സ്വർണ്ണം ഒരു നിക്ഷേപം മാത്രമല്ല, അടിയന്തര സാമ്പത്തിക ആവശ്യങ്ങളിൽ പണം കണ്ടെത്തുന്നതിനുള്ള ഒരു മാർഗവും കൂടിയാണ്. പണ്ട് കാലം മുതലേ സ്വർണ്ണം വാങ്ങി സൂക്ഷിക്കുന്നത് നമ്മുടെ പതിവാണ്. അതുകൊണ്ട് പെട്ടെന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നാൽ നമുക്ക് ഈ സ്വർണ്ണം ഈടായി നൽകിക്കൊണ്ട് സ്വർണ്ണ വായ്പയെടുക്കാം. എന്നാൽ സ്വർണ്ണവായ്പ എടുക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് പലിശ നിരക്ക്. ഇന്ന് ഒട്ടേറെ ധനകാര്യസ്ഥാപനങ്ങളും ബാങ്കുകളും സ്വർണ്ണ വായ്പകൾ നൽകുന്നുണ്ട്. എന്നാൽ ഓരോ ധനകാര്യസ്ഥാപനത്തിനും അവരുടെ വ്യവസ്ഥകളിലും പലിശ നിരക്കിലും വ്യത്യാസമുണ്ട്. അതിനാൽ ഇക്കാര്യങ്ങൾ പരിശോധിച്ചതിനു ശേഷം വേണം സ്വർണ്ണ വായ്പയെടുക്കാൻ.
നിങ്ങൾക്ക് സ്വർണ്ണാഭരണങ്ങളോ സ്വർണ്ണ നാണയങ്ങളോ ഈടായി നൽകിക്കൊണ്ട് വായ്പ എടുക്കാം. എന്നാൽ 18 മുതൽ 24 കാരറ്റ് വരെയുള്ള സ്വർണ്ണം മാത്രമേ ഈടായി സ്വീകരിക്കൂ. സ്വർണ്ണത്തിൻറ്റെ വിലയും ഗുണമേന്മയും അടിസ്ഥാനമാക്കിയാണ് വായ്പ തുക നിശ്ചയിക്കുന്നത്. സാധാരണ സ്വർണ്ണത്തിൻറ്റെ വിലയുടെ 75 ശതമാനം വരെ ബാങ്കുകൾ വായ്പയായി നൽകാറുണ്ട്. വായ്പാ തുകയ്ക്ക് ഒരു നിശ്ചിത പലിശ നിരക്കും ഉണ്ടായിരിക്കും. വായ്പയെടുത്ത തുക മുഴുവൻ തിരിച്ചടച്ചു കഴിയുമ്പോൾ ഈടായി നൽകിയ സ്വർണ്ണം ബാങ്ക് തിരികെ നൽകും. 7 ശതമാനം മുതലാണ് സ്വർണ്ണ വായ്പകളുടെ പലിശ നിരക്ക്. മറ്റു വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വർണ്ണ വായ്പയുടെ പലിശ നിരക്ക് വളരെ കുറവാണ്. മാത്രമല്ല, ചുരുങ്ങിയ സമയത്തിനുള്ളിൽ നിങ്ങൾക്ക് വായ്പ ലഭിക്കുകയും ചെയ്യും. മറ്റു വായ്പകൾ പോലെ വായ്പ തുക ഏത് ആവശ്യത്തിനാണ് വിനിയോഗിക്കുന്നത് എന്ന് കാണിക്കേണ്ട ആവശ്യവുമില്ല.
സ്വർണ്ണ വായ്പ എടുക്കുന്നതിനു വേണ്ട രേഖകൾ
വായ്പ എടുക്കുന്നതിന് വളരെ കുറച്ചു രേഖകൾ മാത്രം മതി എന്നതും സ്വർണ്ണ വായ്പയുടെ പ്രത്യേകതയാണ്. 18 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് വായ്പ എടുക്കാം. സ്വർണ്ണ വായ്പക്ക് ആവശ്യമായ രേഖകൾ ഇവയാണ് :
• തിരിച്ചറിയുന്നതിനുള്ള രേഖ : ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് തുടങ്ങിയവ തെളിവായി നൽകാം.
• മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖ : ആധാർ കാർഡ്, പാസ്പോർട്ട്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, യൂട്ടിലിറ്റി ബില്ലുകൾ തുടങ്ങിയവ നൽകാം.
• ഫോട്ടോ
ഓരോ ബാങ്കും വ്യത്യസ്ത പലിശ നിരക്കുകളിലാണ് സ്വർണ്ണ വായ്പ നൽകുന്നത്. അതുകൊണ്ട് വായ്പ എടുക്കുന്നതിനു മുമ്പ് കുറഞ്ഞ പലിശയും പ്രൊസസിംഗ് ഫീസും ഈടാക്കുന്ന ഒരു ബാങ്ക് വേണം തിരഞ്ഞെടുക്കാൻ. ഇപ്പോൾ ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണ വായ്പ നൽകുന്ന ബാങ്കുകൾ ഇവയാണ്.