2015 ൽ ഇന്ത്യയിൽ മൂന്ന് സ്വർണ്ണ നിക്ഷേപ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. ഇന്ത്യൻ ഗോൾഡ് കോയിൻ സ്കീം (ഐജിസി), ഗോൾഡ് സോവറിൻ ബോണ്ട് (ജിഎസ്ബി), ഗോൾഡ് മോണിറ്റൈസേഷൻ സ്കീം (ഇഎംഎസ്) എന്നിവയാണ് പദ്ധതികൾ.
ഇന്ത്യൻ ഗോൾഡ് കോയിൻ സ്കീം
ഒരു വശത്ത് അശോക ചക്രവും മറുവശത്ത് മഹാത്മഗാന്ധിയുടെ ചിത്രവുമാണ് ആലേഖനം ചെയ്തിരിക്കുന്നത്. 24 കാരറ്റ് ബിഐഎസ് ഹോൾമാർക്ക് സ്വർണ്ണം ഉപയോഗിച്ചാണ് നാണയം നിർമ്മിച്ചിരിക്കുന്നത്. കൃത്രിമം ഒഴിവാക്കാൻ ടാംപർ പ്രൂഫ് പാക്കേജിങ്ങും ഉണ്ട്. ഈ നാണയങ്ങളുടെ വില നിശ്ചയിക്കുന്നത് എംഎംടിസി (മെറ്റൽസ് ആൻഡ് മിനറൽസ് ട്രേഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) ആണ്. 5 ഗ്രാം, 10 ഗ്രാം, 20 ഗ്രാം എന്നിങ്ങനെയാണ് നാണയങ്ങൾ വാങ്ങാൻ കഴിയുക. എംഎംടിസി സെൻറ്ററുകളിൽ നിന്ന് നാണയങ്ങൾ വാങ്ങാൻ സാധിക്കും. ഗോൾഡ് കോയിനുകൾ എളുപ്പത്തിൽ പണമാക്കി മാറ്റാം എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ഗുണം.
ഗോൾഡ് സോവറിൻ ബോണ്ട്
സ്വർണ്ണത്തിൽ ദീർഘകാലം നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ പദ്ധതിയാണ് ഗോൾഡ് സോവറിൻ ബോണ്ട് സ്കീം. ഒരു ഗ്രാം സ്വർണ്ണത്തിൻറ്റെ മൂല്യത്തിലാണ് ബോണ്ടുകൾ പുറത്തിറക്കുന്നത്. അതിൻറ്റെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. പരമാവധി 500 ഗ്രാം വരെ നിക്ഷേപിക്കാം. ഏറ്റവും കുറഞ്ഞത് 2 ഗ്രാം ആണ്. 8 വർഷമാണ് കാലാവധി. നിബന്ധനകൾക്ക് വിധേയമായി 5 വർഷം മുതൽ വിൽക്കാം. ബോണ്ടുകൾക്ക് നിശ്ചിത നിരക്കിൽ പലിശയും ലഭിക്കും. വ്യക്തികൾക്കും ഒന്നിൽ കൂടുതൽ ആളുകൾക്ക് ജോയിൻറ്റായും നിക്ഷേപം നടത്താനാകും. ബാങ്കുകൾ, സ്റ്റോക് ഹോൾഡിഗ് കോർപ്പറേഷൻ, പോസ്റ്റ് ഓഫീസ്, സ്റ്റോക് എക്സേഞ്ചുകൾ എന്നിവ വഴി ബോണ്ടുകൾ വാങ്ങാൻ സാധിക്കും. ബോണ്ടുകൾ ഡിജിറ്റൽ & പേപ്പർ രൂപത്തിലും ലഭ്യമാണ്. വായ്പകൾക്ക് ഈടായും ഈ ബോണ്ടുകൾ നൽകാനാകും.
ഗോൾഡ് മോണിറ്റൈസേഷൻ സ്കീം
സ്വർണ്ണ നിക്ഷേപത്തിലൂടെ വരുമാനം ഉണ്ടാക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഗോൾഡ് മോണിറ്റൈസേഷൻ സ്കീം. ഗോൾഡ് ബാറുകൾ ആയോ സ്വർണ്ണ നാണയങ്ങളായോ ആഭരണങ്ങളായോ നിക്ഷേപിക്കാം. ഏറ്റവും കുറഞ്ഞത് 30 ഗ്രാം സ്വർണ്ണമാണ് നിക്ഷേപിക്കേണ്ടത്. പരമാവധി നിക്ഷേപത്തിനു പരിധി ഇല്ല. പദ്ധതി അനുസരിച്ച് വിവിധ കാലയളവിലേക്ക് നിക്ഷേപം നടത്താം. ദീർഘകാലത്തേക്കാണ് നിക്ഷേപിക്കുന്നതെങ്കിൽ നിക്ഷേപിച്ച സ്വർണ്ണത്തിൻറ്റെ മൂല്യത്തിനു അനുസരിച്ചുള്ള തുകയും പലിശയും ലഭിക്കും. 1 വർഷം മുതൽ 3 വർഷം വരെ നിക്ഷേപിക്കുന്നതിനു 0.5 % മുതൽ 0.60 % വരെയാണ് പലിശ. 5 വർഷം മുതൽ 7 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.20 ശതമാനവും 15 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനവുമാണ് പലിശ ലഭിക്കുന്നത്. നിക്ഷേപത്തിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഹ്രസ്വകാല നിക്ഷേപമാണെങ്കിൽ ഒരു വർഷവും മധ്യകാല നിക്ഷേപം ആണെങ്കിൽ മൂന്നു വർഷവും ദീർഘകാല നിക്ഷേപമാണെങ്കിൽ അഞ്ചു വർഷവും ലോക്ക് ഇൻ പീരിഡ് ഉണ്ടായിരിക്കും.