സ്വന്തമായി ഒരു വീട് വാങ്ങിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഒരാളുടെ ജീവിതത്തിലെ വളരെ സുപ്രധാനമായ തീരുമാനങ്ങളിൽ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ വളരെയധികം ആലോചനയോടെയും വ്യക്തമായ സാമ്പത്തിക പദ്ധതികളോടെയും വേണം ഒരു വീട് വാങ്ങിക്കുവാൻ. പലപ്പോഴും വീട് വാങ്ങിക്കുവാൻ നേരത്തെ നിശ്ചയിച്ച തുകയേക്കാൾ അധികം തുക മിക്കപ്പോഴും ചെലവാകാറുണ്ട്. ഒരു വീട് വാങ്ങുമ്പോൾ വരുന്ന മറ്റു ചെലവുകളെക്കുറിച്ച് അറിയാത്തതാണ് ഇതിനു കാരണം. അതുകൊണ്ട് ഒരു വീട് വാങ്ങുമ്പോൾ നൽകേണ്ടി വരുന്ന അധിക ചാർജുകളും ചെലവുകളും ഏതൊക്കെയാണെന്ന് നോക്കാം.
സ്റ്റാമ്പ് ഡ്യൂട്ടി
വസ്തു ഇടപാടുകൾക്ക് സർക്കാർ ചുമത്തുന്ന നിർബന്ധ നികുതിയാണ് സ്റ്റാമ്പ് ഡ്യൂട്ടി. സാധാരണയായി വസ്തുവിൻറ്റെ വിലയുടെ 4 ശതമാനം മുതൽ 7 ശതമാനം വരെയാണ് സ്റ്റാമ്പ് ഡ്യൂട്ടിയായി ഈടാക്കുന്നത്. ഓരോ സംസ്ഥാനത്തിനും അനുസരിച്ച് ഈ നിരക്കിൽ വ്യത്യാസങ്ങൾ വന്നേക്കാം. സംസ്ഥാന സർക്കാർ ആണ് സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകൾ നിശ്ചയിക്കുന്നത്. ഒരു സംസ്ഥാനത്തിൽ തന്നെ നഗരപ്രദശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഈ നിരക്കിൽ വ്യത്യാസമുണ്ട്. സ്ത്രീകളുടെ പേരിൽ വീട് വാങ്ങുമ്പോഴും വില കുറഞ്ഞ വീടുകൾ വാങ്ങുമ്പോഴും 1 ശതമാനം വരെ പ്രത്യേക ഇളവുകൾ നൽകുന്ന സംസ്ഥാനങ്ങളുമുണ്ട്. ഒരാൾ വസ്തു വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നതിൻറ്റെ തെളിവായി സ്റ്റാമ്പ് ഡ്യൂട്ടിയെ കണക്കാക്കുന്നു.
രജിസ്ട്രേഷൻ ഫീസ്
സർക്കാർ ഈടാക്കുന്ന മറ്റൊരു നിർബന്ധിത ചാർജ് ആണ് രജിസ്ട്രേഷൻ ഫീസ്. വാങ്ങുന്ന ആളുടെ പേരിൽ വസ്തു രജിസ്റ്റർ ചെയ്യുന്നതിനും വസ്തുവിൻറ്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട രേഖകൾ പുതുക്കുന്നതിനും വസ്തു വാങ്ങുന്ന സമയത്ത് നൽകേണ്ടി വരുന്ന ഫീസ് ആണ് ഇത്. മിക്ക സംസ്ഥാനങ്ങളിലും ഈ ഫീസ് വസ്തുവിൻറ്റെ വിലയുടെ 1 ശതമാനം ആണ്. ഉദാഹരണത്തിന് 10 ലക്ഷം രൂപ വിലമതിക്കുന്ന വീടിന് നിങ്ങൾ രജിസ്ട്രേഷൻ ഫീസായി 10,000 രൂപ നൽകണം.
ചരക്ക് സേവന നികുതി (GST)
നിർമ്മാണത്തിലിരിക്കുന്ന വസ്തുവാണ് നിങ്ങൾ വാങ്ങുന്നതെങ്കിൽ നൽകേണ്ടി വരുന്ന നികുതിയാണ് ജിഎസ്ടി. നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വീട് അഫോർഡബിൾ ഹൌസിൻറ്റെ ഗണത്തിലാണ് പെടുന്നതെങ്കിൽ വസ്തുവിൻറ്റെ വിലയുടെ 1 ശതമാനം ജിഎസ്ടിയായും അല്ലെങ്കിൽ വസ്തുവിൻറ്റെ വിലയുടെ 5 ശതമാനം ജിഎസ്ടിയായും നൽകണം. 45 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള വസ്തുവിനെ ആണ് അഫോർഡബിൾ ഹൌസിൻറ്റെ ഗണത്തിൽ പെടുത്തുന്നത്. കൂടാതെ മെട്രോ സിറ്റികളിൽ ആണെങ്കിൽ 60 ചതുരശ്ര മീറ്ററിൽ താഴെയും മറ്റു സ്ഥലങ്ങളിൽ 90 ചതുരശ്ര മീറ്ററിൽ താഴെയും വീസ്തീർണ്ണമുള്ള വീട് ആയിരിക്കണം. എന്നാൽ നിർമ്മാണം പൂർത്തിയായ വീടിനും ഒരു പഴയ വസ്തുവിൻറ്റെ വിൽപനയ്ക്കും ജിഎസ്ടി നൽകേണ്ടതില്ല.
അഡ്വാൻസ് മെയിൻറ്റനൻസ് ചാർജുകൾ
വസ്തുവിൻറ്റെ വിലയെ സാരമായി ബാധിക്കുന്ന ഒന്നാണ് മെയിൻറ്റനൻസ് ചാർജുകൾ. ഇലക്ട്രിസിറ്റി ചാർജ്, വാട്ടർ ബിൽ, ലിഫ്റ്റ് ചാർജ്, വസ്തുവിൻറ്റെ പരിപാലത്തിനുള്ള ചെലവ് തുടങ്ങിയവയാണ് മെയിൻറ്റനൻസ് ചാർജിൽ സാധാരണ ഉൾപ്പെടുന്നത്.
പാർക്കിംഗ് ചാർജുകൾ
പുതിയ വീട് വാങ്ങുമ്പോൾ പലരും അവരുടെ വാഹനം പാർക്ക് ചെയ്യുന്നതിന് പാർക്കിംഗ് ചാർജ് നൽകണമെന്ന കാര്യം അറിഞ്ഞിരിക്കില്ല. പുതിയ വീട്ടിൽ എത്തിക്കഴിയുമ്പോൾ ആയിരിക്കും പലരും ഇതിനെക്കുറിച്ച് അറിയുന്നതു തന്നെ. ഹൌസിംഗ് സൊസൈറ്റികൾ പോലുള്ള സ്ഥലങ്ങളിൽ നിങ്ങളുടെ വാഹനം പാർക്ക് ചെയ്യുന്നതിനു ചാർജ് നൽകേണ്ടതുണ്ട്. ഒന്നിലധികം വാഹനങ്ങൾ ഉള്ളവരാണെങ്കിൽ പാർക്കിംഗിനായി കൂടുതൽ സ്ഥലം വാങ്ങുമ്പോൾ അധിക ചാർജുകൾ നൽകേണ്ടിവരും. ചിലപ്പോൾ ഒറ്റത്തവണയായോ വാർഷിക അടിസ്ഥാനത്തിലോ ആയിരിക്കും ഈ ചാർജുകൾ നൽകേണ്ടിവരുന്നത്.