ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് വലിയ തുകകൾ കൈമാറുന്നതിനായി ഉപയോഗിക്കുന്ന
റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സൗകര്യം ഇനിമുതൽ 365 ദിവസവും ലഭ്യമാവും. നിലവിലെ
നിയമപ്രകാരം മാസത്തിലെ എല്ലാ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഞായറാഴ്ചയും
ഒഴികെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ആണ് ഈ സൗകര്യം ഉപയോഗിച്ചിരുന്നത്. എന്നാൽ
ഡിജിറ്റൽ പെയ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇനിമുതൽ
എന്നും ഇടപാടുകൾ നടത്താൻ അനുവദിക്കും.
2020 ഡിസംബർ ഒന്നുമുതലാണ് ഈ സൗകര്യം ലഭ്യമാവുക. അതോടെ ഇൻസ്റ്റന്റ് പെയ്മെന്റ്
സൗകര്യം 24 മണിക്കൂറും അനുവദിക്കുന്ന ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും
സ്ഥാനം പിടിക്കും. ആർജിടിഎസ് വഴി കൈമാറാവുന്ന ഏറ്റവും ചെറിയ തുക രണ്ട് ലക്ഷം രൂപയാണ്.
ആർജിടിഎസ് സൗകര്യം ഉപയോഗിക്കുന്നതിന് പൊതുവേ ചാർജുകൾ ഈടാക്കാറുണ്ട്. എന്നാൽ
ഈ നിരക്കുകൾ ഇനിമുതൽ യുക്തിസഹമായിരിക്കും. 2020 ജനുവരി ഒന്നു മുതൽ നാഷണൽ
ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ ഓൺലൈൻ ഇടപാടുകൾക്ക് നിരക്കുകൾ ഈടാക്കരുതെന്ന്
നേരത്തെ റിസർവ്ബാങ്ക് അറിയിച്ചിരുന്നു.
2 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയുള്ള ഇടപാടുകൾക്ക് ചാർജ് 24.50 രൂപയും അഞ്ചു ലക്ഷത്തിന്
മുകളിലുള്ള ഇടപാടുകൾക്ക് 49.50 രൂപയും മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.