ഓഹരി വിപണി കുതിച്ച് ഉയരാൻ തുടങ്ങിയതോടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന കമ്പനികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾ ഉൾപ്പടെ നിരവധി കമ്പനികളാണ് ഇപ്പോൾ ഐപിഒയ്ക്ക് തയ്യാറെടുക്കുന്നത്. എന്നാൽ ഐപിഒ ലിസ്റ്റിംഗിൽ പങ്കെടുത്ത് പണം നഷ്ടപ്പെട്ടു എന്ന് പരാതി പറയുന്നവർ ഒരുപാടുണ്ട്. നേട്ടങ്ങൾക്കൊപ്പം തന്നെ ഒരുപാട് അപകടസാദ്ധ്യതകളുമുണ്ട് ഐപിഒയിൽ. മിക്ക ആളുകളും ശരിയായി ഗവേഷണം നടത്താതെയാണ് ഐപിഒക്ക് അപേക്ഷിക്കുന്നത്. ഐപിഒക്ക് ഒരുങ്ങുന്ന കമ്പനി അറിയപ്പെടുന്ന ഒരു ബ്രാൻഡായതുകൊണ്ടും സ്റ്റോക്ക് ബ്രോക്കർ നിർദ്ദേശിച്ചതുകൊണ്ടും ഒക്കെയാണ് പലരും ഐപിഒക്ക് അപേക്ഷിക്കുന്നത്. എന്നാൽ ഐപിഒക്ക് അപേക്ഷിക്കും മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ കാര്യങ്ങളെ അടിസ്ഥാമനാക്കി വേണം ശരിയായ ഐപിഒ തിരഞ്ഞെടുക്കാൻ.
ഐപിഒയുടെ ലക്ഷ്യം
ഒരു കമ്പനി ഐപിഒ നടത്തുമ്പോൾ ഐപിഒ സംബന്ധിച്ച വിവരങ്ങൾ അടങ്ങുന്ന റെഡ് ഹെറിംഗ് പ്രോസ്പക്ടസ് അഥവാ ഡിആർഎച്ച്പി സെബിക്ക് സമർപ്പിക്കണം. ഐപിഒക്ക് അപേക്ഷിക്കുന്നതിനു മുമ്പ് ഈ പ്രോസ്പക്ടസ് പരിശോധിക്കുകയും ഐപിഒയെ കുറിച്ച് കഴിയുന്നത്ര കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും വേണം. ഐപിഒ വഴി ലഭിക്കുന്ന പണം കമ്പനി എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കണം. ബിസിനസ്സ് കൂടുതൽ വികസ്പ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെങ്കിൽ അതു ഒരു നല്ല സൂചനയാണ്. മറിച്ച് കമ്പനിയുടെ നിലവിലുള്ള കടങ്ങൾ തീർക്കാനോ മറ്റോ ആണെങ്കിൽ ഇത് നല്ല സൂചനയല്ല. അതുകൊണ്ട് ഐപിഒക്ക് അപേക്ഷിക്കും മുമ്പ് ഇക്കാര്യങ്ങൾ പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
നഷ്ടസാദ്ധ്യതകൾ വിലയിരുത്തുക
ഐപിഒക്ക് അപേക്ഷിക്കും മുമ്പ് കമ്പനിയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയും ഭാവിയിലെ കമ്പനിയുടെ വളർച്ച സാദ്ധ്യതകളെക്കുറിച്ചും പരിശോധിക്കുന്നതും നല്ലതാണ്. ഇവയെക്കുറിച്ചെല്ലാം കമ്പനിയുടെ റെഡ് ഹെറിംഗ് പ്രോസ്പക്ടസിൽ നിന്നും മനസ്സിലാക്കാം.
ബിസിനസ് മോഡൽ മനസ്സിലാക്കുക
ഐപിഒക്ക് ഒരുങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കമ്പനിയുടെ ബിസിനസ്സ് മോഡൽ ആണ്. കമ്പനി ഏതുതരം ബിസിനസ് ആണ് ചെയ്യുന്നതെന്ന് മനസ്സിലാക്കണം. അതുമായി ബന്ധപ്പെട്ട അപകടസാദ്ധ്യതകൾ എന്തൊക്കെയാണെന്നും മനസ്സിലാക്കണം. നിങ്ങൾക്ക് ഒരു കമ്പനിയുടെ ബിസിനസ് മോഡൽ മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ ആ ഓഫർ ഒഴിവാക്കുന്നതാണ് നല്ലത്.
പിയർ ഗ്രൂപ്പുമായി താരതമ്യം ചെയ്യുക
കമ്പനിയുടെ നിലവിലെ സാമ്പത്തിക സ്ഥിതി, മുൻകാല വളർച്ച, ഭാവി സാദ്ധ്യതകൾ എന്നിവ അതിൻറ്റെ പിയർ ഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുക. പിയർ ഗ്രൂപ്പുകളുടെ ഓഹരികൾ ദീർഘകാല അടിസ്ഥാനത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും കഴിഞ്ഞ കാലങ്ങളിലെ അവരുടെ ബിസിനസ്സിൻറ്റെ വളർച്ചയും പരിശോധിക്കുക. അതുപോലെ തന്നെ ഓഫറിൻറ്റെ മൂല്യനിർണ്ണയവും നടത്തുക. ഒരു കമ്പനിയുടെ ഓഫർ പിയർ ഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ചിലവേറിയതാണെങ്കിൽ ആ കമ്പനി ഒഴിവാക്കുന്നതാണ് നല്ലത്.
സെക്കൻഡറി മാർക്കറ്റിൽ നിന്ന് ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോൾ നഷ്ടം ഉണ്ടാകുന്നതുപോലെ പ്രൈമറി മാർക്കറ്റിലും നഷ്ടം ഉണ്ടാകാം. അതുകൊണ്ട് ഐപിഒക്ക് അപേക്ഷിക്കാൻ ഒരുങ്ങുന്ന കമ്പനിയെക്കുറിച്ച് പഠിക്കേണ്ടത് വളരെ ആവശ്യമാണ്.