2015 മേയ് 9ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ ആരംഭിച്ച ഒരു ഇൻഷുറൻസ് പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന അഥവാ പിഎംഎസ്ബിവൈ. പ്രതിവർഷം 12 രൂപ അടച്ചുക്കൊണ്ട് ഈ പദ്ധതിയിൽ അംഗമാകാം. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും അപകട മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഇൻഷുറൻസ് പരിരക്ഷ നൽകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പൊതുമേഖല ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
യോഗ്യത
18 മുതൽ 70 വയസ്സ് വരെ പ്രായപരിധിയിലുള്ളവർക്ക് ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കും. പദ്ധതിയിൽ ചേരുന്നതിന് ബാങ്ക് അക്കൌണ്ട് നിർബന്ധമാണ്. ഒന്നിലധികം ബാങ്ക് അക്കൌണ്ട് ഉള്ളവർക്ക് ഒരു അക്കൌണ്ട് വഴിയേ പദ്ധതിയിൽ ചേരാനാകൂ. ജോയിൻറ്റ് അക്കൌണ്ട് ഹോൾഡൾമാർക്ക് എല്ലാവർക്കും പദ്ധതിയിൽ അംഗമാകാം. ഇന്ത്യക്ക് പുറത്തുള്ളവർക്കും പദ്ധതിയിൽ ചേരാൻ സാധിക്കും. എന്നാൽ ഇൻഷുറൻസ് ക്ലെയിം ഇന്ത്യൻ കറൻസിയിൽ മാത്രമേ നൽകൂ. മറ്റ് ഇൻഷുറൻസ് പദ്ധതികളിൽ അംഗമായിട്ടുള്ളവർക്കും ഈ പദ്ധതിയിൽ ചേരാം.
അപേക്ഷിക്കേണ്ട വിധം
അക്കൌണ്ട് ഉടമകൾക്ക് അതാത് ബാങ്കിൽ നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് നൽകിയോ, ബന്ധപ്പെട്ട ബാങ്ക് വെബ്സൈറ്റിലൂടെ ഓൺലൈനായോ അപേക്ഷ സമർപ്പിക്കാം.
ഇൻഷുറൻസ് തുക
അപകട മരണം, പൂർണ വൈകല്യം എന്നിവയ്ക്ക് 2 ലക്ഷം രൂപയും ഭാഗീകമായ അംഗവൈകല്യത്തിന് 1 ലക്ഷം രൂപയുമാണ് ഈ പദ്ധതി പ്രകാരം ഇൻഷുറൻസ് ക്ലെയിമായി ലഭിക്കുക. ബാങ്ക് അക്കൌണ്ട് വഴിയാണ് ഇൻഷുറൻസ് തുക കൈമാറുന്നത്. ഇൻഷ്വർ ചെയ്ത വ്യക്തി മരിച്ചാൽ ആനുകൂല്യങ്ങൾ നോമിനിക്ക് ലഭിക്കുന്നതാണ്.
പ്രീമിയം
2 ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് കവറേജ് ലഭിക്കുന്നതിന് വാർഷിക പ്രീമിയം 12 രൂപയാണ്. ജൂൺ 1 മുതൽ മേയ് 31 വരെയാണ് പദ്ധതിയുടെ കാലാവധി. തുടർന്നും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് ഓരോ വർഷവും പദ്ധതി പുതുക്കേണ്ടതുണ്ട്. പ്രീമിയം ഓൺലൈനായോ ബാങ്കിൽ നേരിട്ടോ അടക്കാം. ഓട്ടോ പേ സൌകര്യവും ഈ പദ്ധതിക്ക് കീഴിൽ ലഭ്യമാണ്. മേയ് 25 നും 31നും ഇടയിലാണ് ബാങ്കുകൾ പ്രീമിയം ഈടാക്കുന്നത്. പ്രീമിയം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ പദ്ധതിയിൽ നിന്ന് പുറത്താകും.
പോരായ്മകൾ
അപകടങ്ങൾ സംഭവിച്ചാൽ ആശുപത്രി ചിലവുകൾ ഈ പദ്ധതിക്ക് കീഴിൽ ലഭ്യമല്ല. കൂടാതെ സ്വഭാവിക മരണത്തിനും ആത്മഹത്യക്കും ഇൻഷുറൻസ് ക്ലെയിം ലഭ്യമല്ല എന്നതും മറ്റൊരു പോരായ്മയാണ്.