അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാം എന്നതാണ് ക്രെഡിറ്റ് കാർഡിനെ കൂടുതൽ ജനപ്രീയമാക്കുന്നത്. കൂടാതെ റിവാർഡ് പോയിൻറ്റുകളും ഓഫറുകളുമുണ്ട്. പലിശരഹിത കാലയളവും ക്രെഡിറ്റ് കാർഡിൻറ്റെ മറ്റൊരു നേട്ടമാണ്. എന്നാൽ ക്രെഡിറ്റ് കാർഡിൻറ്റെ അടവുകൾ മുടങ്ങിയാൽ അത് ഭാവിയിൽ വലിയൊരു ബാദ്ധ്യതയാകും. നിലവിലെ കൊവിഡ് പ്രതിസന്ധിയിൽ പലരും ആശ്രയിക്കുന്നത് ക്രെഡിറ്റ് കാർഡിനെയാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും മൂലം തിരിച്ചടവുകൾ മുടങ്ങും. അങ്ങനെ നിങ്ങൾ വലിയ കടക്കെണിയിലാകും. എന്നാൽ ഇന്ന് ഈ കടക്കെണിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ഒരിക്കൽ ഈ ബാദ്ധ്യതയിൽ നിന്ന് സ്വതന്ത്രരായി കഴിഞ്ഞാൽ പിന്നീട് എങ്ങനെ കടം വരുത്താതെയിരിക്കാം എന്നും നോക്കാം.
•ക്രെഡിറ്റ് കാർഡ് ബാദ്ധ്യതയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനു മുൻപ് ക്രെഡിറ്റ് കാർഡ് എങ്ങനെ ശരിയായ രീതിയിൽ ഉപയോഗിക്കാം എന്നാണ് പഠിക്കേണ്ടത്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയർത്തുന്നതിനുള്ള നല്ലൊരു ഉപകരണമാണ് ക്രെഡിറ്റ് കാർഡ്. വലിയൊരു തുക നിങ്ങൾക്ക് ബാദ്ധ്യതയായി ഉണ്ടെങ്കിൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.
•ഒരു ബഡ്ജറ്റ് തയ്യാറാക്കുക. അതിനനുസരിച്ച് മുൻപോട്ടുപോകുക. ആവശ്യമുള്ളവ മാത്രം വാങ്ങുക. അനാവശ്യ ചിലവുകൾ ഒഴിവാക്കുക.
•ക്രെഡിറ്റ് കാർഡ് കുടിശ്ശിക വരാതിരിക്കാൻ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ക്രെഡിറ്റ് കാർഡ് ബില്ലുകൾ മുടക്കം കൂടാതെ തിരിച്ചടയ്ക്കുകയെന്നതാണ്. മുഴുവൻ തുക അടയ്ക്കാതിരിക്കുകയോ ബില്ലുകൾ മുടക്കുകയോ ചെയ്താൽ അതിന് അധിക പലിശ നൽകേണ്ടി വരുമെന്നു മാത്രമല്ല ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും.
•ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്തു തന്നെ തിരിച്ചടയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം നിങ്ങളുടെ ബാങ്ക് വഴി ഓട്ടോ പേ സൌകര്യം ഏർപ്പെടുത്തുകയെന്നതാണ്. അല്ലെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് കമ്പനിയുമായും ചേർന്ന് ഓട്ടോ പേ തിരഞ്ഞെടുക്കാം.
•പലിശ നിരക്കും ക്രെഡിറ്റ് കാർഡ് ബാദ്ധ്യതയും തമ്മിൽ വളരെയധികം ബന്ധമുണ്ട്. അതുകൊണ്ട് നിങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുവാൻ ശ്രമിക്കുക. നിങ്ങൾ ദീർഘനാളായി ഒരു ബാങ്കിൻറ്റെ ഉപഭോക്താവും ബില്ലുകൾ കൃത്യസമയത്ത് തിരിച്ചടയ്ക്കുകയും ചെയ്യുന്ന ഒരാളാണെങ്കിൽ ബാങ്ക് നിങ്ങളുടെ പലിശ നിരക്ക് കുറച്ച് നൽകിയേക്കാം.
•നിങ്ങൾക്ക് ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡ് ബാദ്ധ്യതകൾ ഉണ്ടെങ്കിൽ ആദ്യം പലിശ കൂടുതലുള്ള ക്രെഡിറ്റ് കാർഡിൻറ്റെ ബാദ്ധ്യത തീർക്കുക.
•നിങ്ങൾക്ക് ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ പലിശ കുറഞ്ഞ ക്രെഡിറ്റ് കാർഡിലേക്ക് ബാലൻസ് തുക ട്രാൻസ്ഫർ ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ ഒരു ബാദ്ധ്യതയിൽ നിന്ന് ഒഴിവാകുകയും സാവകാശം ലഭിക്കുകയും ചെയ്യും.
•മുഴുവൻ തുകയും നിങ്ങൾക്ക് ഒരുമിച്ച് തിരിച്ചടയ്ക്കാനാവുന്നില്ലെങ്കിൽ ക്രെഡിറ്റ് കാർഡ് കമ്പനിയുമായി സംസാരിച്ച് നിങ്ങളുടെ സാമ്പത്തിക ശേഷിക്കനുസരിച്ചുള്ള ഇഎംഐയാക്കി മാറ്റുക. പിന്നീട് മുടക്കം വരുത്താതെ എല്ലാ മാസവും ഈ തുക തിരിച്ചടയ്ക്കുക.
•കടം തിരിച്ചടയ്ക്കാൻ മറ്റൊരു മാർഗ്ഗവും നിങ്ങൾക്ക് ഇല്ലെങ്കിൽ ഒരു പേഴ്സണൽ ലോൺ എടുത്തുകൊണ്ട് നിലവിലെ ബാദ്ധ്യത തീർക്കുക. ക്രെഡിറ്റ് കാർഡിൻറ്റെ പലിശ 30-40 ശതമാനം ആണ്. എന്നാൽ വ്യക്തിഗത വായ്പയുടെ പലിശ 9-13 ശതമാനം മാത്രമാണ്.