PERSONAL FINANCE

പ്രവാസികളായിട്ടും നാട്ടിലെ സേവിംഗ്സ് അക്കൌണ്ടാണോ ഇനിയും നിങ്ങൾ ഉപയോഗിക്കുന്നത് ?

Advertisement

ഇന്ത്യക്കു പുറത്തു താമസിക്കുകയും നാട്ടിലെ പഴയ സേവിംഗ്സ് അക്കൌണ്ട് സാധാരണപോലെ ഉപയോഗിക്കുകയും ചെയ്യുന്നവരാണ് മിക്ക പ്രവാസികളും. എന്നാൽ നിങ്ങൾ ചെയ്യുന്നത് വലിയ തെറ്റാണ്. എല്ലാ പ്രവാസികൾക്കും ഒരു എൻആർഒ അക്കൌണ്ടും എൻആർഇ അക്കൌണ്ടും നിർബന്ധമാണ്. ഈ അക്കൌണ്ടുകൾ ഉപയോഗിച്ച് മാത്രമേ ഇവർക്ക് പണമിടപാടുകൾ നടത്താൻ കഴിയൂ. ഈ അക്കൌണ്ടുകൾ ഉപയോഗിച്ചല്ലാതെ നടത്തുന്ന പണമിടപാടുകൾ നിയമലംഘനമാണ്. വിദേശത്ത് നിന്ന് സമ്പാദിച്ച പണം എൻആർഒ അല്ലെങ്കിൽ എൻആർഇ അക്കൌണ്ടിലേക്ക് മാറ്റേണ്ടത് നിർബന്ധമാണ്.

ആരൊക്കെയാണ് പ്രവാസികൾ ?

1999 ലെ ഇന്ത്യൻ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ്റ് ആക്ട് പ്രകാരം ജോലിക്കോ ബിസിനസ്സിനോ ആയി ഒരു നിശ്ചിത കാലയളവിൽ കൂടുതൽ ഇന്ത്യക്കു വെളിയിൽ താമസിക്കുന്നവരെ പ്രവാസികളായാണ് പരിഗണിക്കുന്നത്. 182 ദിവസത്തിൽ താഴെ മാത്രമേ ഒരു വ്യക്തി ഇന്ത്യയിൽ താമസിക്കുന്നുള്ളൂ എങ്കിലും ഇയാളെ പ്രവാസി ആയിട്ടാണ് ഈ നിയമപ്രകാരം കണക്കാക്കുന്നത്.
അതുകൊണ്ട് ഇത്തരത്തിൽ ഇന്ത്യക്കു വെളിയിൽ പ്രവാസികളായി കഴിയുന്നവർക്കെല്ലാം എൻആർഒ, എൻആർഇ അക്കൌണ്ടുകൾ നിർബന്ധമാണ്. നാട്ടിലെ സേവിംഗ്സ് അക്കൌണ്ട് ഉപയോഗിക്കുന്നത് ഇനിയും തുടർന്നാൽ ഇത് കനത്ത പിഴയും ജയിൽ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.

നിങ്ങൾക്ക് നിലവിൽ അക്കൌണ്ടുള്ള ബാങ്കുമായി ബന്ധപ്പെട്ടാൽ വളരെ പെട്ടെന്നു തന്നെ നിങ്ങളുടെ നാട്ടിലെ സേവിംഗ്സ് അക്കൌണ്ടുകൾ എൻആർഒ അല്ലെങ്കിൽ എൻആർഇ അക്കൌണ്ട് ആക്കി മാറ്റാവുന്നതാണ്. ഇനി എൻആർഒ അക്കൌണ്ടിൻറ്റെയും എൻആർഇ അക്കൌണ്ടിൻറ്റെയും പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം.

എൻആർഒ അക്കൌണ്ട്

ലോകത്ത് എവിടെ നിന്നു വേണമെങ്കിലും സാമ്പത്തിക ഇടപാടുകൾ നടത്താം എന്നതാണ് ഈ അക്കൌണ്ടിൻറ്റെ ഏറ്റവും വലിയ പ്രത്യേകത. ഇത്തരത്തിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് ചാർജുകളൊന്നും നൽകേണ്ടതില്ല. പേയ്മെൻറ്റുകൾ നടത്തുന്നതിനായാണ് ഈ അക്കൌണ്ട് കൂടുതലായി ഉപയോഗിക്കുന്നത്. നാട്ടിലുള്ള പങ്കാളിയുമായോ മാതാപിതാക്കളോ ആയി ചേർന്ന് ജോയിൻറ്റ് അക്കൌണ്ടും ആരംഭിക്കാവുന്നതാണ്. നാട്ടിലെ വരുമാനം ഈ അക്കൗണ്ടിലൂടെ മാനേജ് ചെയ്യാം .ഇത്തരം അക്കൌണ്ടുകൾക്ക് നികുതി ബാധകമാണ്.

എൻആർഇ അക്കൌണ്ട്

ആദായ നികുതി നിയമ പ്രകാരം നികുതി നൽകേണ്ടതില്ല എന്നതാണ് എൻആർഇ അക്കൌണ്ടുകളുടെ പ്രത്യേകത. അക്കൌണ്ടിലുള്ള പണത്തിന് ഇൻകം ടാക്സോ വെൽത്ത് ടാക്സോ നൽകേണ്ടതില്ല. വിദേശ കറൻസി നിക്ഷേപിക്കുന്നതിന് ആവശ്യമായ അക്കൌണ്ട് ആണ് എൻആർഇ അക്കൌണ്ട്. വിദേശത്ത് നിന്നും സമ്പാദിക്കുന്ന പണം നാട്ടിലേക്ക് അയക്കാനും ഈ അക്കൌണ്ട് ഉപയോഗിക്കാം. ഒരു വ്യക്തിക്ക് ഒറ്റയ്ക്കോ ജോയിൻറ്റായോ എൻആർഇ അക്കൌണ്ട് തുറക്കാവുന്നതാണ്.

ഇപ്പോൾ എല്ലാ ബാങ്കുകളിലും സേവിംഗ്സ് അക്കൌണ്ടുകൾ എൻആർഒ അല്ലെങ്കിൽ എൻആർഇ അക്കൌണ്ടുകളാക്കി മാറ്റുന്നതിനുള്ള സൌകര്യമുണ്ട്. അതുകൊണ്ട് ജോലിക്കോ ബിസിനസ്സിനോ ആയി നിങ്ങൾ വിദേശത്തേക്കു പോവുകയാണെങ്കിൽ ഈ വിവരം നിങ്ങളുടെ ബാങ്കിനെ അറിയിക്കേണ്ടതാണ്. നിങ്ങളുടെ ബാങ്ക് അക്കൌണ്ട് സ്റ്റാറ്റസ് മാറ്റുന്നതിനുള്ള നിർദ്ദേശങ്ങൾ ബാങ്ക് നൽകുന്നതാണ്. തുടർന്നുള്ള നിങ്ങലുടെ സാമ്പത്തിക ഇടപാടുകൾക്ക് ഈ അക്കൌണ്ടുകൾ ഉപയോഗിക്കുക.

Advertisement