INSURANCE

പോളിസി ഉടമ മരണപ്പെട്ടാൽ വാഹന ഇൻഷുറൻസ് പോളിസി എങ്ങനെ പുതുക്കും ?

Advertisement

നമ്മുടെ എല്ലാവരുടെയും ജീവിതം പ്രവചനാതീതമാണ്. ചിലപ്പോൾ പല നഷ്ടങ്ങളും സംഭവിച്ചേക്കാം. ഇങ്ങനെ ഉണ്ടാകുന്ന പല നഷ്ടങ്ങളും പരിഹരിക്കുന്നതിനു വേണ്ടിയാണ് നമ്മൾ ഇൻഷുറൻസ് പോളിസികൾ എടുക്കുന്നത്. മുൻകൂട്ടി പ്രതീക്ഷിക്കാനാവാതെ നമ്മുടെ വാഹനങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകളും നഷ്ടങ്ങളും പരിഹരിക്കുന്നതിനാണ് നമ്മൾ വാഹന ഇൻഷുറൻസ് എടുക്കുന്നത്. മാത്രമല്ല വാഹനങ്ങൾക്ക് ഇൻഷുറൻസ് എടുക്കണമെന്നത് നിർബന്ധമാണ്. അതുകൊണ്ട് വാഹന ഇൻഷുറൻസ് വളരെ പ്രധാനം ആണ്.

ഒരു വ്യക്തിയുടെ വാഹനത്തിന് കേടുപാടുകൾ സംഭവിക്കുമ്പഴോ, വാഹനം മൂലം മൂന്നാമതൊരാൾക്ക് അപകടം സംഭവിക്കുമ്പഴോ ആണ് വാഹന ഇൻഷുറൻസ് സഹായകമായി വരുന്നത്. എന്നാൽ ഇൻഷുറൻസ് പോളിസി എടുത്തയാൾ മരണപ്പെടുകയാണെങ്കിൽ പോളിസിക്ക് എന്തു സംഭവിക്കും. ? ഇൻഷുറൻസ് പരിരക്ഷ തുടർന്നും ലഭിക്കുമോ അതോ നഷ്ടപ്പെടുമോ ? ഇങ്ങനെ പോളിസി ഉടമ മരണപ്പെട്ടാൽ എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ഒരാൾ മരിക്കുമ്പോൾ അയാളുടെ സ്വത്തുക്കളെല്ലാം നിയമപരമായ അവകാശികൾക്ക് ലഭിക്കും. അതുപോലെ അയാളുടെ വാഹനവും അവകാശികൾക്ക് ലഭിക്കും. അങ്ങനെ അയാൾക്ക് ഇതിൻറ്റെ ഉടമസ്ഥ അവകാശവും ലഭിക്കുന്നു. അതുകൊണ്ട് ആ വ്യക്തിയുടെ പേരിലുള്ള കാർ ഇൻഷുറൻസ് പോളിസിയും നിയമപരമായ അവകാശിയുടെ പേരിലേക്ക് മാറ്റേണ്ടതുണ്ട്.

ഒരു വാഹനത്തിൻറ്റെ ഉടമസ്ഥാ അവകാശത്തിൽ എന്തെങ്കിലും മാറ്റം സംഭവിക്കുമ്പോൾ ആ മാറ്റം ഇൻഷുറൻസ് പോളിസിയിലും വരുത്തേണ്ടതുണ്ട്. എന്നിരുന്നാലും ഇപ്പോഴും സാധുത ഉള്ള ഒരു പോളിസി ആണെങ്കിൽ മാത്രമേ ഇങ്ങനെ കൈമാറ്റം ചെയ്യാൻ സാധിക്കുകയുള്ളൂ. പോളിസി ഉടമയുടെ മരണത്തിനു മുമ്പു തന്നെ കാലഹരണപ്പെട്ട ഒരു പോളിസി ആണെങ്കിൽ ഇന്ത്യയിലെ ഒരു ഇൻഷുറൻസ് കമ്പനികളും ഇത് കൈമാറ്റം ചെയ്ത് തരില്ല. അങ്ങനെ ആണെങ്കിൽ വാഹനത്തിൻറ്റെ പുതിയ ഉടമക്ക് പുതിയ ഒരു ഇൻഷുറൻസ് പോളിസി തന്നെ എടുക്കേണ്ടിവരും.

ഇൻഷുറൻസ് പോളിസി എടുത്ത സമയത്തു തന്നെ പോളിസിക്ക് ഒരു നോമിനിയെ വച്ചിട്ടുണ്ടാകും. കാർ ഉടമയുടെ മരണത്തിനു ശേഷം ഈ പോളിസി നോമിനിയുടെ പേരിലേക്ക് കൈമാറ്റം ചെയ്യും. ഇനി പോളിസിയിൽ ഒരു നോമിനിയെ നിർദ്ദേശിച്ചിട്ടില്ല എങ്കിൽ പോളിസി നിയമപരമായ അവകാശികളുടെ പേരിലേക്ക് കൈമാറും.

കാർ ഇൻഷുറൻസിൻറ്റെ കാലാവധി പൂർത്തിയായിട്ടില്ലെങ്കിൽ ഇൻഷുറൻസ് പോളിസി അവകാശികൾക്ക് കൈമാറ്റം ചെയ്യുന്നതിനു വലിയ പ്രയാസമില്ല. ഇൻഷുറൻസ് പോളിസി കൈമാറ്റം ചെയ്യുന്നതിന് ആർടിഒ ഓഫീസിൽ ചില രേഖകൾ സമർപ്പിച്ചാൽ മാത്രം മതിയാകും. പോളിസി ഉടമ മരണപ്പെട്ടാൽ ഉടൻ തന്നെ ഈ വിവരം ഇൻഷുറൻസ് കമ്പനിയിലും അറിയിക്കണം. ഇത് പിന്നീട് പോളിസി കൈമാറ്റം ചെയ്യുന്നത് എളുപ്പമാക്കും.
പോളിസി ഹോൾഡറുടെ മരണത്തിനു ശേഷം പോളിസി കാലഹരണപ്പെടുകയും കാലഹരണപ്പെടുന്ന തീയതിക്ക് മുമ്പായി പോളിസി പുതുക്കാൻ കഴിയാതിരിക്കുകയും ചെയ്താൽ അവകാശിക്ക് അയാളുടെ പേരിൽ പോളിസി പുതുക്കി എടുക്കാൻ കഴിയും. അല്ലെങ്കിൽ കൂടുതൽ അനുയോജ്യമായ മറ്റോരു പോളിസി തിരഞ്ഞെടുക്കാനും സാധിക്കും.

ആർടിഒ ഓഫീസിൽ നിന്നും വാഹനത്തിൻറ്റെ രേഖകൾ അവകാശികളുടെ പേരിലാക്കുന്നതിന് എന്തൊക്കെ രേഖകൾ വേണമെന്നു നോക്കാം.
• വാഹനത്തിൻറ്റെ ആർസി ബുക്ക്,
• ചേസിസ് നമ്പർ,
• വാഹന പുക പരിശോധന സർട്ടിഫിക്കേറ്റ്,
• കാർ വാങ്ങിച്ചതിൻറ്റെ രേഖകൾ,
• നിലവിലുള്ള വാഹനത്തിൻറ്റെ ഇൻഷുറൻസ്,
• വാഹന വായ്പ എടുത്തിട്ടുണ്ടെങ്കിൽ അതു സംബന്ധിച്ച രേഖകൾ
• പോളിസി ഹോൾഡറുടെ മരണ സർട്ടിഫിക്കേറ്റ്,
• അവകാശിയുടെ തിരിച്ചറിയുന്നതിനുള്ള രേഖയും മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖയും,
• പിന്തുടർച്ച സർട്ടിഫിക്കേറ്റ്
• ട്രാൻസ്ഫർ ഫീസ്
• ആർടിഒ ഫോറം 31,
• ഫോം 29, 30

Advertisement