LOAN

വായ്പകൾക്ക് അപേക്ഷിക്കുകയാണോ?എങ്കിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് എവിടെയാണെന്ന് അറിയാം

Advertisement

സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി പലതരം വായ്പകൾ എടുക്കുന്നവരാണ് നാം എല്ലാവരും. ബാങ്കുകൾക്ക് പുറമേ ഇപ്പോൾ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും പലതരം വായ്പകൾ ഉപഭോക്താകൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ വായ്പ ദാതാക്കൾക്ക് അനുസരിച്ച് വായ്പകളുടെ വ്യവസ്ഥകളിലും വായ്പ രീതികളിലും വ്യത്യാസങ്ങൾ ഉണ്ടാവാം. ഓരോ വായ്പകൾക്കും വായ്പ ദാതാവിനും അനുസരിച്ച് വായ്പ തുകയിലും, പലിശ നിരക്കിലും, തിരിച്ചടവ് കാലാവധിയിലും മാറ്റങ്ങൾ ഉണ്ടാവാം. അതുക്കൊണ്ട് തന്നെ വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ തന്നെ ഈ കാര്യങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം. ഇനി ഓരോ വായ്പകൾക്കും ഏറ്റവും കുറഞ്ഞ പലിശ നിരക്ക് വാഗാദാനം ചെയ്യുന്ന ബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.

വ്യക്തിഗത വായ്പകൾ

ഉയർന്ന പലിശ നിരക്കാണ് വ്യക്തിഗത വായ്പകളുടെ ഏറ്റവും വലിയ പ്രത്യേകത. വ്യക്തിഗത വായ്പകൾക്ക് ഏറ്റവും കുറഞ്ഞ പലിശ ഈടാക്കുന്നത് ഐഡിബിഐ ബാങ്കാണ്. 8.55% മുതൽ 11.3% വരെയാണ് ഇവർ ഈടാക്കുന്ന വാർഷിക പലിശ. കോർപ്പറേഷൻ ബാങ്കുകൾ 10.75 ശതമാനം മുതൽ വ്യക്തിഗത വായ്പകൾ നൽകുന്നുണ്ട്. 10.49% നിരക്കിൽ ഫെഡറൽ ബാങ്കും 10.75 ശതമാനം നിരക്കിന്മേൽ എച്ച്ഡിഎഫ്സി ബാങ്കും വായ്പകൾ നൽകുന്നു. 17.99% വരെയാണ് ഈ ബാങ്കുകൾ ഈടാക്കുന്ന പരമാവധി പലിശ നിരക്ക്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ 11.25% മുതൽ 21% വരെയാണ് വായ്പകൾക്ക് ഈടാക്കുന്ന പലിശ നിരക്ക്.

ഭവന വായ്പകൾ

ബാങ്കുകൾക്ക് പുറമേ ഹൌസിംങ് ഫിനാൻസ് കമ്പനികളും ഇപ്പോൾ വളരെ കുറഞ്ഞ പലിശ നിരക്കിന്മേൽ ഭവന വായ്പകൾ നൽകുന്നുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്കാണ് ഇപ്പോൾ ഏറ്റവും കുറഞ്ഞ പലിശ നിരക്കിന്മേൽ ഭവന വായ്പ നൽകുന്നത്. 6.65 ശതമാനം വാർഷിക പലിശയാണ് ഇവർ ഈടാക്കുന്നത്. എസ്ബിഐ, സിറ്റി ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ 6.75% മുതൽ പലിശ നിരക്കിൽ ഹോം ലോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും ഇവരുടെ പ്രോസസിംങ് ഫീസ് കൂടുതലാണ്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 6.8% നിരക്കിലും സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ 6.85% നിരക്കിലും ഭവന വായ്പകൾ നൽകുന്നുണ്ട്. 6.9% നിരക്കിലാണ് ഐസിഐസിഐ ബാങ്ക് ഹോം ലോൺ നൽകുന്നത്.

കാർ ലോൺ

കാർ ലോണിന് ഏറ്റവും കുറഞ്ഞ പലിശ ഈടാക്കുന്നത് ബാങ്ക് ഓഫ് ബറോഡയാണ്. 7.25% മുതലാണ് പലിശ ഈടാക്കുന്നത്. 7.30 ശതമാനം നിരക്കിൽ കാനറ ബാങ്കും കാർ ലോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 7.7 ശതമാനം മുതലാണ് എസ്ബിഐ കാർ ലോണിന് ഈടാക്കുന്ന പലിശ നിരക്ക്. 7.45% നിരക്കിൽ ആക്സിസ് ബാങ്ക് വായ്പകൾ നൽകുന്നുണ്ടെങ്കിലും പ്രോസസിംങ് ഫീസ് കൂടുതലാണ്. 7.9 ശതമാനം പലിശ നിരക്കിലാണ് ഐസിഐസിഐ ബാങ്ക് കാർ ലോൺ നൽകുന്നത്. 36 മാസം മുതൽ 84 മാസംവരെ കാലാവധിയിലാണ് ലോണുകൾ നൽകുന്നത്. എന്നാൽ ഒരു വർഷം മുതൽ 35 മാസം വരെയുള്ള ലോണുകൾക്ക് 9.85 ശതമാനവുമാണ് ഇവർ ഈടാക്കുന്ന പലിശ നിരക്ക്. 8.5 ശതമാനം നിരക്കിന്മേൽ

ഫെഡറൽ ബാങ്കും ഇപ്പോൾ കാർ ലോണുകൾ നൽകുന്നുണ്ട്.

വായ്പകൾ എടുക്കുമ്പോൾ മറ്റ് ബാങ്കുകളിലെ പലിശ നിരക്കുമായി താരതമ്യം ചെയ്ത് നിങ്ങളുടെ വരുമാനത്തിനും തിരിച്ചടവ് ശേഷിക്കും അനുയോജ്യമായ പലിശ നിരക്കും വായ്പ കാലാവധിയും വാഗ്ദാനം ചെയ്യുന്ന വായ്പകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഇത് അധിക കടബാധ്യത ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും.

Advertisement