കൊവിഡ് പോലുള്ള പ്രതിസന്ധികൾ രൂക്ഷമാകുന്ന ഈ കാലത്ത് നിങ്ങളുടെ വാടക പോലുള്ള അത്യാവശ്യ പണമിടപാടുകൾ എളുപ്പത്തിൽ വീട്ടിലിരുന്നുക്കൊണ്ട് തന്നെ നടത്താവുന്നതാണ്. ഇതിനായി ധാരാളം ആപ്പുകൾ ഇന്നുണ്ട്. വാടക കൃത്യമായി അടയ്ക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകളും അവ ഈടാക്കുന്ന സർവ്വീസ് ചാർജുകളും നോക്കാം.
നോബ്രോക്കർ
ഇടനിലക്കാരില്ലാത്ത പ്രോപ്പർട്ടി ലിസ്റ്റിംങ് വെബ്സൈറ്റാണ് നോബ്രോക്കർ. നോബ്രോക്കർ വഴി നിങ്ങൾക്ക് നിങ്ങളുടെ പ്രതിമാസ വാടകയും കൃത്യമായി അടയ്ക്കാൻ സാധിക്കും. ഭൂവുടമ്മയുടെ അക്കൌണ്ട് വിവരങ്ങൾ നൽകി വാടക ക്രെഡിറ്റ് കാർഡിൽ നിന്ന് അടയ്ക്കാവുന്നതാണ്. 2 പ്രവൃത്തിദിവസത്തിനുള്ളിൽ നിങ്ങളുടെ പണം ഉടമയ്ക്ക് ലഭിക്കുന്നതാണ്. ഒരു തവണ മാത്രം വിവരങ്ങൾ നൽകി തുടർന്നും ആപ്പ് ഉപയോഗിക്കാവുന്നതാണ്. 1 ശതമാനമാണ് നോബ്രോക്കറുടെ സർവ്വീസ് ചാർജ്. ക്രെഡിറ്റ് കാർഡിന് അനുസരിച്ച് ക്യാഷ്ബാക്ക്, റിവാർഡ് പോയിൻറ്റ്സ് എന്നിവയും ലഭ്യമാണ്.
മാജിക്ബ്രിക്സ്
നിങ്ങളുടെ പ്രതിമാസ വാടക അടയ്ക്കുന്നതിനുള്ള മറ്റൊരു മാർഗമാണ് മാജിക്ബ്രിക്സ്. ഇതിനായി നിങ്ങളുടെ വാടകയും ഉടമസ്ഥൻറ്റെ അക്കൌണ്ട് വിവരങ്ങളും നൽകുക. ശേഷം ക്രെഡിറ്റ് കാർഡിൽ നിന്ന് പണമടയ്ക്കുക. 1 പ്രവൃത്തി ദിവസത്തിനുള്ളിൽ വാടക ഉടമയ്ക്ക് ലഭിക്കുന്നതായിരിക്കും. വാടക അടയ്ക്കുമ്പോഴെല്ലാം ഡിജിറ്റൽ രസീത് ഇമെയിൽ ചെയ്യുന്നതായിരിക്കും. 1 ശതമാനമാണ് മാജിക്ബ്രിക്സിൻറ്റെ പ്രോസസിംങ് ഫീസ്. നിങ്ങൾ ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡിൻറ്റെ അടിസ്ഥാനത്തിൽ വാടക അടയ്ക്കുന്നവർക്ക് റിവാർഡ് പോയിൻറ്റ്, ക്യാഷ്ബാക്ക് തുടങ്ങിയവയും ലഭ്യമാണ്.
പേ റെൻറ്റ്
ഹൌസിംങ്.കോം ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷനാണ് പേ റെൻറ്റ്. വാടക അടയ്ക്കുന്നതിനായി പേ റെൻറ്റ് ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ശേഷം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഉടമസ്ഥൻറ്റെ അക്കൌണ്ടിലേക്ക് വാടക അയയ്ക്കാവുന്നതാണ്. പണമടച്ച ഉടൻ തന്നെ ഡിജിറ്റൽ രസീതുകൾ ലഭിക്കും. ക്രെഡിറ്റ് കാർഡിന് പുറമേ ഡെബിറ്റ് കാർഡ്, യുപിഐ എന്നിവ വഴിയും പണം അടയ്ക്കാവുന്നതാണ്.
റെഡ്ജിറാഫ്
വാടക പോലുള്ള ഇഎംഐ പേയ്മെൻറ്റുകൾ എളുപ്പത്തിൽ നടത്താൻ സഹായിക്കുന്ന മറ്റൊരു ആപ്പാണ് റെഡ്ജിറാഫ്. 45 – 56 ദിവസത്തെ ക്രെഡിറ്റ് കാലയളവിന് പുറമേ ഓരോ ഇടപാടിലും 5 ശതമാനം ക്യാഷ് പോയിൻറ്റ്സും നേടാൻ റെഡ്ജിറാഫിലൂടെ സാധിക്കും. 0.39 ശതമാനവും ജിഎസ്ടിയുമാണ് റെഡ്ജിറാഫ് ഈടാക്കുന്ന സർവ്വീസ് ചാർജ്. ക്യാഷ്ബാക്ക്, റിവാർഡ് പോയിൻറ്റ് എന്നിവയ്ക്ക് പുറമേ ഗിഫ്റ്റ് കാർഡുകളും നേടാൻ റെഡ്ജിറാഫ് സഹായിക്കും.
ക്രെഡ് ആപ്പ്
ക്രെഡ് ആപ്പ് ഉപയോഗിച്ച് ഭൂവുടമയുടെ ബാങ്ക് അക്കൌണ്ട് അല്ലെങ്കിൽ യുപിഐ വിവരങ്ങൾ ചേർക്കുകയും ക്രെഡിറ്റ് കാർഡിൽ നിന്ന് പണം എളുപ്പത്തിൽ കൈമാറുകയും ചെയ്യാം. കൂടാതെ ഓട്ടോ പേ സൌകര്യവും ഈ ആപ്പിന് കീഴിൽ ലഭ്യമാണ്. 1.5 ശതമാനം മുതൽ 2 ശതമാനം വരെയാണ് ആപ്പ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്ന സർവ്വീസ് ചാർജ്.
പേടിഎം
വാടക അടയ്ക്കാൻ സഹായിക്കുന്ന മറ്റൊരു മൊബൈൽ ആപ്ലിക്കേഷനാണ് പേടിഎം. ഓരോ മാസവും 10 വാടക അടയ്ക്കുന്നതിനുള്ള ഓപ്ഷൻ പേടിഎം ഉപഭോക്താകൾക്ക് നൽകുന്നുണ്ട്. കുറഞ്ഞത് 2 പ്രവൃത്തിദിവസത്തിനുള്ളിൽ വാടക ഉടമയുടെ അക്കൌണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നതാണ്. ഓഫർ പരാജയപ്പെട്ടാൽ പണം തിരികെ ലഭിക്കുകയും ചെയ്യും. ക്രെഡിറ്റ് കാർഡ് വഴി പേടിഎമ്മിൽ നിന്ന് വാടക നൽകുമ്പോൾ ഓരോ പേയ്മെൻറ്റിനും ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. കൂടാതെ അതാത് ക്രെഡിറ്റ് കാർഡ് നൽകുന്ന റിവാർഡ് പോയിൻറ്റ്സ്, ക്യാഷ്ബാക്കുകൾ, എയർ മൈലുകൾ എന്നിവയും ലഭ്യമാണ്. 1 ശതമാനമാണ് പേടിഎമ്മിൻറ്റെ സർവ്വീസ് ചാർജ്.
ഫോൺ പേ
ഇപ്പോൾ ഫോൺ പേ ഉപയോഗിച്ചും നിങ്ങൾക്ക് വാടക അടയ്ക്കാൻ സാധിക്കും. ക്രെഡിറ്റ് കാർഡിൽ നിന്ന് ഫോൺ പേ വഴി വാടക അടയ്ക്കുമ്പോൾ 2 ശതമാനം സർവ്വീസ് ചാർജ് ഈടാക്കുന്നതാണ്. മറ്റ് ആപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ സർവ്വീസ് ചാർജ് ഫോൺ പേയിൽ കൂടുതലാണ്. എന്നാൽ ക്യാഷ്ബാക്ക്, റിവാർഡ് പോയിൻറ്റ്സ് തുടങ്ങിയ ഓഫറുകൾ എല്ലാം ഫോൺ പേയും ഉപഭോക്താകൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
ക്രെഡിറ്റിൽ കാർഡ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വാടക നൽകാൻ സാധിക്കുമെങ്കിലും വളരെ അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാടക അടയ്ക്കാൻ ശ്രദ്ധിക്കുക. കാരണം 56 ദിവസമാണ് പലിശയില്ലാതെ ക്രെഡിറ്റിൽ കാർഡിൽ നിന്ന് പണം ലഭിക്കുക. അതിന് ശേഷം 30 മുതൽ 40 ശതമാനം വരെ വാർഷിക പലിശ ഈടാക്കുമെന്ന് ഓർമ്മിക്കുക.