BANKING

പോസ്റ്റ് ഓഫീസ് സീറോ ബാലൻസ് അക്കൗണ്ട് ഇനി എല്ലാവർക്കും ഇല്ല

Advertisement

2021 ഏപ്രിൽ 9ന് ധനകാര്യമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം പോസ്റ്റ് ഓഫീസ് സീറോ ബാലൻസ് അക്കൌണ്ട് ഇനി എല്ലാവർക്കും ഒരുപോലെ തുടങ്ങാനാകില്ല. പുതുക്കിയ നിയമമനുസരിച്ച് ബേസിക്ക് സേവിങ് അക്കൌണ്ട് അല്ലങ്കിൽ സീറോ ബാലൻസ് അക്കൌണ്ട് ആരംഭിക്കുന്നതിന് ചില നിബന്ധനകൾ ഉണ്ട്. ഏതെങ്കിലും സർക്കാർ ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുതിർന്ന അംഗങ്ങൾക്കും, സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്തിട്ടുള്ള പ്രായപൂർത്തിയാകാത്തവരുടെ രക്ഷിതാക്കൾക്കും മാത്രമേ ഇനി സീറോ ബാലൻസ് അക്കൌണ്ട് ആരംഭിക്കാൻ സാധിക്കൂ. പെൻഷൻ, സ്കോളർഷിപ്പ്, എൽപിജി സബ്സിഡി തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഈ അക്കൌണ്ട് ഉപയോഗിക്കാം. കൂടാതെ മറ്റേതെങ്കിലും പദ്ധതികളിൽനിന്നുമുള്ള പണവും ഈ അക്കൌണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടുന്നതാണ്. ഒരാൾക്ക് ഒന്നിൽ കൂടുതൽ സീറോ ബാലൻസ് അക്കൌണ്ടുകൾ തുടങ്ങാൻ സാധിക്കില്ല.

സേവിങ്സ് അക്കൌണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താൻ കഴിയാത്തവർക്ക് സീറോ ബാലൻസ് അക്കൌണ്ടുകൾ അനുയോജ്യമാണ്. ഇപ്പോൾ നിലവിൽ പോസ്റ്റ് ഓഫീസ് സേവിങ് അക്കൌണ്ടിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസ് 500 രൂപയാണ്. മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കാനും പോസ്റ്റ് ഓഫീസുകൾക്ക് അധികാരമുണ്ട്. ഏതൊരു ഇന്ത്യൻ പൌരനും ഈ അക്കൌണ്ട് ആരംഭിക്കാം. വ്യക്തിഗത അക്കൌണ്ടോ, രണ്ട് പേർ ചേർന്നുള്ള ജോയിൻറ്റ് അക്കൌണ്ടുകളോ തുടങ്ങാൻ സാധിക്കും. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മാതാപിതാക്കൾക്ക് കുട്ടികളുടെ പേരിൽ അക്കൌണ്ട് ആരംഭിക്കാവുന്നതാണ്. മിനിമം ബാലൻസ് അടിസ്ഥാനമാക്കി പ്രതിവർഷം 4 ശതമാനം പലിശയാണ് സേവിങ് അക്കൌണ്ട് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വർഷത്തിനുള്ളിൽ ഒരു സാമ്പത്തിക ഇടപാടെങ്കിലും നടത്തേണ്ടതും ആവശ്യമാണ്. എടിഎം, ചെക്ക്, മൊബൈൽ ബാങ്കിംഗ്, ഓൺലൈൻ ഫണ്ട് ട്രാൻസ്ഫർ തുടങ്ങിയ സേവനങ്ങളെല്ലാം ഇപ്പോൾ സേവിങ് അക്കൌണ്ട് തുടങ്ങുന്നവർക്ക് ലഭ്യമാണ്. സർക്കാർ ആനുകൂല്യങ്ങൾ മുൻനിർത്തി അക്കൌണ്ട് തുടങ്ങുന്നവർക്ക് പോസ്റ്റ് ഓഫീസ് സീറോ ബാലൻസ് അക്കൌണ്ടാണ് കൂടുതൽ ഉചിതം.

Advertisement