ബിൽ പേയ്മെൻറ്റുകൾ തുടങ്ങി നിരവധി സാമ്പത്തിക ആവശ്യങ്ങൾക്കായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവരാണ് നാം എല്ലാവരും. ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുമ്പോൾ നാം ഏറേ കാര്യങ്ങൾ ശ്രദ്ധിക്കണം. നിങ്ങൾക്ക് അക്കൌണ്ടുള്ള ബാങ്ക് നൽകുന്ന കാർഡിന് പകരം നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കാർഡ് വേണം തിരഞ്ഞെടുക്കാൻ. കാരണം എല്ലാ ക്രെഡിറ്റ് കാർഡുകളും ഒരുപോലെയല്ല. അവ നൽകുന്ന ഓഫറുകൾ എപ്പോഴും വ്യത്യസ്തമാണ്. അതുക്കൊണ്ട് തന്നെ നിങ്ങൾക്ക് ലാഭകരമായി തോന്നുന്ന ക്രെഡിറ്റ് കാർഡുകൾ വേണം തിരഞ്ഞെടുക്കാൻ. ഇനി ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
ഫീസ്
ക്രെഡിറ്റ് കാർഡുകൾക്ക് ഈടാക്കുന്ന ജോയിനിങ് ഫീസും വാർഷിക ഫീസും വ്യത്യസ്തമാണ്. നിങ്ങൾക്ക് അനുയോജ്യമായ ഫീസ് ഈടാക്കുന്ന കാർഡ് വേണം തിരഞ്ഞെടുക്കാൻ. ഇപ്പോൾ പല ക്രെഡിറ്റ് കാർഡുകളും സ്വാഗത ആനുകൂല്യങ്ങൾ നൽകുകയും വാർഷിക ഫീസ് ഒഴിവാക്കുകയും ചെയ്യാറുണ്ട്. അതുക്കൊണ്ട് തന്നെ ഇത്തരം കാർഡുകൾ തമ്മിൽ താരതമ്യം ചെയ്ത് ഉചിതമായത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
ക്രെഡിറ്റ് പരിധി
നിങ്ങളുടെ പ്രതിമാസ വരുമാനവും ചിലവുകളും കണകാക്കിയ ശേഷം ഉയർന്ന ക്രെഡിറ്റ് പരിധിയും ഫ്ലെക്സിബിലിറ്റിയും നൽകുന്ന ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക. പൊതുവേ 45 – 50 ദിവസം വരെയാണ് ക്രെഡിറ്റ് കാർഡുകളുടെ ക്രെഡിറ്റ് കാലയളവ്. എന്നാൽ ആദ്യം നൽകുന്ന ക്രെഡിറ്റ് കാർഡുകൾക്ക് എല്ലാം ക്രെഡിറ്റ് പരിധിയും കാലയളവും കുറവായിരിക്കും.
പലിശ നിരക്ക്
ക്രെഡിറ്റ് പരിധി കഴിഞ്ഞാൽ എല്ലാ ക്രെഡിറ്റ് കാർഡുകളും പലിശ ഈടാക്കുന്നതാണ്. എന്നാൽ പലിശ നിരക്ക് വ്യത്യസ്തമാണ്. സാധാരണ 30 – 40 ശതമാനം വരെയാണ് ക്രെഡിറ്റ് കാർഡുകൾ ഈടാക്കുന്ന വാർഷിക പലിശ നിരക്ക്. അതുക്കൊണ്ട് തന്നെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുക. കൂടാതെ ചില ക്രെഡിറ്റ് കാർഡുകൾ നിശ്ചിത സമയപരിധിക്കുള്ളിൽ ബാലൻസ് ട്രാൻസ്ഫർ ചെയ്യുന്നതിന് പലിശ ഈടാക്കാറില്ല. ഇത്തരം ഓഫറുകൾ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കുക.
ഓഫറുകളും റിവാർഡ് പോയിൻറ്റുകളും
എല്ലാ ക്രെഡിറ്റ് കാർഡുകൾക്കും പലതരത്തിലുള്ള ഓഫറുകളും റിവാർഡ് പോയിൻറ്റുകളും ലഭ്യമാണ്. എന്നാൽ നിങ്ങളുടെ ചിലവഴിക്കൽ രീതിയെ അടിസ്ഥാനമാക്കിയാണ് ഇവ ലഭിക്കുക. നിങ്ങൾ ഷോപ്പിംങ് ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കിൽ അധിക വൌച്ചറുകളും ക്യാഷ്ബാക്കുകളും റിവാർഡ് പോയിൻറ്റുകളും നൽകുന്ന ഒരു ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക. ഇത് കൂടുതൽ പ്രയോജനകരമായിരിക്കും. കാരണം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കൂടെക്കൂടെ നടത്തുന്ന ചെറിയ പർച്ചേഴ്സിനെല്ലാം ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കും.
ഇൻറ്റർനാഷണൽ ക്രെഡിറ്റ് കാർഡുകൾ
അടിക്കടി വിദേശ യാത്ര നടത്തുന്ന വ്യക്തികൾക്ക് ഇന്റർനാഷണൽ ഉപയോഗ സൗകര്യമുള്ള ക്രെഡിറ്റ് കാർഡുകൾ ഗുണം ചെയ്യും . കാരണം അധിക ചാർജുകൾ ഇല്ലാതെ അന്താരാഷ്ട്ര എയർപോർട്ട് ലോഞ്ച് ആക്സസ് സൌകര്യം വാഗ്ദാനം ചെയ്യുന്നവയാണ് ഇത്തരം ക്രെഡിറ്റ് കാർഡുകൾ. കൂടാതെ വിദേശ രാജ്യങ്ങളിൽ ചിലവഴിക്കലുകളും നടത്താവുന്നതാണ്. വിദേശ കറൻസി വിനിമയ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഉപഭോക്താകൾക്ക് വളരെ ലാഭകരമാണ്.
ഇൻഷുറൻസ് കവറേജ്
ഇപ്പോൾ പല ക്രെഡിറ്റ് കാർഡുകളും ഉപഭോക്താകൾക്ക് പേഴ്സണൽ ആക്സിഡൻറ്റ് ഇൻഷുറൻസ്, പേഴ്സണൽ എയർ ആക്സിഡൻറ്റ് ഇൻഷുറൻസ് എന്നിങ്ങനെ പലതരത്തിൽ ഇൻഷുറൻസ് കവറേജ് നൽകുന്നുണ്ട്. എന്നാൽ ഓരോ കാർഡിന് അനുസരിച്ച് അവ വ്യത്യസ്തമാണ്. നിങ്ങൾക്ക് അനുയോജ്യമായ ഇൻഷുറൻസ് കവർ നൽകുന്ന ബാങ്കിൻറ്റെ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
ഒട്ടുമിക്ക ബാങ്കുകളും ഇപ്പോൾ ക്രെഡിറ്റ് കാർഡുകൾ നൽകുന്നതുക്കൊണ്ട് തന്നെ വളരെ ശ്രദ്ധിച്ച് വേണം അവ തിരഞ്ഞെടുക്കാൻ. ബാങ്കുകൾ നൽകുന്ന കാർഡ് സ്വീകരിക്കാതെ നമ്മുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് മാത്രം കാർഡ് തിരഞ്ഞെടുക്കുക. ക്രെഡിറ്റ് കാർഡുകൾക്ക് അധിക സേവനങ്ങളെല്ലാം ലഭ്യമാണെങ്കിലും വളരെ കരുതലോടെ വേണം അവ ഉപയോഗിക്കാൻ. ക്രെഡിറ്റ് കാർഡ് വായ്പകൾ കൃത്യസമയത്ത് തിരിച്ചടയ്ക്കാനും ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്താനും ശ്രദ്ധിക്കണം.
Eng: How To Select A Credit Card