ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട സമയം ആണ് വാർദ്ധക്യകാലം. ഇങ്ങനെ വാർദ്ധക്യ കാലത്ത് ഇന്ത്യയിലെ മുതിർന്ന പൌരൻമാരായ വ്യക്തികൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് പ്രധാന മന്ത്രി വയ യോജന. ഇന്ത്യയിലെ മുതിർന്ന പൌരൻമാർക്കു വേണ്ടിയുള്ള വാർദ്ധക്യകാല പെൻഷൻ പദ്ധതിയാണ് പിഎം വയ വന്ദന യോജന. ഈ പദ്ധതി പ്രകാരം 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പെൻഷനു അപേക്ഷിക്കാം. കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ ജീവനക്കാർ അല്ലാത്തവർക്കാണ് പെൻഷനു അപേക്ഷിക്കാവുന്നത്. ഇന്ത്യൻ പൌരൻമാരായ വ്യക്തികൾക്ക് മാത്രമാണ് പെൻഷനു അപേക്ഷിക്കുവാൻ സാധിക്കുന്നത്. ഇന്ത്യൻ സർക്കാറിൻറ്റെ ഈ പദ്ധതിയിലൂടെ മുതിർന്ന പൌരൻമാർക്ക് പ്രതിവർഷം 1,11,000 രൂപ ലഭിക്കും.
ലൈഫ് ഇൻഷുറൻസ് കൊർപറേഷൻ ഓഫ് ഇന്ത്യ ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത് ഒരു നിശ്ചിത തുക ഈ പദ്ധതിയിൽ നിക്ഷേപിക്കുക എന്നതാണ്. പെൻഷൻറ്റെ കാലയളവും ഉപഭോക്താവിനു തന്നെ തീരുമാനിക്കാം. പെൻഷൻ രീതി പ്രതിമാസമോ, മൂന്നു മാസത്തിൽ ഒരിക്കലോ, ആറു മാസം കൂടുമ്പഴോ, പ്രതിവർഷമോ എന്നത് ഉപഭോക്താവിന് തന്നെ തിരഞ്ഞെടുക്കാം.
പരമാവധി പതിനഞ്ചു ലക്ഷം രൂപ വരെ ഒരു വ്യക്തിക്ക് പദ്ധതിക്കു കീഴിൽ നിക്ഷേപിക്കാം. പെൻഷനായി ലഭിക്കുന്ന തുകയ്ക്കും പരിമിതി ഉണ്ട്. പ്രതിമാസം 9,250 രൂപയാണ് പെൻഷനായി ലഭിക്കുന്നത്. മൂന്നു മാസം കൂടുമ്പോഴാണ് പെൻഷൻ വാങ്ങുന്നത് എങ്കിൽ പരമാവധി 27,750 രൂപയും ലഭിക്കും. എന്നാൽ ആറു മാസം കൂടുമ്പോൾ ആണ് പെൻഷൻ വാങ്ങുന്നത് എങ്കിൽ പരമാവധി 55,500 രൂപ വരെയേ ലഭിക്കുകയുള്ളൂ. അത്തരത്തിൽ പ്രതിവർഷം 1,11,000 രൂപ വരെ ഒരു വ്യക്തിക്ക് പെൻഷൻ വാങ്ങിക്കാം. പ്രതിമാസം ആയിരം രൂപ വീതം പെൻഷൻ വാങ്ങുവാൻ ആഗ്രഹിക്കുന്ന ഒരാൾ 1,62,000 രൂപ മാത്രം നിക്ഷേപിച്ചാൽ മതിയാകും.
എട്ടു ശതമാനം പലിശയാണ് നിങ്ങളുടെ നിക്ഷേപത്തിനു ലഭിക്കുന്നത്. നികുതി ഇളവുകൾ ആണ് ഈ നിക്ഷേപ പദ്ധതിയുടെ ഒരു പ്രധാന ആകർഷണം. പദ്ധതിയിൽ ചേരുന്ന എല്ലാ വ്യക്തികൾക്കും നികുതി ഇളവുകൾ ലഭിക്കും. ഇനി ഈ പദ്ധതിയുടെ കാലയളവിൽ നിക്ഷേപകൻ മരണപ്പെടുകയാണെങ്കിൽ ആ വ്യക്തി നിക്ഷേപം നടത്തിയിട്ടുള്ള മുഴുവൻ തുകയും നോമിനിക്ക് ലഭിക്കും. കൂടാതെ നിക്ഷേപം നടത്തിയ വ്യക്തിക്കോ അയാളുടെ പങ്കാളിക്കോ ഗുരുതരമായ എന്തെങ്കിലും അസുഖം പിടിപെട്ടാൽ നിക്ഷേപത്തിൻറ്റെ കാലാവധി പൂർത്തിയാകും മുമ്പ് നിക്ഷേപം നടത്തിയിട്ടുള്ള മുഴുവൻ തുകയും പിൻവലിക്കാനും സാധിക്കും. ഇനി നിക്ഷേപം മൂന്നു വർഷം പൂർത്തിയാക്കിയവർക്ക് നിക്ഷേപിച്ച തുകയുടെ 75 ശതമാനം വരെ വായ്പ എടുക്കാനും സാധിക്കും.
മുമ്പ് 2017 മെയ് 4 മുതൽ 2020 മാർച്ച് 31 വരെ ആയിരുന്നു ഉപയോക്താക്കൾക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഈ ആനുകൂല്യങ്ങൾ 2023 മാർച്ച് വരെ നീട്ടിയിട്ടുണ്ട്. അതിനാൽ പദ്ധതിയുടെ ഉപയോക്താക്കൾക്ക് ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കും. സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അറുപത് വയസ്സിനു മുകളിൽ പ്രായം ഉണ്ടായിരിക്കണം എന്നതും ഇന്ത്യൻ പൌരൻ ആയിരിക്കണം എന്നതും മാത്രം ആണ് ഈ പെൻഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള മാനദണ്ഡങ്ങൾ. പെൻഷൻ പദ്ധതി എന്നതിനുമപ്പുറം വാർദ്ധക്യ കാലത്തേക്ക് നല്ലൊരു സമ്പാദ്യം കൂടിയാണ് ഈ പദ്ധതി.