എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഇനിമുതൽ ഇഎംഐയാക്കി മാറ്റാം. 500 രൂപയിൽ കൂടുതലുള്ള എല്ലാ ഇടപാടുകളും ഇഎംഐ വ്യവസ്ഥയിലേക്ക് മാറ്റാൻ സാധിക്കും. 6, 9, 12, 24 എന്നിങ്ങനെ മാസതവണകളായി ഇഎംഐകൾ തിരിച്ചടക്കാം. പർച്ചേസ് നടത്തി 30 ദിവസത്തിനുള്ളിൽ ഇടപാട് ഇഎംഐ വ്യവസ്ഥയിലേക്ക് മാറ്റാൻ കാർഡ് ഉപഭോക്താക്കൾക്ക് സാധിക്കും. നിലവിൽ ക്രെഡിറ്റ് കാർഡ് ഹോൾഡേഴ്സിന് ബാങ്ക് നൽകുന്ന ഫ്ലെക്സിപേ സംവിധാനം ഉപയോഗിച്ച് ഇഎംഐ സൌകര്യം നേടാം. എന്നാൽ കാർഡ് ബ്ലോക്ക് ചെയ്യപ്പെട്ട, തിരിച്ചടവ് മുടങ്ങിയ ഉപഭോക്താക്കൾക്ക് ഈ സൌകര്യം ലഭ്യമല്ല.
ഇഎംഐ സൌകര്യം നേടാനായി എസ്എംഎസ് വഴിയോ ടോൾ ഫ്രീ നമ്പർ വഴിയോ ബാങ്കിനെ ബന്ധപ്പെടാം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും FP എന്ന സന്ദേശം 56767 എന്ന നമ്പറിലേക്ക് അയക്കുക. അല്ലെങ്കിൽ 39 02 02 02 / 1860-180-1290 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുക. ഇതിനുപുറമേ എസ്ബിഐ കാർഡ് ഓൺലൈൻ അക്കൌണ്ടിൽ ലോഗിൻ ചെയ്തും ഇഎംഐ വ്യവസ്ഥയിലേക്ക് മാറാം.
കാലാവധിയനുസരിച്ച് ഇഎംഐ തുകയിലും വ്യത്യാസമുണ്ട്. ഓരോ 1000 രൂപയുടെ ഇടപാടിനും 24 മാസം കാലാവധിക്ക് പ്രതിമാസം 51.90 രൂപയാണ് ഇഎംഐ. 6 മാസത്തേക്ക് 177.5 രൂപയും 12 മാസത്തെ കാലാവധിക്ക് 93.5 രൂപയുമാണ് ഏറ്റവും കുറഞ്ഞ പ്രതിമാസ ഇഎംഐ.
എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇഎംഐ ചാർജുകൾ
ഇഎംഐ പരിവർത്തനത്തിന് ബാങ്കുകൾ പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്നതാണ്. 2 ശതമാനമാണ് പ്രോസസ്സിംഗ് ഫീസ്. 249 മുതൽ 1500 രൂപവരെ പ്രോസസ്സിംഗ് ഫീസായി ഈടാക്കാം. കൂടാതെ ഇഎംഐ റദ്ദാക്കലിന് 3 % പ്രീ-ക്ലോഷർ അല്ലെങ്കിൽ ക്യാൻസലേഷൻ ചാർജുകളും ഉണ്ട്. പ്രോസസ്സിംഗ് ഫീക്ക് ജിഎസ്ടി നിരക്കുകൾ ബാധകമാണ്.
എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇഎംഐ പലിശ
പർച്ചേസ് തുക ഇഎംഐയിലേക്ക് മാറ്റുമ്പോൾ 22 ശതമാനമാണ് പലിശ. പലിശക്ക് ജിഎസ്ടി നിരക്കുകൾ ബാധകമായിരിക്കും.