സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി പേഴ്സണൽ ലോൺ അഥവാ വ്യക്തിഗത വായ്പകൾ എടുക്കുന്നവരാണ് നാം എല്ലാവരും. ഈടില്ലാതെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ലഭിക്കുന്ന ഒരു ഹ്രസ്യകാല വായ്പയാണ് വ്യക്തിഗത വായ്പകൾ. ഒരാളുടെ ക്രെഡിറ്റ് പ്രൊഫൈലിൻറ്റെ അടിസ്ഥാനത്തിൽ ആയിരിക്കും വ്യക്തിഗത വായ്പകൾ നൽകുക. ശമ്പളക്കാർക്കും, സ്വയം തൊഴിലാളികൾക്കും, പ്രൊഫഷണലുകൾക്കുമാണ് സാധാരണ വ്യക്തിഗത വായ്പകൾ ലഭിക്കുന്നത്. 50000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് സാധാരണ പേഴ്സണൽ ലോണായി ലഭിക്കുക.
ഇപ്പോൾ ബാങ്കുകൾക്ക് പുറമേ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തിഗത വായ്പകൾ ലഭിക്കും. വ്യക്തിഗത വായ്പകൾ എളുപ്പത്തിൽ ഈടില്ലാതെ ലഭിക്കുന്നവ ആയതുക്കൊണ്ട് തന്നെ മറ്റ് വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരം വായ്പകൾക്ക് പലിശ നിരക്ക് കൂടുതലാണ്. വായ്പ നൽകുന്ന ബാങ്കിൻറ്റെ അടിസ്ഥാനത്തിൽ പലിശ നിരക്കുകളിൽ വ്യത്യാസമുണ്ട്. ഒപ്പം തന്നെ വായ്പ നൽകുന്നതിനായുള്ള പ്രോസസിംങ് ഫീയും വ്യത്യസ്തമാണ്. സാധാരണ 8.45 % മുതൽ 26 % വരെയാണ് പേഴ്സണൽ ലോണിൻറ്റെ വാർഷിക പലിശ നിരക്ക്.
ബാങ്ക് | വാർഷിക പലിശ നിരക്ക് |
പഞ്ചാബ് നാഷണൽ ബാങ്ക് | 8.95 % – 14.50 % |
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ | 9.60 % – 15.65 % |
ഫെഡറൽ ബാങ്ക് | 10.49 % – 17.99 % |
ബാങ്ക് ഓഫ് ബറോഡ | 10.50 % മുതൽ |
സഹകരണ ബാങ്ക് | 10.75 % മുതൽ |
എച്ച്ഡിഎഫ്സി ബാങ്ക് | 10.75 % – 21.30 % |
ഇൻഡസ്ഇൻഡ് ബാങ്ക് | 11.00 % – 31.50 % |
ഐസിഐസിഐ ബാങ്ക് | 11.25 % – 21% |
സൌത്ത് ഇന്ത്യൻ ബാങ്ക് | 11.55 % – 14.4 % |
കാനറ ബാങ്ക് | 12.05 % മുതൽ |
ജീവിതത്തിൽ സാമ്പത്തിക ഭദ്രത നിലനിർത്തുന്നതിന് ഈ തെറ്റുകൾ ഒഴിവാക്കാം
ഇനി വ്യക്തിഗത വായ്പകൾ എങ്ങനെ എളുപ്പത്തിൽ കുറഞ്ഞ പലിശ നിരക്കിൽ നേടാം എന്ന് നോക്കാം
ക്രെഡിറ്റ് സ്കോറിൻറ്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പകൾ പൊതുവേ നൽകുന്നത്. അതുക്കൊണ്ട് തന്നെ എപ്പോളും ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്താൻ ശ്രമിക്കുക. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ 750ന് മുകളിലാണെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
ഏത് തരം വായ്പ ആയാലും കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ ശ്രദ്ധിക്കണം. വായ്പകൾ കൃത്യമായി അടയ്ക്കുന്നവർക്ക് പിന്നീട് വായ്പകൾ ലഭിക്കാൻ എളുപ്പമാണ്. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന ഒരാൾക്ക് പലിശ പൊതുവേ കുറവായിരിക്കും. കൂടാതെ ഇത് ക്രെഡിറ്റ് സ്കോർ ഉയർത്താനും സഹായിക്കും.
വ്യക്തിഗത വായ്പകൾ എടുക്കുന്നതിന് മുമ്പ് പലിശ നിരക്കുകൾ കൃത്യമായി താരതമ്യം ചെയ്യുക. ഇത് ശരിയായ ബാങ്കിൽ നിന്നോ ധനകാര്യ സ്ഥാപനത്തിൽ നിന്നോ വായ്പ എടുക്കാൻ നിങ്ങളെ സഹായിക്കും.
ഫെസ്റ്റിവൽ സീസണിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പൊതുവേ കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകാറുണ്ട്. ഒരു നിശ്ചിത കാലയളവിലേക്ക് ആയിരിക്കും ഇത്തരം ഓഫറുകൾ നൽകുന്നത്. ഓഫറുകളുടെ സമയത്ത് വായ്പയ്ക്ക് അപേക്ഷിക്കുകയാണെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ എളുപ്പത്തിൽ വായ്പകൾ ലഭിക്കും.
പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് പലിശ നിരക്കും പ്രോസസിംങ് ഫീസും കൃത്യമായി അറിഞ്ഞിരിക്കണം. ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വായ്പ എടുക്കാൻ ശ്രദ്ധിക്കണം. കൂടാതെ കൃത്യസമയത്ത് തിരിച്ചടച്ച് ക്രെഡിറ്റ് സ്കോർ നിലനിർത്തുകയും വേണം.