മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ദിക്കേണ്ടതുണ്ട്. പ്രതീക്ഷിക്കുന്ന റിട്ടേൺ, റിസ്ക്, നിക്ഷേപിക്കാൻ തയ്യാറാവുന്ന കാലാവധി എന്നിവയും എക്സ്പെൻസ് Ratio , മുൻ വർഷങ്ങളിലെ പ്രകടനം, ഫണ്ട് മാനേജ്മെൻറ്റ് എന്നീ കാര്യങ്ങളെ മുൻനിർത്തി ആവണം ഒരു ഫണ്ട് തിരഞ്ഞെടുക്കുവാൻ.How To Choose Mutual Fund ?
നിങ്ങൾ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നതിനു മുമ്പ് നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന തുക, കാലാവധി, നിങ്ങൾ പ്രതീക്ഷിക്കുന്ന റിട്ടേൺ, എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. അതുപോലെതന്നെ നിങ്ങൾക്ക് ഒരു നിക്ഷേപ ലക്ഷ്യവും ഉണ്ടായിരിക്കണം. നിങ്ങളുടെ ലക്ഷ്യത്തെ ഹ്രസ്വകാലമോ ദീർഘകാലമോ ആയി തരംതിരിക്കാം. ഉദാഹരണത്തിന് ഹൌസിങ് ലോൺ അടയ്ക്കുക, വീട്ടുപകരണങ്ങൾ വാങ്ങിക്കുക, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, റിട്ടയർമെൻറ്റ് ഫണ്ട്. വ്യക്തമായ ഒരു ലക്ഷ്യം നിങ്ങൾക്കില്ലെങ്കിൽ നിക്ഷേപം പിൻവലിക്കാനോ പിന്തിരിയുവാനോ ഉള്ള സാദ്ധ്യതകൾ ഉണ്ട്.
ഒരു നിക്ഷേപം നടത്തുമ്പോൾ നമ്മൾ ഏറ്റവും ആദ്യം പരിഗണിക്കേണ്ട ഒരു കാര്യം നിക്ഷേപത്തിലെ അപകടസാദ്ധ്യത അഥവാ റിസ്ക് ആണ്. ഉദാഹരണത്തിന് ഇക്യുറ്റി മ്യൂച്വൽ ഫണ്ടുകളാണെങ്കിൽ റിസ്ക് കൂടുതലാണെങ്കിലും ഇതിന് മറ്റു ഫണ്ടുകളെ അപേക്ഷിച്ച് ഉയർന്ന റിട്ടേൺ ഉണ്ടാകും. ഡെബ്റ്റ് മ്യൂച്ചൽ ഫണ്ടുകളാണെങ്കിൽ റിസ്ക് കുറവാണ്. എന്നാൽ ഇതിൻറ്റെ റിട്ടേൺ ഇക്യുറ്റി മ്യൂച്വൽ ഫണ്ടുകളെക്കാൾ കുറവായിരിക്കും.
നിക്ഷേപം നടത്തുന്നതിനുമ്പ് നിക്ഷേപം എപ്പോൾ പിൻവലിക്കണമെന്നും തീരുമാനിക്കണം. നിങ്ങൾക്ക് പണത്തിന് ഉടനെ ആവശ്യമുണ്ടെങ്കിൽ ഹൈ ലിക്യുഡിറ്റിയുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കണം. ഹ്രസ്വകാലത്തേക്കാണ് നിക്ഷേപിക്കുന്നതെങ്കിൽ ഇക്യുറ്റി മ്യൂച്ചൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നത് ഉചിതമല്ല. ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ തയ്യാറാകുന്നവർക്കാണ് ഇക്യുറ്റി മ്യൂച്ചൽ ഫണ്ടുകൾ ഉചിതം.
ഒരു നിക്ഷേപം നടത്തികഴിഞ്ഞാൽ അതു ലാഭമാണോ നഷ്ടമാണോ എന്നു പരിശോധിക്കണം. 1 വർഷം കൊണ്ടോ 2 വർഷം കൊണ്ടോ ഇത് മനസ്സിലാക്കാനാവില്ല. അതിനു 5 വർഷം മുതൽ 10 വർഷം വരെ കാത്തിരിക്കേണ്ടി വരും. എന്നിട്ടും നിങ്ങൾ പ്രതീക്ഷിക്കുന്ന റിട്ടേൺ ലഭിക്കുന്നില്ലെങ്കിൽ ഇത് ഒരു നല്ല നിക്ഷേപമല്ല. നിക്ഷേപത്തിനൊരുങ്ങുമ്പോൾ ഫണ്ട് മാനേജ്മെൻറ്റ് ടീമിൻറ്റെ പ്രകടനവും പരിചയസമ്പന്നതയും പരിഗണിക്കണം.
ഫണ്ട് മാനേജ്മെൻറ്റ് ടീം നിക്ഷേപകരിൽ നിന്നും വാങ്ങുന്ന ഫീസിനെയാണ് ചിലവ് അനുപാതം എന്ന് പറയുന്നത്. കുറഞ്ഞ ചിലവ് അനുപാതമുള്ള നിക്ഷേപങ്ങൾ വേണം തിരഞ്ഞെടുക്കാൻ.
മ്യൂച്വൽ ഫണ്ട് സ്കീമിൽ നിക്ഷേപം തുടങ്ങുന്നതിനു നിക്ഷേപകരിൽ നിന്നും ഈടാക്കുന്ന ഫീസാണ് എൻട്രി ലോഡ്. എന്നാൽ മ്യൂച്വൽ ഫണ്ട് സ്കീമിൽ നിന്നും നിക്ഷേപം പിൻവലിക്കുന്നതിനു ഈടാക്കുന്ന ഫീസാണ് എക്സിറ്റ് ലോഡ്. എൻട്രി ലോഡ് ഇപ്പോൾ മിക്ക മ്യൂച്വൽ ഫണ്ട് ഹൌസുകളും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ എക്സിറ്റ് ലോഡ് ഇതുവരെയും നീക്കം ചെയ്തിട്ടില്ല. ഒരു നിശ്ചിത സമയപരിധിക്കു മുമ്പ് നിക്ഷേപം പിൻവലിച്ചാൽ മാത്രമേ എക്സിറ്റ് ലോഡ് ചുമത്തൂ എന്നുണ്ടെങ്കിലും ചില വ്യവസ്ഥകൾ ഉണ്ട്. അതുകൊണ്ട് സീറോ അല്ലെങ്കിൽ കുറഞ്ഞ എക്സിറ്റ് ഫീസുള്ള മ്യൂച്വൽ ഫണ്ട് ഹൌസുകൾ തിരഞ്ഞെടുക്കണം.
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ പരിഗണിക്കേണ്ട ഒന്നാണ് നികുതി. ഇക്യുറ്റി മ്യൂച്വൽ ഫണ്ടുകൾ റെഡീം ചെയ്യുമ്പോൾ നിക്ഷേപം നടത്തിയ കാലാവധിക്കനുസരിച്ച് നികുതി നൽകണം. ദീർഘകാല നിക്ഷേപമാണെങ്കിൽ 12 മാസമോ അതിൽ കൂടുതലോ കാലാവധിയായ നിക്ഷേപങ്ങൾക്ക് 10 % നികുതി നൽകണം. ഇനി ഹ്രസ്വകാല നിക്ഷേപമാണെങ്കിൽ 12 മാസത്തിൽ കൈവശമിരുന്ന നിക്ഷേപങ്ങൾക്ക് 15 % നികുതി നൽകണം.
Tag : Investment