സാധാരണ ഒരു ബാങ്കിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്പ എടുക്കുമ്പോൾ ഒരുപാടു നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. മാത്രമല്ല നിരവധി രേഖകളും സമർപ്പിക്കണം. കാലതാമസവും എടുക്കും. ഈ ബുദ്ധിമുട്ടാണ് മൊബൈൽ വായ്പ ആപ്പുകളുടെ വളർച്ചയ്ക്കു കാരണം. ഇന്ന് ഇരുനൂറിലധികം വായ്പ ആപ്പുകളാണ് ഇത്തരത്തിൽ ഉള്ളത്. നിരവധി പേരാണ് ഈ മൊബൈൽ ആപ്പുകൾ വഴി വായ്പ എടുക്കുന്നതും.
ആപ്പ് ഡൌൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ വായ്പക്ക് അപേക്ഷ നൽകാം. വലിയ താമസമൊന്നും ഇല്ലാതെ തന്നെ ഉടൻ തന്നെ വായ്പ ലഭിക്കുകയും ചെയ്യും. ആയിരം രൂപ മുതൽ പത്തു ലക്ഷം രൂപ വരെ ഇത്തരത്തിൽ വായ്പ നൽകുന്ന ആപ്പുകൾ ഉണ്ട്. അഞ്ചു ശതമാനം
വരെയാണ് പ്രതിമാസ പലിശ നിരക്ക്.
വളരെ കുറച്ചു രേഖകൾ മാത്രം മതി ഇത്തരത്തിൽ ആപ്പുകൾ വഴി വായ്പ എടുക്കുന്നതിന്. രേഖകൾ നേരിട്ട് ഹാജരാക്കേണ്ട ആവശ്യവുമില്ല. സോഫ്റ്റ് കോപ്പി മാത്രം മതിയാകും. ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങി അപേക്ഷകനെ തിരിച്ചറിയുന്നതിനുള്ള കുറച്ചു രേഖകൾ മാത്രം മതി വായ്പ ലഭിക്കുന്നതിന്. അപേക്ഷ നൽകി മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ വായ്പ തുക ലഭിക്കുന്നതാണ്. വായ്പ തുക അപേക്ഷകൻറ്റെ അക്കൌണ്ടിലേക്കോ അല്ലെങ്കിൽ മൊബൈൽ വാലറ്റിലേക്കോ എത്തും.
മൂന്നു മാസം മുതൽ അഞ്ച് വർഷം വരെ ആണ് വായ്പകളുടെ തിരിച്ചടവ് കാലാവധി. വായ്പ തുകയ്ക്ക് അനുസരിച്ചാണ് കാലാവധിയും നൽകുന്നത്. ചെറിയ തുകയാണ് വായ്പ എടുത്തത് എങ്കിൽ തിരിച്ചടവ് കാലാവധിയും കുറവായിരിക്കും. ഇഎംഐ ആയിട്ടാണ് വായ്പ തിരിച്ചടയ്ക്കേണ്ടത്.
വായ്പ ലഭിക്കാൻ എളുപ്പമാണെങ്കിലും പലിശ നിരക്ക് വളരെ കൂടുതലാണ്. പ്രതിമാസം ആണ് പലിശ ഈടാക്കുന്നത്. ഒരു മാസം തിരിച്ചടവ് മുടക്കിയാൽ കൂട്ടുപലിശയും ഈടാക്കും. വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ചയൊന്നും വരുത്തിയില്ലെങ്കിൽ തന്നെയും കടം തീർത്തു കഴിയുമ്പോൾ വലിയൊരു തുക നിങ്ങൾ അടച്ചു കഴിഞ്ഞിരിക്കും.
ബാങ്കുകൾക്കും നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾക്കും മാത്രമാണ് മൊബൈൽ ആപ്പുകൾ വഴി വായ്പ നൽകാൻ റിസർവ് ബാങ്ക് അനുവദിച്ചിട്ടുള്ളത്. മാത്രമല്ല വായ്പ നൽകുന്ന ബാങ്കിൻറ്റെ പേരും മറ്റു വിവരങ്ങളും വെബ്സൈറ്റിലും ആപ്പുകളിലും കാണിക്കണമെന്നും റിസർവ് ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ പലിശ നിരക്ക്, മറ്റു ചാർജുകൾ തുടങ്ങിയവ അടങ്ങിയ കരാർ ഓൺലൈനായി അപേക്ഷകന് നൽകണമെന്നും നിബന്ധനയുണ്ട്.
ജാമ്യം ഒന്നുമില്ലാതെ ആണ് ഇത്തരം ആപ്പുകൾ വായ്പ നൽകുന്നത്. എന്നാൽ അപേക്ഷകനെ സംബന്ധിച്ച വിവരങ്ങൾ എല്ലാം തന്നെ ഇവർ സമൂഹ മാധ്യമങ്ങൾ വഴി ശേഖരിക്കുന്നുണ്ട്. അതുകൊണ്ട് തിരിച്ചടവ് മുടക്കിയാൽ പല കമ്പനികളും വായ്പ തുക തിരിച്ചു പിടിക്കുന്നതും സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ടാകും. എന്നാൽ ഇതുപോലെ അനധികൃത മാർഗ്ഗങ്ങളിലൂടെ വായ്പ തിരിച്ചു പിടിക്കുന്നതിന് റിസർവ് ബാങ്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ വായ്പ എടുക്കുന്നതിനു നല്ല ഒരു ആപ്പ് നിങ്ങൾക്കു തിരഞ്ഞെടുക്കാം.
• ആർബിഐയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നു മാത്രം വായ്പ എടുക്കുക.
• ആപ്പുകൾ തിരഞ്ഞെടുക്കുമ്പോൾ റിവ്യൂ, റേറ്റിംഗ്സ് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുക.
• ചില ആപ്പുകൾ ഉപഭോക്താവിൻറ്റെ കോൺടാക്ടും ഫോണിലുള്ള മറ്റു വിവരങ്ങളും ശേഖരിക്കാറുണ്ട്. എന്നാൽ ചില ആപ്പുകൾ ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ മൂന്നാമതൊരാൾക്ക് കൈമാറാറുണ്ട്. അതുകൊണ്ട് വായ്പ എടുക്കുന്നതിനു മുമ്പ് ഇക്കാര്യം കൂടി ശ്രദ്ധിക്കണം.
• ചില ആപ്പുകളിൽ അവരുടെ ഓഫീസിൻറ്റെ വിവരങ്ങളോ അഡ്രസ്സോ നൽകിയിട്ടുണ്ടാകില്ല. ഇത്തരം ആപ്പുകളിൽ നിന്നും വായ്പ എടുക്കരുത്.
• അപേക്ഷകരിൽ നിന്നും മെമ്പർഷിപ്പ് ഫീസ് ഈടാക്കുന്ന ആപ്പുകളും ഉണ്ട്. എന്നാൽ ഫീസ് അടച്ചുകഴിഞ്ഞാൽ പിന്നെ ഇവർ ആളുകളെ കബളിപ്പിക്കും.
വായ്പകൾ എടുക്കാൻ എളുപ്പമാണെങ്കിലും ഇവയിൽ ഒരുപാട് ചതിക്കുക്കുഴികളും ഉണ്ട്. അകുകൊണ്ട് നന്നായി അന്വേഷിച്ചിട്ടു മാത്രമേ ആപ്പുകൾ തിരഞ്ഞെടുക്കാവൂ.
English : How To Identify Genuine Fintech Lenders