ബിഎസ്എന്‍എലിന്റെ 4ജി ടെണ്ടറിന്റെ നിബന്ധനകള്‍ തീരുമാനിക്കാന്‍ രൂപീകരിച്ച സമിതി ഇന്ത്യൻ ഉടമസ്ഥതയിലുള്ള 4 ജി കോറുകൾ മാത്രം ഉപയോഗിക്കാൻ ഭാരത് സഞ്ചാർ നിഗത്തിന് (ബിഎസ്എൻഎൽ) നിർദ്ദേശം നൽകി. ബിഎസ്എന്‍എല്ലിന്‍റെ ഭാഗത്ത് നിന്നും ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ നയം ലംഘിച്ചുവെന്ന് കാണിച്ച് പരാതികൾ വന്നിരുന്നു. ഇതേതുടർന്ന് മുമ്പുണ്ടായിരുന്ന ടെണ്ടർ റദ്ദാക്കിയതിനുശേഷമാണ് ഈ അറിയിപ്പ്. ഇന്ത്യയിലെ നിർമ്മാതാക്കളെ വെച്ച് മാത്രം സംവിധാനം ഒരുക്കിയാൽ മതിയെന്നാണ് സമിതിയുടെ നിർദ്ദേശം.
ആഭ്യന്തര ടെലികോം ഗിയർ നിർമാതാക്കളായ തേജസ് നെറ്റ്‌വർക്ക്, ടെക് മഹീന്ദ്ര, സി-ഡോട്ട്, വിഎൻഎൽ, എച്ച്എഫ്‌സിഎൽ എന്നീ കമ്പനികൾക്ക് ഇതൊരു പ്രചോദനമാവും. എന്നാൽ നേരത്തെ ബിഎസ്എൻഎൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിരുന്ന എറിക്സൺ, നോക്കിയ തുടങ്ങിയ വിദേശകമ്പനികൾക്ക് ഇത് വലിയൊരു തിരിച്ചടിയാണ്. ടെണ്ടര്‍ റദ്ദാക്കിയതിലൂടെ രാജ്യത്ത് 4ജി സേവനം നല്‍കാന്‍ ഇനിയും ആറുമാസത്തോളം സമയം ആവശ്യം വരും. ഇതിനു സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന ബിഎസ്എൻഎല്ലിന്റെ വാദം സമിതി നിരസിച്ചു. പുതിയ സാഹചര്യത്തിൽ ഇന്ത്യയിൽ നിർമിച്ച ഉത്പന്നമെന്നതിന് നിർവചനംനൽകണമെന്നും ബിഎസ്എൻഎൽ ആവശ്യപ്പെട്ടിട്ടുണ്ട്.