ഏതെങ്കിലും ഓൺലൈൻ പണമിടപാടുകൾ പരാജയപ്പെട്ടാൽ കസ്റ്റമേഴ്സിന് നഷ്ടമായ പണം പിഴ സഹിതംതിരികെ ലഭിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പൂർത്തിക്കിയ നിയമം 2019 ഒക്ടോബർ 15 മുതലാണ് നിലവിൽ വന്നത്. ഈ നിയമം അനുസരിച്ച് അംഗീകൃത ഡിജിറ്റൽ പണമിടപാടുകൾ പരാജയപ്പെട്ടാൽ നിശ്ചിത സമയത്തിനുള്ളിൽ ബാങ്ക് കസ്റ്റമേഴ്സിന് പണം തിരികെ കൊടുത്തില്ലെങ്കിൽ പിഴ നൽകേണ്ടിവരും. പ്രതിദിനം 100 രൂപയാണ് പിഴ. യുപിഐ, ഇ-വാലറ്റുകൾ, എടിഎം ഇടപാടുകൾ, ഐഎംപിഎസ് കൈമാറ്റം എന്നിവയുൾപ്പടെ വിവിധ പേയ്മൻറ്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇത് പ്രയോജനപ്പെടും.
ഓൺലൈൻ
ഓൺലൈൻ പണമിടപാടുകൾ പരാജയപ്പെട്ടാൽ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ ഉപഭോക്താവിന് പണം തിരികെ നൽകണമെന്നതാണ് നിയമം. യുപിഐ ഇടപാടാണെങ്കിൽ ആറ് ദിവസത്തിനുള്ളിൽ പണം തിരികെ നൽകണം. അല്ലങ്കിൽ പ്രതിദിനം 100 രൂപ പിഴയായി ലഭിക്കാൻ ഉപഭോക്താവിന് അർഹതയുണ്ട്.
എടിഎം
എടിഎം വഴി പണം പിൻവലിക്കുമ്പോൾ അക്കൌണ്ടിൽ നിന്ന് തുക കുറഞ്ഞതായി കാണപ്പെടുകയും എന്നാൽ മെഷീനിൽ നിന്ന് പണം ലഭിക്കാതിരിക്കുകയും ചെയ്താൽ തുടർന്ന് വരുന്ന 5 പ്രവൃത്തി ദിവസത്തിനുള്ളിൽ ബാങ്ക് കസ്റ്റമർക്ക് നഷ്ടമായ തുക തിരികെ കൊടുക്കണം. ഇങ്ങനെ ചെയ്യാതിരുന്നാൽ ആർ.ബി.ഐയുടെ നിയമപ്രകാരം പ്രതിദിനം 100 രൂപ പിഴയായി ലഭിക്കാൻ കസ്റ്റമറിന് അവകാശമുണ്ട്. ഇനി ഷോപ്പിങ് നടത്തുമ്പോൾ കാർഡിൽ നിന്ന് പണം നഷ്ടമാവുകയും, കൺഫർമേഷൻ ലഭിക്കാതിരിക്കുകയും ചെയ്താൽ 5 ദിവസത്തിനുള്ളിൽ പണം തിരികെ കൊടുക്കണം. അല്ലെങ്കിൽ ബാങ്കിന് പിഴ നൽകാൻ ബാധ്യതയുണ്ട്.
വാലറ്റ്
വാലറ്റ് വഴി പണം കൈമാറുമ്പോൾ പണം നഷ്ടപ്പെട്ടാൽ 2 പ്രവൃത്തി ദിവസത്തിനുള്ളിൽ ഇത് പരിഹരിക്കണം. അല്ലെങ്കിൽ ദിവസം 100 രൂപ നിരക്കിൽ ബാങ്ക് നഷ്ടപരിഹാരം നൽകണം.
കാർഡ്
കാർഡിൽ നിന്ന് കാർഡിലേക്ക് പണമിടപാടുകൾ നടത്തുമ്പോൾ റിസീവർക്ക് പണം ലഭിക്കാതിരുന്നാൽ ആർ.ബി.ഐ നിശ്ചയിച്ചിരിക്കുന്ന 2 ദിവസത്തെ സമയപരിധിക്കുള്ളിൽ പണം നൽകാൻ ബാങ്കിന് കടമയുണ്ട്. അല്ലങ്കിൽ ബാങ്ക് നഷ്ടപരിഹാരം നൽകേണ്ടതാണ്.
ഇങ്ങനെ പരാജയപ്പെട്ട പണമിടപാടുകളുടെ തുകയും നഷ്ടപരിഹാരവും ബാങ്ക് നൽകാതിരുന്നാൽ കസ്റ്റമറിന് ബാങ്കിംഗ് ഓബുഡ്സ്മാന് പരാതി നൽകാവുന്നതാണ്. എന്നിരുന്നാലും ഈ നിയമം ആഭ്യന്തര പണമിടപാടുകൾക്ക് മാത്രമേ ബാധകമാകൂ. അല്ലെങ്കിൽ പണം നൽകുന്നയാളും സ്വീകരിക്കുന്നയാളും ഇന്ത്യയിലായിരിക്കണം.