INVESTMENT

ഡിജിറ്റൽ ഗോൾഡും സോവറിൻ ഗോൾഡ് ബോണ്ടുകളും? ഏതാണ് മികച്ചത് ?

Advertisement

പരമ്പരാഗതമായി സ്വർണ്ണം വാങ്ങിസൂക്ഷിക്കുന്നത് നമ്മുടെ പതിവാണ്. ആഭരണങ്ങളായോ നാണയങ്ങളായോ ഗോൾഡ് ബാറുകളായോ സ്വർണ്ണം വാങ്ങി സൂക്ഷിക്കാം. സ്വർണ്ണം പണയം വയ്ക്കുകയോ വിൽക്കുകയോ ചെയ്യാം. അതുകൊണ്ട് തന്നെ അടിയന്തര സാമ്പത്തിക ആവശ്യങ്ങളിൽ പണം കണ്ടെത്തുന്നതിനുള്ള ഒരു മാർഗ്ഗം കൂടിയാണ് സ്വർണ്ണം. എന്നാൽ സ്വർണ്ണം നിങ്ങൾക്ക് ഡിജിറ്റൽ ഗോൾഡായോ സോവറിൻ ഗോൾഡ് ബോണ്ടുകളായോ വാങ്ങാം. ഈ കൊവിഡ് കാലത്ത് പല വിധത്തിലുള്ള പുതിയ നിക്ഷേപ മാർഗങ്ങളിലേക്ക് ആളുകൾ ചേക്കേറിയിട്ടുണ്ട് .
ഡിജിറ്റൽ ഗോൾഡും സോവറിൻ ഗോൾഡ് ബോണ്ടുകളും ഇപ്പോൾ പുതുതായി നിരവധി ആളുകൾ തിരഞ്ഞെടുക്കുന്നുണ്ട് എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഫിസിക്കൽ സ്വർണ്ണമായാലും ഡിജിറ്റൽ ഗോൾഡായാലും സോവറിൻ ഗോൾഡ് ബോണ്ടുകളായാലും ഇവയ്ക്കെല്ലാം ഗുണങ്ങളും ഉണ്ട് പോരായ്മകളും ഉണ്ട്.

ഫിസിക്കൽ സ്വർണ്ണത്തിൻറ്റെ ഒരു പ്രത്യേകത സ്വർണ്ണം ഇന്ത്യയിൽ മാത്രമല്ല, ലോകത്തെവിടെയും സ്വീകാര്യമാണ്. മാത്രമല്ല നിങ്ങൾക്ക് എത്രമാത്രം സ്വർണ്ണം വേണമെങ്കിലും വാങ്ങുകയും ചെയ്യാം. എന്നാൽ ഫിസിക്കൽ സ്വർണ്ണത്തിൻറ്റെ വലിയൊരു പോരായ്മ അതിനു കൊടുക്കേണ്ടിവരുന്ന പണിക്കൂലിയാണ്. ഡിജിറ്റൽ ഗോൾഡിൻറ്റെയും സോവറിൻ ഗോൾഡ് ബോണ്ടുകളുടെയും ഏറ്റവും വലിയ പ്രത്യേകത പണിക്കൂലി ഇല്ല എന്നതും ഇവ സ്വർണ്ണത്തെക്കാളും കൂടുതൽ എളുപ്പത്തിൽ സുരക്ഷതമായി സൂക്ഷിച്ചു വെക്കാം എന്നതുമാണ്.

സോവറിൻ ഗോൾഡ് ബോണ്ട്

• കേന്ദ്ര സർക്കാരിനുവേണ്ടി റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പിലാക്കുന്ന നിക്ഷേപ പദ്ധതിയാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീം അഥവാ എസ്ജിബി.
• ഡിമാറ്റ് അക്കൌണ്ടിലൂടെയോ ഓൺലൈൻ ബാങ്കിംഗ് വഴിയോ ഈ പദ്ധതിയിൽ നിക്ഷേപിക്കാം.
• എട്ടു വർഷമാണ് സോവറിൻ ഗോൾഡ് ബോണ്ടുകളുടെ കാലാവധി. എങ്കിലും നിക്ഷേപകനു ആവശ്യമാണെങ്കിൽ അഞ്ചു വർഷത്തിനു ശേഷം നിക്ഷേപം പിൻവലിക്കാം.
• ഒരു ഗ്രാം സ്വർണ്ണം മുതൽ നാലു കിലോഗ്രാം സ്വർണ്ണം വരെ വാങ്ങിക്കാം.
• ഭൌതിക സ്വർണ്ണം പോലെ എസ്ജിബികൾ സൂക്ഷിച്ചു വയ്ക്കാൻ ബുദ്ധിമുട്ടില്ല. അകുകൊണ്ട് കൂടുതൽ സുരക്ഷിതവുമാണ് എസ്ജിബി.
• എസ്ജിബിയുടെ മറ്റൊരു പ്രത്യേകത ഇവ വായ്പകൾക്ക് ഈടായി നൽകാമെന്നതാണ്.
• എസ്ജിബി വഴി വാങ്ങുന്ന സ്വർണ്ണത്തിന് ജിഎസ്ടിയും മറ്റു ചാർജുകളും നൽകേണ്ടതില്ല
• സോവറിൻ ഗോൾഡ് ബോണ്ടുകളുടെ പലിശ നിരക്ക് പ്രതിവർഷം 2.5 ശതമാനം വരെയാണ്. വർഷത്തിൽ രണ്ട് തവണയായി പലിശ ലഭിക്കും.
• നിക്ഷേപ തുകക്കും പലിശക്കും നികുതി അടയ്ക്കേണ്ടതില്ല എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത.
• എസ്ജിബികൾ പെട്ടെന്ന് പിൻവലിക്കാൻ സാധിക്കില്ല എന്നതുകൊണ്ട് അടിയന്തര സാമ്പത്തിക ആവശ്യങ്ങളിൽ ഇവ ഉപയോഗിക്കാൻ സാധിക്കില്ല.

ഡിജിറ്റൽ ഗോൾഡ്

• ഫിസിക്കൽ സ്വർണ്ണം പോലെ തന്നെ ഗുണമേന്മയുള്ള സ്വർണ്ണം ഡിജിറ്റൽ ഗോൾഡിലും വാങ്ങിക്കാം.
• ഫിസിക്കൽ സ്വർണ്ണത്തെപ്പോലെ സംഭരണത്തിൻറ്റെയും സുരക്ഷയുടെയും പ്രശ്നങ്ങൾ ഡിജിറ്റൽ ഗോൾഡിലില്ല.
• ഓഗ്മോണ്ട്, എംഎംറ്റിസി – പിഎഎംപി, സേഫ്ഗോൾഡ് എന്നീ മുന്നു കമ്പനികളാണ് നിലവിൽ ഇന്ത്യയിൽ ഡിജിറ്റൽ ഗോൾഡുകൾ നൽകുന്നത്.
• ഒന്നിലധികം പ്ലാറ്റ്ഫോമുകളിൽ നിന്ന് ചെറിയ യൂണിറ്റുകൾ മുതൽ ഡിജിറ്റൽ ഗോൾഡ് വാങ്ങാം. എങ്കിലും പരാമാവധി രണ്ട് ലക്ഷം രൂപയുടെ വരെ സ്വർണ്ണമാണ് വാങ്ങാൻ കഴിയുന്നത്.
• ഒരു നിശ്ചിത കാലയളവിനു ശേഷം മാത്രമേ ഡിജിറ്റൽ ഗോൾഡ് ഫിസിക്കൽ സ്വർണ്ണമാക്കി മാറ്റാൻ കഴിയൂ. ഓരോ കമ്പനിക്കും ഇത് സംബന്ധിച്ച് നിബന്ധനകൾ ഉണ്ട്.
• അടിയന്തര സാമ്പത്തിക ആവശ്യങ്ങളിൽ ഡിജിറ്റൽ ഗോൾഡ് വിൽക്കാൻ സാധിക്കും എന്നത് ഇവയെ കൂടുതൽ ജനപ്രീയമാക്കുന്നു.
• ഡിജിറ്റൽ ഗോൾഡിന് ജിഎസ്ടിയും മറ്റു ചാർജുകളും നൽകേണ്ടതുണ്ട്. എന്നാൽ സോവറിൻ ഗോൾഡ് ബോണ്ടുകൾക്ക് ഇവ നൽകേണ്ടതില്ല.

Advertisement