PERSONAL FINANCE

ഈ പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്

Advertisement

പണമിടപാടുകൾ നടത്താനായി നിരവധി ഓൺലൈൻ മാർഗ്ഗങ്ങളാണ് ഇന്നുള്ളത്. ഓൺലൈൻ വഴി ഇത്തരം പണമിടപാടുകൾ നടത്തുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ആദായ നികുതി വകുപ്പ് വലിയ ജാഗ്രതയാണ് ഇക്കാര്യത്തിൽ പുലർത്തുന്നത്. നോട്ടു നിരോധനത്തിനു ശേഷം പല ഇടപാടുകൾക്കും കനത്ത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണം പിടികൂടുക എന്നതാണ് ഇതിനു പിന്നിലുള്ള പ്രധാന ഉദ്ദേശ്യം.

വിവിധ തരത്തിലുള്ള പണം ഇടപാടുകൾ നീരിക്ഷിക്കുന്നതിനായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സിന് പ്രത്യേക സംവിധാനങ്ങളുണ്ട്. ഇപ്രകാരം നിശ്ചിത തുകയ്ക്ക് മുകളിലുള്ള എല്ലാ പണമിടപാടുകളും ഈ വിഭാഗത്തിൻറ്റെ നിരീക്ഷണത്തിലായിരിക്കും. നിശ്ചയിച്ചിട്ടുള്ള പരിധിക്ക് മുകളിൽ നടക്കുന്ന എല്ലാ ഇടപാടുകളും ബന്ധപ്പെട്ട സ്ഥാപനങ്ങൾ ആദായ നികുതി വകുപ്പിനെ അറിയിക്കണം. അതുകൊണ്ട് നിങ്ങൾ നടത്തുന്ന വസ്തു ഇടപാടുകൾ, ബാങ്ക് നിക്ഷേപങ്ങൾ, ഓഹരി നിക്ഷേപം എന്നവയെക്കുറിച്ചെല്ലാം ഐടി ഡിപ്പാർട്ട്മെൻറ്റിന് വിവരം ലഭിക്കുന്നുണ്ട്. ഇനി ഏതൊക്കെ പണമിടപാടുകൾ നടത്തുമ്പോഴാണ് ആദായ നികുതി വകുപ്പിൻറ്റെ പിടി വീഴുന്നതെന്ന് നോക്കാം.

ഫിക്സിഡ് ഡിപ്പോസിറ്റുകൾ

ബാങ്കുകളിലോ പോസ്റ്റ് ഓഫീസിലോ നിങ്ങൾ നടത്തുന്ന ഫിക്സിഡ് ഡിപ്പോസിറ്റുകളെല്ലാം ആദായ നികുതി വകുപ്പിൻറ്റെ നിരീക്ഷണത്തിലാണ്. നിശ്ചിത പരിധിക്ക് മുകളിൽ നടക്കുന്ന ഇടപാടുകളെല്ലാം ബന്ധപ്പെട്ട സ്ഥാപനങ്ങൾ ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്ന നിർദ്ദേശമുണ്ട്. അതുകൊണ്ട് ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് നിക്ഷേപം 10 ലക്ഷം രൂപയ്ക്ക് മുകളിൽ ആണെങ്കിൽ ആദായ നികുതി വകുപ്പിൻറ്റെ നോട്ടീസ് നിങ്ങളെ തേടിയെത്തിയേക്കാം. എന്നാൽ നിക്ഷേപം പുതുക്കുന്നതിന് ഇത് ബാധകമല്ല.

ക്രെഡിറ്റ് കാർഡ്

ഒരു ലക്ഷം രൂപ പണമായി നൽകി ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കുന്നതും 10 ലക്ഷമോ അതിൽ കൂടുതലോ പണം നെറ്റ് ബാങ്കിംഗ് വഴിയോ ചെക്കായോ നൽകിക്കൊണ്ട് ബില്ലുകൾ അടയ്ക്കുന്നതും ആദായ നികുതി വകുപ്പ് പരിശോധിക്കും. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 1 ലക്ഷം രൂപയിലധികം പിൻവലിക്കുകയാണെങ്കിലും ആദായ നികുതി വകുപ്പിൻറ്റെ പിടിവീണേക്കാം. 10 ലക്ഷം രൂപ മൂല്യമുള്ള ട്രാവലേഴ്സ് ചെക്ക്, ഫോറക്സ് കാർഡ് എന്നിവ വാങ്ങുന്നതും ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്.

വസ്തു ഇടപാടുകൾ

വസ്തു ഇടപാടുകൾ നടത്തുന്നതും ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. 30 ലക്ഷമോ അതിനു മുകളിലോ മൂല്യമുള്ള വസ്തു ഇടപാടുകൾ നടത്തിയാൽ രജിസ്ട്രാർ ഓഫീസിൽ നിന്ന് ഈ വിവരം ആദായ നികുതി വകുപ്പിനു ലഭിക്കും.

ഓഹരികൾ, ബോണ്ടുകൾ, ഡിബഞ്ചറുകൾ

കമ്പനികൾ പുറത്തിറക്കുന്ന ഓഹരികളും ബോണ്ടുകളും ഡിബഞ്ചറുകളും വാങ്ങുമ്പോഴും ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ്റ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. 10 ലക്ഷം രൂപയ്ക്കോ അതിൽ കൂടുതൽ തുകയ്ക്കോ ഇടപാടുകൾ നടത്തുമ്പോഴാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയക്കുന്നത്. ബോണ്ടുകളോ ഓഹരികളോ വഴി വ്യക്തികളിൽ നിന്ന് 10 ലക്ഷമോ അതിൽ കൂടുതലോ സമാഹരിച്ചാൽ കമ്പനികൾ ഈ വിവരം ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്ന നിർദ്ദേശമുണ്ട്. 10 ലക്ഷം രൂപയ്ക്ക് മുകളിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചാലും ആദായ നികുതി വകുപ്പിന് വിവരങ്ങൾ ലഭിക്കും. നിശ്ചിത തുകയ്ക്കു മുകളിലുള്ള ഫോറിൻ എക്സ്ചേഞ്ച് ഇടപാടുകളും ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്ന് ഓർമ്മിക്കുക.

Advertisement