ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പദ്ധതികൾ
ഗ്രാമീണ മേഖലയിലുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നതിന് തപാൽ വകുപ്പ് അവതരിപ്പിച്ച പദ്ധതിയാണ് ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് (ആർപിഎൽഐ). 1995ലാണ് ഈ പദ്ധതി ആരംഭിച്ചത്. സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്കും വനിത തൊഴിലാളികൾക്കും ജീവിതസുരക്ഷയും സാമ്പത്തികഭദ്രതയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗ്രാമ സുരക്ഷ, ഗ്രാമ സന്തോഷ്, ഗ്രാമ സുവിധ, ഗ്രാമ പ്രിയ, ഗ്രാമ സുമംഗൽ, ബാൽ ജീവൻ ബീമ എന്നിങ്ങനെ ആറ് വ്യത്യസ്ത ഇൻഷുറൻസ് പോളിസികളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ബാൽ ജീവൻ ബീമയൊഴികെ ബാക്കി അഞ്ച് ഇൻഷുറൻസ് പദ്ധതികൾക്കും 19 മുതൽ 55 വയസ്സ് വരെ പ്രായപരിധിയിലുള്ളവർക്ക് ചേരാൻ സാധിക്കും. 10000 രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് ഈ പദ്ധതികളെല്ലാം വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ബോണസ് തുക ഓരോ പോളിസിക്കും വ്യത്യസ്തമാണ്.
1. ഗ്രാമ സുരക്ഷ
സമ്പൂർണ്ണ ലൈഫ് അഷ്വറൻസ് അല്ലങ്കിൽ ആജീവനാന്ത ഇൻഷുറൻസ് പദ്ധതിയാണിത്. 1000 രൂപയ്ക്ക് 65 രൂപ ബോണസായി ലഭിക്കും. 80 വയസ്സ് തികയുമ്പോൾ അക്കൌണ്ട് ഹോൾഡർക്ക് പണം പിൻവലിക്കാം. പോളിസി ഹോൾഡർ മരണപ്പെട്ടാൽ നോമിനിക്ക് ഇൻഷുറൻസ് തുക ലഭിക്കും. പോളിസിയെടുത്ത് 4 വർഷത്തിനുശേഷം വായ്പയെടുക്കാനും 3 വർഷത്തിനുശേഷം പോളിസി പിൻവലിക്കാനും ഹോൾഡർക്ക് അവകാശമുണ്ട്.
2. ഗ്രാമ സന്തോഷ്
ഒരു എൻഡോവ്മെൻറ്റ് അഷ്വറൻസ് പദ്ധതിയാണ് ഗ്രാമ സന്തോഷ്. 30, 40, 45, 50, 55, 58, 60 എന്നീ വയസ്സുകളിൽ കാലാവധി പൂർത്തിയാക്കാം. പോളിസി ഹോൾഡർ മരണപ്പെട്ടാൽ നോമിനിക്ക്/ നിയമപരമായ അവകാശിക്ക് അഷ്വർഡ് തുകയോടൊപ്പം ബോണസ് തുകയും ലഭിക്കുന്നതാണ്. പോളിസിയെടുത്ത് 3 വർഷത്തിനുശേഷം വായ്പയെടുക്കാനും അക്കൌണ്ട് പിൻവലിക്കാനും സാധിക്കും. ഈ പദ്ധതി പ്രകാരം 1000 രൂപയ്ക്ക് 50 രൂപയാണ് ബോണസായി ലഭിക്കുക.
3. ഗ്രാമ സുവിധ
പരിവർത്തനം ചെയ്യാൻ സാധിക്കുന്ന ആജീവനാന്ത ഇൻഷുറൻസ് പദ്ധതിയാണിത്. പോളിസിയെടുത്ത് 5 വർഷത്തിനുശേഷം എൻഡോവ്മെൻറ്റ് അഷ്വറൻസ് പോളിസിയിലേക്ക് പരിവർത്തനം ചെയ്യാനുള്ള ഓപ്ഷൻ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. കാലാവധി എത്തുന്നതുവരെ പോളിസി ഹോൾഡർക്ക് അക്യുറഡ് ബോണസ് ലഭിക്കും. 1000 രൂപയ്ക്ക് 65 രൂപയാണ് ബോണസ്. പോളിസി ഹോൾഡർ മരണപ്പെട്ടാൽ ബോണസ് തുകയും അഷ്വർഡ് തുകയും നോമിനിക്ക് ലഭിക്കുന്നതാണ്. പോളിസി ഹോൾഡർമാർക്ക് 4 വർഷത്തിനുശേഷം വായ്പയെടുക്കാനും 3 വർഷത്തിനുശേഷം പോളിസി പിൻവലിക്കാനും സാധിക്കും.
4. ഗ്രാമ പ്രിയ
ഹ്രസ്യകാല നിക്ഷേപ പദ്ധതിയാണ് ഗ്രാമ പ്രിയ. 10 വർഷമാണ് കാലാവധി. 20 മുതൽ 45 വയസ്സ് വരെയുള്ളവർക്ക് പദ്ധതിയിൽ ചേരാം. 4 വർഷത്തിനുശേഷം ഇൻഷുറൻസ് തുകയും 20% വർദ്ധിച്ച ബോണസും നൽകും. 1000 രൂപയ്ക്ക് 47 രൂപയാണ് പ്രതിവർഷ ബോണസ്. പ്രകൃതിദുരന്തങ്ങൾക്ക് ഇരയായവരുടെ പ്രീമിയം കുടിശ്ശികയിൽ നിന്ന് ഒരു വർഷം വരെ പലിശ ഈടാക്കില്ലയെന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.
5. ഗ്രാമ സുമംഗൽ
പ്രതീക്ഷിത എൻഡോവ്മെൻറ്റ് അഷ്വറൻസ് പോളിസിയാണിത്. 15, 20 എന്നിങ്ങനെ രണ്ട് കാലയളവുകളിൽ ഈ പദ്ധതി ലഭ്യമാണ്. 15 വർഷത്തെ ടേം പോളിസിക്ക് 45 വയസ്സും 20 വർഷത്തെ ടേം പോളിസിക്ക് 40 വയസ്സുമാണ് പ്രായപരിധി. കാലാവധി പൂർത്തിയാകുമ്പോൾ അക്കൌണ്ട് ഹോൾഡർക്ക് പദ്ധതിയുടെ മുഴുവൻ ആനുകൂല്യവും ലഭിക്കും. പോളിസി ഹോൾഡറിൻറ്റെ മരണശേഷം നോമിനിക്ക് അഷ്വർഡ് തുകയും ബോണസും ലഭിക്കുക. 1000 രൂപയ്ക്ക് 47 രൂപയാണ് ബോണസായി ലഭിക്കുക.
6. ബാൽ ജീവൻ ബീമ
പോളിസി ഹോൾഡർമാരുടെ കുട്ടികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണിത്. പരമാവധി 2 കുട്ടികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 5 മുതൽ 20 വയസ്സുവരെയാണ് പ്രായപരിധി. പോളിസിയെടുക്കുന്ന രക്ഷകർത്താവിന് 45 വയസ്സ് കവിയാൻ പാടില്ല. പോളിസി ഹോൾഡർ മരണപ്പെട്ടാൽ പിന്നെ പ്രീമിയം അടയ്ക്കണ്ട. കാലാവധി പൂർത്തിയാകുമ്പോൾ കുട്ടികൾക്ക് അഷ്വർഡിനൊപ്പം ബോണസും ലഭിക്കും. പരമാവധി 3 ലക്ഷം രൂപ അല്ലെങ്കിൽ രക്ഷകർത്താവിൻറ്റെ അഷ്വർഡ് തുകയ്ക്ക് തുല്യമായ തുകയാണ് ലഭിക്കുക. 1000 രൂപയ്ക്ക് 50 രൂപയാണ് ബോണസ്. ഈ പദ്ധതിയിൽ വായ്പ സൌകര്യം ലഭ്യമല്ല.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്