INVESTMENT

പിപിഎഫോ എൻപിഎസോ എവിടെയാണ് കൂടുതൽ നികുതിയിളവ് ലഭിക്കുന്നത്?

Advertisement

ദീർഘകാല നിക്ഷേപ പദ്ധതികളാണ് പിപിഎഫും (പബ്ലിക്ക് പ്രൊവിഡൻറ്റ് ഫണ്ട്), എൻപിഎസും (നാഷണൽ പെൻഷൻ സിസ്റ്റം). ഉയർന്ന പലിശ നിരക്കിനൊപ്പം നികുതി ഇളവുകളും ഈ രണ്ട് നിക്ഷേപങ്ങൾക്കും ബാധകമാണ്. എന്നിരുന്നാലും ഈ രണ്ട് പദ്ധതികളിലും നിക്ഷേപിക്കുമ്പോൾ നാം ഏറേ കാര്യങ്ങൾ ശ്രദ്ധിക്കണം.

പിപിഎഫ്

കേന്ദ്ര സർക്കാരിൻറ്റെ നിയന്ത്രണത്തിലുള്ള നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പിപിഎഫ്. ബാങ്കുകളിലോ പോസ്റ്റ് ഓഫീസിലോ പിപിഎഫ് അക്കൌണ്ട് ആരംഭിക്കാവുന്നതാണ്. 18 വയസ്സാണ് പിപിഎഫ് അക്കൌണ്ട് ആരംഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി. 500 രൂപ മുതൽ നിക്ഷേപം നടത്താവുന്നതുമാണ്. 15 വർഷമാണ് പിപിഎഫിൻറ്റെ കാലാവധി. മെച്യൂരിറ്റി പൂർത്തിയാകുമ്പോൾ നിക്ഷേപകർക്ക് പലിശയോടൊപ്പം നിക്ഷേപ തുകയും മുഴുവനായി പിൻവലിക്കാവുന്നതാണ്. കേന്ദ്ര സർക്കാരാണ് പിപിഎഫിൻറ്റെ പലിശ നിരക്ക് നിശ്ചയിക്കുന്നത്. നിലവിലെ പിപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.1 ശതമാനമാണ്.

എൻപിഎസ്

ഓഹരി വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്ന നിക്ഷേപ പദ്ധതിയാണ് എൻപിഎസ്. ഇതൊരു റിട്ടയർമെൻറ്റ് സമ്പാദ്യ പദ്ധതിയാണ്. 18 വയസ്സ് മുതൽ 65 വയസ്സ് വരെ പ്രായപരിധിയിലുള്ളവർക്ക് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. 9% മുതൽ 12% വരെയാണ് എൻപിഎസ് നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന ഒരു ആവറേജ് റിട്ടേൺ . നിക്ഷേപകന് 60 വയസ്സ് പൂർത്തിയാകുമ്പോഴാണ് എൻപിഎസിൽ നിന്നും തുക പിൻവലിക്കാൻ സാധിക്കുക. നിക്ഷേപ തുകയുടെ 60 ശതമാനമാണ് മെച്യൂരിറ്റിയിൽ പിൻവലിക്കാൻ സാധിക്കുക. ശേഷിക്കുന്ന 40 ശതമാനം ഏതെങ്കിലും ആന്വിറ്റി വാങ്ങുന്നതിനായി മാറ്റിവയ്ക്കുകയും ഈ തുക പ്രതിമാസ പെൻഷനായി നിക്ഷേപകർക്ക് ലഭിക്കുകയും ചെയ്യും.

മാസം 3000 രൂപ വീതം നിക്ഷേപിക്കാൻ പിപിഎഫോ എൻപിഎസോ ? | PPF Vs NPS

നികുതിയിളവ്

ഇരു നിക്ഷേപങ്ങളിലും നിക്ഷേപകർക്ക് നികുതിയിളവ് ബാധകമാണ്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരമുള്ള നികുതിയിളവുകളാണ് നിക്ഷേപകർക്ക് ലഭിക്കുക. എന്നിരുന്നാലും പിപിഎഫിൽ നിന്നും എൻപിഎസിൽ നിന്നും ലഭിക്കുന്ന നികുതിയിളവുകൾ വ്യത്യസ്തമാണ്. പിപിഎഫ് നിക്ഷേപങ്ങൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപവരെയുള്ള നികുതി ഇളവ് ബാധകമാണ്. കൂടാതെ പിപിഎഫ് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന മുഴുവൻ പലിശയും നികുതി രഹിതമാണ്. കൂടാതെ പിപിഎഫിൻറ്റെ മെച്യൂരിറ്റി തുകയിൽ നികുതി ബാധ്യതകൾ ഒന്നും തന്നെയില്ല.

എൻപിഎസിലും 1.5 ലക്ഷം രൂപ വരെയുള്ള നികുതിയിളവുകൾ ലഭ്യമാണ്. ഇത് കൂടാതെ അഡീഷണൽ 50000 രൂപയുടെ നികുതി ഇളവും ലഭിക്കും. മെച്യൂരിറ്റിയിൽ നിക്ഷേപകർക്ക് തുകയുടെ 60 ശതമാനം പിൻവലിക്കാവുന്നതാണ്. ഈ തുക പൂർണമായും നികുതി മുക്തവുമാണ്. എന്നാൽ നിക്ഷേപ തുകയുടെ 40 ശതമാനം ഏതെങ്കിലും ആന്വിറ്റി വാങ്ങുന്നതിനായി ഉപയോഗിക്കേണ്ടതാണ്. ഇതുവഴി നിക്ഷേപകർക്ക് പെൻഷൻ വരുമാനം ലഭ്യമാണ്. എന്നാൽ ഈ പെൻഷൻ വരുമാനത്തിന് നികുതി ബാധകമാണ്.

പലിശനിരക്ക് കുറവാണെങ്കിലും നികുതിയിളവ് പരിഗണിക്കുമ്പോൾ പിപിഎഫ് നിക്ഷേപങ്ങൾ വളരെ ലാഭകരമാണ്. എന്നാൽ റിട്ടയർമെൻറ്റ് കാലത്തേക്കുള്ള സമ്പാദ്യമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ എൻപിഎസ് ഒരു മികച്ച നിക്ഷേപമാർഗമാണ്. കാരണം എൻപിഎസ് നിക്ഷേപം ഉയർന്ന മെച്യൂരിറ്റി തുകയ്ക്കൊപ്പം പ്രതിമാസ പെൻഷനും വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും എൻപിഎസ് നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. അതുക്കൊണ്ട് തന്നെ റിസ്ക് എടുക്കാൻ താൽപര്യമുള്ള നിക്ഷേപകനാണെങ്കിൽ നിങ്ങൾക്ക് പിപിഎഫിന് പകരം എൻപിഎസ് തിരഞ്ഞെടുക്കാവുന്നതാണ്.

Advertisement