LOAN

പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നൽകുന്ന സ്വയം തൊഴിൽ വായ്പ പദ്ധതികൾ

Advertisement

കേരളത്തിലെ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാനായി വിവിധ തരം സ്വയം തൊഴിൽ വായ്പ പദ്ധതികളാണ് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നൽകി വരുന്നത്. വളരെ കുറഞ്ഞ പലിശ നിരക്കിലും ലളിതമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലുമാണ് വായ്പകൾ നൽകുന്നത്. ഓരോ വിഭാഗത്തിനും പ്രത്യേകതരം വായ്പ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഏതൊക്കെയാണ് വായ്പ പദ്ധതികൾ എന്ന് നോക്കാം.

1. ഒബിസി വിഭാഗത്തിന് വേണ്ടിയുള്ള വായ്പ പദ്ധതി

ഒബിസി വിഭാഗത്തിന് വേണ്ടിയുള്ള സ്വയം തൊഴിൽ വായ്പ പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കുന്നതാണ്. ഗ്രാമങ്ങളിൽ 98000 രൂപയിലും നഗരങ്ങളിൽ 120000 രൂപയിലും താഴെ കുടുംബവാർഷിക വരുമാനം ഉളള 18നും 55നും ഇടയിൽ പ്രായപരിധിയിൽ ഉള്ളവർക്കാണ് പദ്ധതി പ്രകാരം വായ്പ നൽകുന്നത്. 5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 6 ശതമാനമാണ് പലിശ നിരക്ക്. 72 മാസം വരെ തിരിച്ചടവ് കാലാവധിയും ലഭ്യമാണ്. 5 ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് 7 ശതമാനമാണ് പലിശ നിരക്ക്. 84 മാസം വരെ തിരിച്ചടവ് കാലാവധിയും ലഭ്യമാണ്.

2. മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള വായ്പ പദ്ധതി

മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടി 2 തരം വായ്പ പദ്ധതികളാണ് കോർപ്പറേഷന് കീഴിൽ ഉള്ളത്. ആദ്യത്തെ പദ്ധതി പ്രകാരം 20 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കുന്നതാണ്. 6 ശതമാനം പലിശ നിരക്കിൽ 60 മാസ കാലാവധിയിലാണ് വായ്പകൾ നൽകുന്നത്. വായ്പകൾക്ക് അപേക്ഷിക്കുന്നതിനുള്ള വാർഷിക വരുമാനം ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് 81000 രൂപയും നഗരങ്ങളിൽ താമസിക്കുന്നവർക്ക് 103000 രൂപയുമാണ്.

രണ്ടാമത്തെ സ്വയം തൊഴിൽ പദ്ധതി പ്രകാരം 30 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കുന്നതാണ്. 2 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് വായ്പകൾക്ക് അപേക്ഷിക്കാൻ സാധിക്കും. സ്ത്രീകൾക്ക് 6 ശതമാനം പലിശ നിരക്കിന്മേലും പുരുഷൻമാർക്ക് 8 ശതമാനം പലിശ നിരക്കിന്മേലുമാണ് വായ്പകൾ നൽകുന്നത്. വായ്പകളുടെ തിരിച്ചടവ് കാലാവധി 60 മാസമാണ്.

വായ്പകൾക്ക് അപേക്ഷ സമർപ്പിക്കാൻ ജില്ലാ/ഉപജില്ലാ ഓഫീസുകളിൽ നിന്നും അപേക്ഷ ഫോറം വാങ്ങി പൂരിപ്പിച്ച് റേഷൻ കാർഡിൻറ്റെ കോപ്പി, തിരിച്ചറിയൽ കാർഡിൻറ്റെ കോപ്പി, ആധാർ കാർഡിൻറ്റെ കോപ്പി, ബാങ്ക് അക്കൌണ്ട് നമ്പർ തുടങ്ങിയ രേഖകളോടൊപ്പം സമർപ്പിക്കേണ്ടതാണ്. 2 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് നിർദ്ദിഷ്ട മാതൃകയിൽ ഫോറത്തിൽ പ്രോജക്ട് റിപ്പോർട്ട് എഴുതി സമർപ്പിക്കേണ്ടതാണ്. 2 ലക്ഷം രൂപയ്ക്ക് മുകളിൽ ഉള്ള വായ്പകൾക്ക് വിശദമായ പ്രോജക്ട് റിപ്പോർട്ടും സമർപ്പിക്കേണ്ടതാണ്. 5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് വായ്പാക്കാരൻറ്റെ സ്വന്തം ജാമ്യത്തിന് പുറമേ ഉദ്യോഗസ്ഥജാമ്യവും ആവശ്യമാണ്. 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതിന് വസ്തു ജാമ്യത്തിന് പുറമേ ബാങ്കുകൾ, കെ.എസ്.എഫ്.ഇ, പോസ്റ്റ് ഓഫീസ് എന്നിവടങ്ങളിലെ സ്ഥിരനിക്ഷേപ പത്രങ്ങൾ, ദേശീയ സമ്പാദ്യ പദ്ധതി, എൽഐസി പോളിസി എന്നിവയും ഈടായി സമർപ്പിക്കാവുന്നതാണ്. ഈട് നൽകുന്ന നിക്ഷേപ തുകയുടെ 80% വരെ വായ്പയായി ലഭിക്കുന്നതാണ്.

Advertisement