PERSONAL FINANCE

എമർജൻസി ഫണ്ട് നിലനിർത്താം ; ഈ വഴികളിലൂടെ

Advertisement

അത്യാവശ്യ സാമ്പത്തിക ആവശ്യങ്ങൾ നേരിടുന്നതിന് ഒരു എമർജൻസി ഫണ്ട് എപ്പോഴും നിലനിർത്തേണ്ടത് ആവശ്യമാണ്. ഇത് അപ്രതീക്ഷിത ചിലവുകളെ എളുപ്പത്തിൽ നേരിടാനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും സഹായിക്കും. നിങ്ങളുടെ വരുമാനത്തിനും ജീവിതരീതിക്കും അനുസരിച്ച് വേണം എമർജൻസി ഫണ്ടിലേക്ക് നീക്കിവയ്ക്കേണ്ട തുക നിശ്ചയിക്കാൻ. എമർജൻസി ഫണ്ട് തുക നിശ്ചയിക്കുന്നത് പ്രധാനമായും രണ്ട് സമീപനങ്ങളുടെ അടിസ്ഥാനത്തിലാണ്. നിങ്ങളുടെ വരുമാനത്തിൻറ്റെ അടിസ്ഥാനത്തിൽ തുക നിശ്ചയിക്കുക എന്നതാണ് ആദ്യത്തെ സമീപനം. നിങ്ങളുടെ മൂന്ന് മുതൽ പന്ത്രണ്ട് മാസംവരെയുള്ള ശമ്പളം ഇതിനായി മാറ്റിവയ്ക്കാവുന്നതാണ്. ഇനി നിങ്ങൾ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിയാണെങ്കിൽ നിങ്ങളുടെ പ്രതിമാസ ചിലവുകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ തുക കോർപ്പസായി മാറ്റിവയ്ക്കാവുന്നതാണ്. രണ്ടാമത്തെ സമീപനം നിങ്ങളുടെ അടിയന്തര ചിലവുകളെ വിലയിരുത്തി ആവശ്യമായ തുക മാറ്റിവയ്ക്കുക എന്നതാണ്. ഇത് സാമ്പത്തിക പ്രതിസന്ധികളെ എളുപ്പത്തിൽ നേരിടാൻ നിങ്ങളെ സഹായിക്കും.
ഇനി ഒരു എമർജൻസി ഫണ്ട് നിലനിർത്താൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം

1. ചിലവുകൾ കുറയ്ക്കുക

എമർജൻസി ഫണ്ടായി കൂടുതൽ പണം മാറ്റിവയ്ക്കുന്നിത് ഏറ്റവും ആദ്യം അനാവശ്യ ചിലവുകൾ കുറയ്ക്കാൻ ശ്രദ്ധിക്കുക. ഔട്ടിംങ്, സിനിമ, ഷോപ്പിംങ് തുടങ്ങിയ അധിക ചിലവുകളുടെ എണ്ണം പരിമിതപ്പെടുത്തി കൂടുതൽ പണം അത്യാവശ്യ സാമ്പത്തിക ചിലവുകൾക്ക് ഉപയോഗിക്കുന്നതിനായി നീക്കിവയ്ക്കാൻ ശ്രദ്ധിക്കണം.

2. സുരക്ഷിതമായി നിക്ഷേപിക്കുക

എമർജൻസി ഫണ്ട് നിലനിർത്തുന്നതിന് വേണ്ടി മ്യൂച്ചൽ ഫണ്ട് പോലുള്ള റിസ്ക്ക് കൂടിയ നിക്ഷേപമാർഗങ്ങൾ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇവ വിപണിയിലെ ലാഭനഷ്ട സാധ്യതകൾക്ക് വിധേയമായതുക്കൊണ്ട് തന്നെ നിങ്ങളുടെ പണം നഷ്ടമാവാനുള്ള സാധ്യതയും കൂടുതലാണ്. പണം എപ്പോഴും സുരക്ഷിതമായി നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. ഇതിനായി ബാങ്ക് അക്കൌണ്ടുകൾ, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ, സ്വർണം തുടങ്ങിയ റിസ്ക്ക് കുറഞ്ഞ നിക്ഷേപമാർഗങ്ങൾ തിരഞ്ഞെടുക്കുക.

3. ഇഎംഐകൾ കൃത്യസമയത്ത് തിരിച്ചടയ്ക്കുക

വായ്പകളുടെ ഇഎംഐകൾ കൃത്യസമയത്ത് തിരിച്ചടച്ച് വായ്പകൾ എളുപ്പത്തിൽ തീർക്കാൻ എപ്പോഴും ശ്രദ്ധിക്കണം. ഇത് അധിക പലിശ ഒഴിവാക്കാനും എമർജൻസി കോർപ്പസ് നിർമ്മിക്കുന്നതിലേക്ക് കൂടുതൽ പണം നീക്കിവയ്ക്കാനും നിങ്ങളെ സഹായിക്കും.

4. ഇൻഷുറൻസ് ഉറപ്പാക്കുക

സാമ്പത്തിക പ്രതിസന്ധികളെ ഒരു പരിധി വരെ നേരിടാൻ ഇൻഷുറൻസ് പോളിസികൾ സഹായകമാണ്. വിശ്വസനീയമായ ഒരു ഇൻഷുറൻസ് ദാതാവിനെ തിരഞ്ഞെടുത്ത് നിങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഏർപ്പെടുത്താവുന്നതാണ്. ഇത് അടിയന്തര സാഹചര്യങ്ങളിൽ നിങ്ങൾക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.

5. എമർജൻസി ഫണ്ട് അടിയന്തര ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുക

അത്യാവശ്യ സാമ്പത്തിക ആവശ്യങ്ങൾ നേരിടുന്നതിനാണ് നാം എമർജൻസി ഫണ്ടുകൾ നിലനിർത്തുന്നത്. അതുക്കൊണ്ട് തന്നെ അടിയന്തര സാഹചര്യമുണ്ടാകുമ്പോൾ മാത്രം ഈ ഫണ്ടുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. എമർജൻസി ഫണ്ടുകൾ കൈകാര്യം ചെയ്യുമ്പോൾ സാമ്പത്തിക അച്ചടക്കം പാലിക്കാൻ ശ്രദ്ധിക്കുക.

ദീർഘകാല അടിസ്ഥാനത്തിലോ ഹ്രസ്യകാല അടിസ്ഥാനത്തിലോ എമർജൻസി ഫണ്ടുകൾ നിലനിർത്താവുന്നതാണ്. നിങ്ങളുടെ അടിയന്തര ചിലവുകളെ വിലയിരുത്തി എമർജൻസി കോർപ്പസ് തുകയിലോ കാലയളവിലോ മാറ്റങ്ങൾ വരുത്താവുന്നതാണ്. കൊവിഡ് പോലുള്ള മഹാമാരികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനായി തീർച്ചയായും ഒരു എമർജൻസി കോർപ്പസ് നിലനിർത്താൻ ശ്രദ്ധിക്കുക.

Advertisement