PERSONAL FINANCE

മികച്ച രീതിയിൽ പണം സേവ് ചെയ്യുന്നതിനും ചിലവഴിക്കുന്നതിനുമുള്ള വഴികൾ

Advertisement

സാമ്പത്തിക അച്ചടക്കം പാലിക്കുന്നവർക്ക് മാത്രമേ ഉയർന്ന സാമ്പത്തിക നേട്ടങ്ങളും കൈവരിക്കാൻ സാധിക്കുകയുള്ളൂ. പണം ചിലവഴിക്കുമ്പോൾ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കാൻ കഴിയും. ദൈനംദിന ജീവിതത്തിലെ ചില ചെറിയ കാര്യങ്ങളിൽ സാമ്പത്തിക അച്ചടക്കം പാലിച്ചാൽ തന്നെ നിങ്ങൾക്ക് നല്ല ഒരു തുക മിച്ചം പിടിക്കാൻ സാധിക്കും.

പണം ചോരുന്ന വഴികൾ

അനാവശ്യമായ പല കാര്യങ്ങൾക്കും നാം പണം ചിലവഴിക്കാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ പണം ചോരുന്ന വഴികൾ കണ്ടെത്തുകയാണ് ഏറ്റവും ആദ്യം വേണ്ടത്. പലരും ഷോപ്പിംഗ് ചെയ്യുമ്പോൾ ആവശ്യമില്ലാത്ത പല സാധനങ്ങളും വാങ്ങി കൂട്ടാറുണ്ട്. ഡിസ്കൌണ്ടുകൾ ലഭിക്കുമ്പോൾ സാധനങ്ങൾ വാങ്ങിക്കുന്നത് സാമ്പത്തികമായി വലിയ ഗുണം ചെയ്യും എന്നത് ശരിയാണ്. എന്നാൽ ആവശ്യമുള്ളവ മാത്രം ഇങ്ങനെ വാങ്ങുക. എന്തെങ്കിലും വാങ്ങുന്നതിനു മുമ്പ് നന്നായി ആലോചിക്കുക. ആവശ്യമെങ്കിൽ മാത്രം വാങ്ങിക്കുക. ഓഫറുകൾ കാണുമ്പോൾ ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങി കൂട്ടൂന്ന പലരും ഉണ്ട്. ഇത് ഒഴിവാക്കുക. മോഡൽ മാറുന്നതിനനുസരിച്ച് വാഹനം, സ്മാർട്ട്ഫോൺ തുടങ്ങിയ സാധനങ്ങൾ വാങ്ങുന്നവരുണ്ട്. ഇത് പണം ചോർത്തുന്ന മറ്റൊരു വഴിയാണ്.

ക്രെഡിറ്റ് കാർഡുകൾ

അടിയന്തര സാമ്പത്തിക ആവശ്യങ്ങളിൽ ക്രെഡിറ്റ് കാർഡുകൾ വലിയ സഹായമാണ്. പക്ഷേ നിങ്ങൾ ശരിയായ രീതിയിൽ അല്ല ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് എങ്കിൽ അതു നിങ്ങളെ വലിയ കടക്കെണിയിലാക്കും. ഡ്യൂ ഡേറ്റിനുള്ളിൽ പണം മുഴുവൻ തിരിച്ചടച്ചില്ലെങ്കിൽ നിങ്ങൾ ഇതിനു പലിശയും മറ്റു ചാർജുകളും നൽകേണ്ടിവരും. അതുപോലെ പണം അടയ്ക്കാൻ കഴിയാതെ വരുമ്പോൾ ആ തുക മറ്റൊരു ക്രെഡിറ്റ് കാർഡിലേക്ക് മാറ്റുന്നവരും ഉണ്ട്. ഇങ്ങനെ നിങ്ങളുടെ പണത്തിൻറ്റെ വലിയൊരു ശതമാനവും നഷ്ടമാകുകയാണ്. വിവേകപൂർവ്വം വേണം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ. നിശ്ചിത തീയതിക്കുള്ളിൽ മുഴുവൻ തുകയും തിരിച്ചടയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

ഇന്ന് ഓൺലൈനായി ഏതു സാധനവും നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ്. ചിലവ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു മാർഗ്ഗമാണിത്.കടകളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ വളരെ കുറഞ്ഞ വിലയിൽ നിങ്ങൾക്ക് പലപ്പോഴും സാധനങ്ങൾ ലഭിക്കും എന്നതാണ് ഇവയുടെ പ്രത്യേകത. അനാവശ്യമായ ആഡംബരങ്ങൾ ഒഴിവാക്കുക. നിങ്ങളുടെ ചിലവുകൾ എഴുതി സൂക്ഷിക്കുക. ഇതിലൂടെ അനാവശ്യമായ ചിലവുകൾ കണ്ടെത്താനും അവ നിയന്ത്രിക്കാനും സാധിക്കും. ഒരു ബജറ്റ് തയ്യാറാക്കി ആ ബജറ്റിനനുസരിച്ച് ചിലവഴിക്കുക. വീട്ടുചെലവുകൾ, സമ്പാദ്യം, കടങ്ങൾ തുടങ്ങിയവയ്ക്കായി എല്ലാ മാസവും ഒരു നിശ്ചിത തുക മാറ്റിവയ്ക്കാം.

പലരും നല്ല വരുമാനം ഉള്ള സമയത്ത് പണം നിയന്ത്രണമില്ലാതെ ചിലവഴിക്കും. ഇപ്പോൾ ലഭിക്കുന്ന വരുമാനം എല്ലാക്കാലത്തും ലഭിക്കുകയില്ല. അതുകൊണ്ട് വരുമാനത്തിൻറ്റെ ഒരു വിഹിതം കൃത്യമായി സേവ് ചെയ്യുകയാണെങ്കിൽ ഭാവിയിൽ അത് ഉപകാരപ്പെടും. മാത്രമല്ല സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോൾ ഈ പണം ഉപയോഗിക്കുകയും ചെയ്യാം. നിക്ഷേപിക്കുന്നതിന് ഒരു ലക്ഷ്യം ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ്. അത് നിങ്ങളെ നിക്ഷേപിക്കുന്നതിൽ നിന്ന് പിന്തിരിയാതിരിക്കാൻ സഹായിക്കും. ഉദാഹരണത്തിന് കുട്ടികളുടെ വിദ്യാഭ്യാസം, ഭവനം, റിട്ടയർമെൻറ്റ് തുടങ്ങിയ കാര്യങ്ങൾക്ക് ഈ പണം ഉപയോഗിക്കാം. ഫിക്സിഡ് ഡിപ്പോസിറ്റ്, ഗോൾഡ് കോയിൻ, റിയൽ എസ്റ്റേറ്റ്, മ്യൂച്ചൽ ഫണ്ട്, ഓഹരികൾ തുടങ്ങി വിവിധ നിക്ഷേപ മാർഗ്ഗങ്ങളിൽ നിങ്ങൾക്കു പണം സമ്പാദിക്കാം.

 

Advertisement