എസ്ബിഐ ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പർച്ചേസുകൾ ഇഎംഐ ആക്കി മാറ്റാം.
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്ക് ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇപ്പോൾ ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ കൂടി ആരംഭിച്ചിരിക്കുകയാണ് എസ്ബിഐ. ഇനിമുതൽ എസ്ബിഐ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പർച്ചേസുകളുടെ അടവ് ഇഎംഐ ആക്കി മാറ്റാം. പിഒഎസ് വഴിയും ഓൺലൈനായും വാങ്ങുന്ന ഉത്പന്നങ്ങളാണ് ഇഎംഐയിലേക്ക് മാറ്റാവുന്നത്.
എണ്ണായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള പർച്ചേസുകൾ ഇങ്ങനെ ഇഎംഐ ആക്കി മാറ്റാൻ സാധിക്കും. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ വഴിയും പിഒഎസ് (പോയിൻറ്റ് ഓഫ് സെയിൽ) വഴിയും പർച്ചേസ് ചെയ്യുന്നവർക്കാണ് ഈ പദ്ധതി കൂടുതൽ പ്രയോജനകരമാകുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പേയ്മൻറ്റുകൾ ഇഎംഐ ആക്കാം. രേഖകൾ സമർപ്പിക്കുകയോ പ്രോസസിങ് ഫീസോ മറ്റു ചാർജുകളോ നൽകേണ്ടതില്ല എന്നതും ഈ സേവനത്തിൻറ്റെ പ്രത്യേകതയാണ്.
പർച്ചേസുകൾ എങ്ങനെ ഇഎംഐ ആക്കാം ?
ഓൺലൈൻ ആയിട്ടാണ് പർച്ചേസ് നടത്തുന്നതെങ്കിൽ ഈസി ഇഎംഐ എന്ന ഓപ്ഷനിലൂടെ നിങ്ങൾക്ക് നിങ്ങളുടെ പർച്ചേസുകൾ ഇഎംഐ ആക്കി മാറ്റാവുന്നതാണ്. ഇനി പോയിൻറ്റ് ഓഫ് സെയിൽ ആണെങ്കിൽ കാർഡ് സ്വൈപ് ചെയ്തതിനു ശേഷം ബാങ്ക് ഇഎംഐ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് ഇഎംഐ തുകയും കാലാവധിയും രേഖപ്പെടുത്തുക. ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ ബാങ്കുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പർ ഉപയോഗിച്ചു തന്നെ വേണം രജിസ്റ്റർ ചെയ്യുവാൻ.
സാധാരണയായി 6 മാസം മുതൽ 18 മാസം വരെ ആണ് തിരിച്ചടവ് കാലാവധി. ഇതിൽ ഉപഭോക്താവിന് ഇഷ്ടമുള്ള കാലാവധി തിരഞ്ഞെടുക്കാം. ഇടപാടു നടത്തി അടുത്ത മാസം മുതൽ ഇഎംഐ അടച്ചു തുടങ്ങിയാൽ മതിയാകും. 14.70 ശതമാനം ആണ് പലിശ നിരക്ക്. തിരിച്ചടവു വൈകിയാൽ 2 ശതമാനം ലേറ്റ് പേയ്മൻറ്റ് ഫീ ആയിട്ടും നൽകണം. തിരിച്ചടവുകൾ മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം തിരിച്ചടവ് മുടങ്ങിയാൽ ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെയും ബാധിക്കുമെന്ന് ഓർക്കണം. അതുകൊണ്ട് ആവശ്യമെങ്കിൽ മാത്രം ഈ സൌകര്യം
പ്രയോജനപ്പെടുത്താം.
യോഗ്യത പരിശോധിക്കാം
അർഹരായ ഉപയോക്താക്കൾക്ക് മാത്രമേ ഈ സൌകര്യം ലഭ്യമാവുകയുള്ളൂ. അതുകൊണ്ട് നിങ്ങളുടെ പർച്ചേസുകൾ ഇഎംഐ ആക്കി മാറ്റാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം തന്നെ നിങ്ങൾക്ക് അതിനുള്ള അർഹതയുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ നിന്നും 567676 എന്ന നമ്പറിലേക്ക് ഡിസിഇഎംഐ (DCEMI) എന്ന് എസ്എംഎസ് അയച്ചാൽ മതിയാകും. നിങ്ങൾ ഈ സേവനത്തിന് അർഹരാണെങ്കിൽ പിന്നീട് നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് ഇടപാടുകൾ നടത്താവുന്നതാണ്.
Via Debit Card EMi
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്