2021 ഫെബ്രുവരി 1നു അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഭവന വായ്പ എടുത്തവർക്ക് ധാരാളം നികുതി ഇളവുകളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ചിലവ് കുറഞ്ഞ വീടുകൾ വാങ്ങുന്നതിനായുള്ള ഭവന വായ്പയ്ക്ക് അടച്ച പലിശയിൽ 1.5 ലക്ഷം രൂപ വരെയുള്ള അധിക നികുതി ഇളവ് ഒരു വർഷത്തേക്കുകൂടി ദീർഘിപ്പിച്ചിട്ടുണ്ട്. അതിനാൽ ഭവന വായ്പ എടുത്തവർക്ക് 2022 മാർച്ച് 31 വരെ ഈ ഇളവ് പ്രയോജനപ്പെടുത്താം. ഒപ്പം കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടിയുള്ള വാടകവീടുകളുടെ വിതരണ പദ്ധതികൾക്കായും നികുതിയിളവുകൾ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻകം ടാക്സ് ആക്ട് സെക്ഷൻ 24 പ്രകാരമാണ് ഈ നികുതിയിളവുകൾ നിങ്ങൾക്ക് ലഭിക്കുന്നത്.ഭവന വായ്പ എടുത്തവർക്ക് ലഭിക്കുന്ന 4 നികുതിയിളവുകൾ ഏതൊക്കെയാണെന്ന് നോക്കാം.
1. സുഹൃത്തുക്കളിൽ നിന്നോ,തൊഴിലുടമകളിൽ നിന്നോ,സ്വകാര്യ വായ്പാദാതാക്കളിൽ നിന്നോ എടുക്കുന്ന വായ്പകൾക്ക് പലിശയിന്മേൽ നികുതിയിളവ് ലഭിക്കും.വായ്പ നൽക്കിയ വ്യക്തിയിൽ നിന്നും ലഭിക്കുന്ന പ്രത്യേക സർട്ടിഫിക്കേറ്റിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഇളവുകൾ ലഭിക്കുന്നത്.
2. ആദായനികുതി നിയമപ്രകാരം നിർമ്മാണത്തിലിരിക്കുന്ന അപ്പാർട്ട്മെൻറ്റുകൾ ആദ്യമേ ബുക്ക് ചെയ്യുന്നവർക്കും പലിശയിൽ ഇളവുകൾ ലഭിക്കുന്നതാണ്.അടച്ച പലിശ ക്ലെയിം ചെയ്യാൻ വ്യക്തികൾക്ക് അവകാശമുണ്ട്.പ്രതിവർഷം 2 ലക്ഷം രൂപവരെ ക്ലെയിം ചെയ്യാൻ സാധിക്കും.ബുക്കിംങ് നടത്തിയ സാമ്പത്തികവർഷം അടിസ്ഥാനപ്പെടുത്തി 5 തുല്യ ഗഡുക്കളായാകും ഇളവ് ക്രമപ്പെടുത്തുക.
3. പങ്കാളിതത്തിൽ അപ്പാർട്ട്മെൻറ്റുകൾ വാങ്ങുന്നവർക്കും നികുതിയിളവുകൾ ലഭിക്കും.രണ്ട് പേർക്കും 2 ലക്ഷം രൂപവരെ പലിശയിളവും,1.5 ലക്ഷം രൂപവരെ വായ്പ തുകയിന്മേലും ഇളവുകൾ ലഭിക്കുന്നതാണ്.ഇതുകൂടാതെ നിങ്ങൾക്ക് ജോലി ചെയ്യുന്ന മകനോ,മകളോ ഉണ്ടെങ്കിൽ മൂന്നായി വായ്പ വിഭജിക്കാൻ സാധിക്കും.ഈ അവസരത്തിൽ മൂന്ന് പേർക്കും 2 ലക്ഷം രൂപവരെ പലിശയിൽ ഇളവ് നേടാനാകും.
4. രണ്ട് വീടുള്ളവർക്കും നികുതിയിളവുകൾ നേടാം.മറ്റൊരു വസ്തു വാങ്ങുന്നതിന് നിങ്ങൾ രണ്ടാമത്തെ ഹോം ലോൺ എടുക്കുകയാണെങ്കിൽ അടയ്ക്കേണ്ട പലിശക്ക് നികുതി ആനുകൂല്യങ്ങൾ ലഭ്യമാണ്.രണ്ടാമത്തെ വീട്ടിൽ വാടകക്കാരെ കിട്ടുന്നതുവരെ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതായി കാണിച്ച് നികുതി ലാഭിക്കാം.മൂന്നാമതൊരു വീട് കൂടിയുള്ളവർക്ക് ഈ ആനുകൂല്യം ലഭ്യമല്ല.അവർ വീട്ടിൽ വാടകകാർ ഇല്ലെങ്കിലും മാർക്കറ്റ് വിലയനുസരിച്ച് നികുതിയടക്കണം.