ഇനിമുതൽ സാമ്പത്തിക ഇടപാടുകളിൽ ഉപഭോക്താക്കൾക്ക് പരാതി ഉണ്ടെങ്കിൽ ഓംബുഡ്സ്മാനെ അറിയിക്കാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ ഓംബുഡ്സ്മാൻ സ്കീമിന് തുടക്കം കുറിച്ചു. ബാങ്കുകൾ, നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ, പേയ്മൻറ്റ് സർവീസ് ഓപ്പറേറ്റർമാർ എന്നിവയിക്കെതിരായുള്ള ഉപഭോക്താക്കളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിനായാണ് റിസർവ് ബാങ്ക് ഇൻറ്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം ആരംഭിച്ചത്.
ഒരു രാജ്യം- ഒരു ഓംബുഡ്സ്മാൻ എന്ന തത്വത്തിലാണ് പുതിയ പദ്ധതിയുടെ പ്രവർത്തനം. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ഓംബുഡ്സ്മാൻറ്റെ പ്രഥമ പരിഗണന. സാമ്പത്തിക ഇടപാടുകൾക്കു പുറമേ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ, ജീവനക്കാരുടെ ഇടപെടൽ തുടങ്ങിയ കാര്യങ്ങളിൽ ഉപഭോക്താക്കൾക്ക് പരാതി സമർപ്പിക്കാം. ഉപഭോക്താക്കൾക്ക് പരാതി നൽകുമ്പോൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും പരാതികൾ എളുപ്പത്തിൽ തീർപ്പാക്കാനും ഇതുവഴി സാധിക്കും.
ഉപഭോക്താക്കൾക്ക് അവരുടെ പരാതികളും രേഖകളും സമർപ്പിക്കാനും നൽകിയിട്ടുള്ള പരാതികളുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ഫീഡ്ബാക്ക് നൽകുന്നതിനുമായി ഒരു പോയിൻറ്റ് ഓഫ് റഫറൻസ് ഉണ്ടായിരിക്കും. കൂടാതെ പരാതികൾ പരിഹരിക്കുന്നതിനായി ഒരു ടോൾ ഫ്രീ നമ്പറും ഉണ്ട്.
എങ്ങനെ പരാതി സമർപ്പിക്കാം ?
ഓംബുഡ്സ്മാന് പരാതി നൽകുന്നതിനായി വിവിധ മാർഗ്ഗങ്ങൾ ഉണ്ട്.
• ഓൺലൈനായി പരാതികൾ സമർപ്പിക്കുന്നതിന് https://cms.rbi.org.in എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും.
• CRPC@rbi.org.in എന്ന ഇ- മെയിൽ വിലാസത്തിലും പരാതികൾ അയക്കാം.
• 14448 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചും പരാതികൾ രജിസ്റ്റർ ചെയ്യാം.
• ചണ്ഡിഗഡിൽ ആർബിഐ സ്ഥാപിച്ചിട്ടുള്ള സെൻട്രലൈസിഡ് രസീത് ആൻഡ് പ്രോസസിംഗ് സെൻറ്ററിലേക്ക് കത്തുകളായും പരാതികൾ അയക്കാം.
ഓൺലൈനായി പരാതികൾ എങ്ങനെ പരാതി നൽകാം ?
ആർബിഐയുടെ വെബ്സൈറ്റായ https://cms.rbi.org.in ൽ ലോഗിൻ ചെയ്യുക. ഹോം പേജിൽ പരാതി ഫയൽ ചെയ്യുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നൽകുക. പിന്നീട് നിങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യാനാഗ്രഹിക്കുന്ന സ്ഥാപനത്തെ തിരഞ്ഞെടുക്കുക. സ്ഥാപനത്തിന് നിങ്ങൾ നൽകിയ പരാതിയുടെ പകർപ്പിൻറ്റെ വിശദാംശങ്ങൾ നൽകുക. നിങ്ങളുടെ കാർഡ് നമ്പർ, ലോൺ അല്ലെങ്കിൽ ഡിപ്പോസിറ്റ് അക്കൌണ്ട് വിശദാംശങ്ങൾ നൽകുക. ശേഷം ഡ്രോപ്പ് ഡൌൺ മെനുവിൽ നിന്ന് പരാതി എന്ന വിഭാഗം തിരഞ്ഞെടുക്കുക. ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് നിങ്ങളുടെ പരാതി ഏതു വിഭാഗത്തിൽ പെടുന്നതാണെന്ന് തിരഞ്ഞെടുക്കുക. പരാതിയുടെ വിവരങ്ങൾ നൽകുക. ശേഷം നിങ്ങൾ ആവശ്യപ്പെടുന്ന നഷ്ടപരിഹാരത്തിൻറ്റെ വിവരങ്ങളും നൽകുക. പരാതി വീണ്ടും റിവ്യൂ ചെയ്ത ശേഷം സമർപ്പിക്കുക. പരാതിയുടെ പിഡിഎഫ് കോപ്പി ഡൌൺലോഡ് ചെയ്ത് സേവ് ചെയ്യാവുന്നതുമാണ്.
ഓൺലൈൻ പേയ്മൻറ്റുകൾ വർദ്ധിച്ചുവരുന്നതോടൊപ്പം അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വർദ്ധിച്ചുവരുകയാണ്. ഇത്തരത്തിലുള്ള പരാതികൾ ഫലപ്രദമായി പരിഹരിക്കുക എന്നതാണ് ഈ സ്കീമിൻറ്റെ പ്രധാന ഉദ്ദേശ്യം. മികച്ച ഉപഭോക്തൃ സേവനം ഉറപ്പുവരുത്തി, പരാതി പരിഹാരം കൂടുതൽ ലളിതവും സുതാര്യവുമാക്കുകയാണ് ഈ സ്കീമിലൂടെ ആർബിഐയുടെ പ്രധാന ലക്ഷ്യം.