INVESTMENT

നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) പുതിയ മാറ്റങ്ങൾ

Advertisement

ദേശീയ പെൻഷൻ പദ്ധതിയിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെൻറ്റ് അതോറിറ്റി അഥവാ പിഎഫ്ആർഡിഎ. എൻപിഎസിൽ ചേരുന്നതിനും പദ്ധതിയിൽ നിന്ന് പിന്മാറുന്നതിനുമുള്ള പ്രായപരിധിയിലും പുതിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

എന്താണ് എൻപിഎസ് ?

ഓഹരി വിപണിയിലെ വളർച്ചയ്ക്ക് അനുസരിച്ച് മൂലധന വളർച്ച വാഗ്ദാനം ചെയ്യുന്ന കേന്ദ്ര സർക്കാരിൻറ്റെ പെൻഷൻ പദ്ധതിയാണ് എൻപിഎസ് അഥവാ നാഷണൽ പെൻഷൻ സിസ്റ്റം. 18 വയസ്സ് മുതൽ 65 വയസ്സ് വരെ പ്രായപരിധിയിൽ ഉള്ളവർക്കായിരുന്നു ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കുക. കുറഞ്ഞത് 1000 രൂപ പ്രതിവർഷം നിക്ഷേപിച്ചുക്കൊണ്ട് ഈ പദ്ധതിയിൽ ചേരാം. പദ്ധതിയുടെ കാലാവധി പൂർത്തിയാകുമ്പോൾ അല്ലെങ്കിൽ നിക്ഷേപകന് 60 വയസ്സ് പൂർത്തിയാകുമ്പോൾ എൻപിഎസ് നിക്ഷേപത്തിൻറ്റെ 60 ശതമാനം പിൻവലിക്കുകയും ബാക്കി 40 ശതമാനം ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയുടെ പെൻഷൻ പദ്ധതിയിൽ നിക്ഷേപിക്കുകയും ചെയ്യണം എന്നായിരുന്നു ഇതുവരെയുള്ള നിയമം.
ഇപ്പോൾ ഈ നിബന്ധനകളിലെല്ലാം തന്നെ മാറ്റം വരുത്തിയിരിക്കുകയാണ് പിഎഫ്ആർഡിഎ. എന്തൊക്കെയാണ് പ്രധാനപ്പെട്ട ഭേദഗതികൾ എന്ന് നോക്കാം.

1. പ്രായപരിധി ഉയർത്തി

എൻപിഎസിൽ ചേരുന്നതിനുള്ള പ്രായപരിധി ഉയർത്തി എന്നതാണ് ഒരു സുപ്രധാനമായ മാറ്റം. പദ്ധതിയിൽ ചേരുന്നതിനുള്ള പ്രായപരിധി 65 വയസ്സിൽ നിന്ന് 70 വയസ്സായാണ് ഉയർത്തിയിരിക്കുന്നത്. പദ്ധതിയിലേക്ക് കൂടുതൽ പേരേ ആകർഷിക്കുന്നതിനാണ് പ്രായപരിധി ഉയർത്തിയത്. കൂടാതെ 60 വയസ്സിന് ശേഷം പദ്ധതിയിൽ ചേരുന്നവർക്ക് 75 വയസ്സുവരെ നിക്ഷേപം നടത്താനുള്ള അനുമതിയും പുതിയ ഭേദഗതി പ്രകാരം ഉണ്ട്.

2. 5 ലക്ഷം രൂപ വരെ പൂർണമായി പിൻവലിക്കാം

പുതിയ ഭേദഗതി പ്രകാരം മെച്യൂരിറ്റി തുക 5 ലക്ഷം രൂപയോ അതിൽ കുറവാണെങ്കിലോ ആന്വിറ്റി വാങ്ങാതെ തന്നെ നിക്ഷേപകർക്ക് എൻപിഎസിലെ മുഴുവൻ തുകയും പിൻവലിക്കാം. നേരത്തെ ഇത് 2 ലക്ഷം രൂപ ആയിരുന്നു.

3. കൂടുതൽ ആന്വിറ്റി പ്ലാൻ ഓപ്ഷൻസ്

നേരത്തെ ഈ പദ്ധതി പ്രകാരം കോർപ്പസ് തുകയുടെ 40 ശതമാനം ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയുടെ പെൻഷൻ പദ്ധതിയിൽ നിക്ഷേപിക്കണം എന്നായിരുന്നു നിയമം. എന്നാൽ പുതിയ ഭേദഗതി പ്രകാരം കോർപ്പസ് തുകയുടെ 40 ശതമാനം ഏതെങ്കിലും ഓഹരികളിലോ, കോർപ്പസ് ഫണ്ടുകളിലോ നിക്ഷേപം നടത്താൻ അനുമതിയുണ്ട്.

4. ആന്വിറ്റി മാറ്റിവയ്ക്കൽ

60 വയസ്സ് പൂർത്തിയായ ശേഷം അല്ലെങ്കിൽ പദ്ധതിയുടെ കാലാവധി പൂർത്തിയായ ശേഷം പരമാവധി മൂന്ന് വർഷത്തേക്ക് ആന്വിറ്റി വാങ്ങുന്നത് മാറ്റിവയ്ക്കാൻ നിക്ഷേപകർക്ക് അവകാശമുണ്ട്. ഇതിനായി നിക്ഷേപകർ രേഖാമൂലം പെൻഷൻ സിസ്റ്റം ട്രസ്റ്റ് അല്ലെങ്കിൽ ഇതിനായി അതോറിറ്റി അധികാരപ്പെടുത്തിയ സ്ഥാപനങ്ങളിലോ അപേഷ സമർപ്പിക്കേണ്ടതാണ്. ഇനി നിക്ഷേപകൻ മരണപ്പെട്ടാൽ മുഴുവൻ തുകയും അയാളുടെ നോമിനിക്ക് അഥവാ നിയമപരമായ അവകാശിക്ക് കൈമാറും.

5. ഡിജിറ്റൽ എൻട്രി

പോയിൻറ്റ്സ് ഓഫ് പ്രെസൻസ് (പിഒപി), സെൻട്രൽ റെക്കോർഡ് കീപ്പിംങ് ഏജൻസീസ് (സിആർഎ) എന്നീ രണ്ട് കമ്പനികൾക്ക് പുതിയ നിക്ഷേപകരെ എൻപിഎസിൽ ചേർക്കുന്നതിനുള്ള അനുമതി പിപിആർഡിഎ നൽകിയിട്ടുണ്ട്. ഇതുവഴി നിക്ഷേപകർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പെൻഷൻ പദ്ധതിയിൽ എളുപ്പത്തിൽ അംഗമാകാൻ സാധിക്കും. ഈ ഭേദഗതികൾക്ക് പുറമേ വിദേശ നിക്ഷേപം ഉയർത്തുന്നതിന് വേണ്ടി എൻപിഎസിനെ പിഎഫ്ആർഡിഎയുടെ കീഴിൽ നിന്ന് മാറ്റി കമ്പനി നിയമത്തിൻറ്റെ കീഴിലോ മറ്റേതെങ്കിലും സർക്കാർ അംഗീകൃത സമതിക്ക് കീഴിലേക്കോ മാറ്റാനും തീരുമാനമായിട്ടുണ്ടെന്നാണ് സൂചന.

Advertisement