങളിൽ നമുക്ക് ഉപയോഗിക്കാവുന്ന സാമ്പത്തിക ഉപകരണമാണ് Credit Cards . കൂടാതെ റിവാർഡ് പോയിൻറ്റുകൾ, ക്യാഷ് ബാക്ക്, ഡിസ്ക്കൌണ്ട് തുടങ്ങി ആനുകൂല്യങ്ങളും ക്രെഡിറ്റ് കാർഡിലുണ്ട്. എന്നാൽ എല്ലാ ആവശ്യങ്ങൾക്കും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് നല്ലതല്ല. ബുദ്ധിപൂർവ്വം ഉപയോഗിച്ചില്ലെങ്കിൽ ഇത് നിങ്ങളെ വലിയ സാമ്പത്തിക ബാദ്ധ്യതകളിൽ കൊണ്ടുചെന്ന് എത്തിക്കും. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്. അവ ശ്രദ്ധിക്കുന്നത് നിങ്ങളെ കടക്കെണിയിൽ നിന്നും രക്ഷിക്കും.
ക്രെഡിറ്റ് കാർഡ് ബിൽ പേയ്മൻറ്റ് നടത്തേണ്ട ദിവസം എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് മിനിമം തുക എത്രയാണോ അടയ്ക്കേണ്ടത് അതു മാത്രം അടയ്ക്കുക. ബാക്കി തുക പിന്നെയും അടുത്ത മാസത്തേക്ക് മാറ്റി വയ്ക്കും. വീണ്ടും ക്രെഡിറ്റ് കാർഡിൻറ്റെ ഉപയോഗം തുടരുകയും ചെയ്യും. എന്നാൽ ഇത് നിങ്ങൾ ചെയ്യുന്ന വലിയൊരു തെറ്റാണ്. വായ്പകളിൽ ഏറ്റവും പലിശ നിരക്ക് കൂടിയ വായ്പയാണ് ക്രെഡിറ്റ് കാർഡ്. മിനിമം തുക മാത്രം നിങ്ങൾ അടച്ചുകഴിഞ്ഞാൽ ബാക്കി തുകയ്ക്ക് നിങ്ങൾ പലിശ കൊടുക്കേണ്ടിവരും. പിന്നീട് ആ തുക പെരുകും. ഇതു നിങ്ങളെ വലിയ കടബാദ്ധ്യതയിൽ കൊണ്ടുചെന്നെത്തിക്കും. മാത്രമല്ല നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും.
ക്രെഡിറ്റ് കാർഡുകളുടെ ഏറ്റവും വലിയ പ്രത്യേകതയാണ് നിങ്ങൾ നടത്തുന്ന പർച്ചേസുകൾ ഇഎംഐയായി മാറ്റാൻ സാധിക്കുമെന്നത്. എന്നാൽ ഇതും നിങ്ങൾ ചെയ്യുന്ന ഒരു തെറ്റാണ്. അത്യാവശ്യ സമയങ്ങളിൽ മാത്രം ഈ മാർഗ്ഗം സ്വീകരിക്കുക. കാരണം ഇഎംഐകളുടെ എണ്ണം വർദ്ധിക്കുന്നത് നല്ലതല്ല. കഴിയുന്നതും ഇവ ഒഴിവാക്കുക.
സാധാരണയായി എല്ലാവരും വരുത്തുന്ന മറ്റൊരു തെറ്റാണ് പഴയ കാർഡിലെ ബാലൻസ് തുക പുതിയ ക്രെഡിറ്റ് കാർഡിലേക്ക് മാറ്റുക. പലിശ ഒഴിവാക്കുന്നതിനും പുതിയ കാർഡിൻറ്റെ പലിശ രഹിത കാലയളവ് പ്രയോജനപ്പെടുത്തുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നത്. അവശ്യ സന്ദർഭങ്ങളിൽ ചെയ്യാം .എന്നാൽ സ്ഥിരമായി ഇത് തന്നെ ചെയ്യുന്നത് നിങ്ങളുടെ ബാദ്ധ്യത വർദ്ധിപ്പിക്കുകയേ ഉള്ളൂ. നിരവധി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നത് ആണ് നല്ലത് .
കാർഡ് കാർഡ് എടുക്കുമ്പോൾ പലരും വാർഷിക ഫീസ് ഇല്ലാത്ത കാർഡുകൾ തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ ഇത്തരം കാർഡുകളിൽ മെച്ചപ്പെട്ട ആനുകൂല്യങ്ങളോ ഓഫറുകളോ ലഭിക്കാറില്ല. എന്നാൽ വാർഷിക ഫീസ് കൊടുക്കേണ്ടിവരുന്ന ക്രെഡിറ്റ് കാർഡുകളിൽ റിവാർഡ് പോയിൻറ്റ്, ക്യാഷ്ബാക്ക്, ഇൻഷുറൻസ് കവറേജ്, ഡിസ്ക്കൌണ്ട് തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ഉണ്ടായിരിക്കും. കൂടാതെ ഒരു നിശ്ചിത തുകയിൽ കൂടുതൽ ചിലവഴിച്ചാൽ വാർഷിക ഫീസ് ഒഴിവാക്കുന്ന ക്രെഡിറ്റ് കാർഡ് കമ്പനികളുമുണ്ട്. അത് കൊണ്ട് ഫ്രീ എന്നതിന്റെ പേരിൽ ഒരു കാർഡ് തിരഞ്ഞെടുക്കാതിരിക്കുക.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എറ്റിഎം വഴി പണം പിൻവലിക്കാനാകും. എന്നാൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതുപോലെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ഇതിന് അധിക ചാർജ് നൽകേണ്ടി വരും.പിൻവലിക്കൽ ഫീസ് കൂടാതെ തിരിച്ചടക്കുന്നത് വരെ പലിശയും നൽകേണ്ടി വരും. അതുകൊണ്ട് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്നത് ഒഴിവാക്കുക.
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടത് ആവശ്യമാണ്.ലൈഫിൽ സാമ്പത്തിക അച്ചടക്കം ഇല്ലാത്തവർ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തത് ആണ് നല്ലത്.