സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിൽ കഴിഞ്ഞ ഏതാനും നാളുകളായി സ്ഥിര നിക്ഷേപങ്ങളുടെ എഫ്ഡി പലിശനിരക്കിൽ വലിയ ഇടിവ് സംഭവിക്കുന്നുണ്ട്. മിക്ക ബാങ്കുകളുടെയും പലിശ നിരക്ക് കണക്കിലെടുത്താൽ, ഈ സാമ്പത്തിക വർഷത്തിലാണ് ഇതിന്റെ നിരക്ക് ഏറ്റവും കുറവായി രേഖപ്പെടുത്തിയിരിക്കുന്നത്.എസ്‌ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയൊക്കെ തന്നെ കുറഞ്ഞ പലിശനിരക്ക് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സാധാരണ വാണിജ്യ ബാങ്കുകളിൽ ലഭിക്കുന്നതിനേക്കാൾ പലിശ സ്മാൾ ഫിനാൻസ് ബാങ്കുകൾ നൽകുന്നുണ്ട്.ചെറുകിട ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക്, ഉയർന്ന പലിശ നിരക്ക് വാഗ്ദാനം നൽകുന്നതിനാൽ കുറെ അധികം ആളുകൾ അവിടെയും നിക്ഷേപം നടത്തുന്നു.
പലിശ കൂടുതൽ നമുക്ക് കിട്ടും തോറും നമ്മുടെ നിക്ഷേപത്തിന്റെ സുരക്ഷിതത്വം കുറയുന്നു എന്നാണ് മനസിലാക്കേണ്ടത്.സ്മാൾ ഫിനാൻസ് ബാങ്കുകൾ നമ്മുടെ കയ്യിൽ നിന്നും ഡെപ്പോസിറ്റുകൾ വാങ്ങി അത് ഉയർന്ന പലിശക്ക് ലോണുകൾ നൽകി ,അങ്ങനെ കിട്ടുന്ന ഉയർന്ന പലിശയിൽ നിന്നും ആണ് നമുക്ക് നമ്മുടെ നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ നൽകുന്നത്.
എന്നാൽ ഡിഐസിജിസിയുടെ ഡെപ്പോസിറ്റ് ഇൻഷുറൻസ് പ്രോഗ്രാമിൽ സ്മാൾ ഫിനാൻസ് ബാങ്കുകളിലെ നിക്ഷേപങ്ങളും ഇൻഷ്വർ ചെയ്തിരിക്കുന്നതിനാൽ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് സുരക്ഷ കിട്ടും.ബാങ്ക് തകർന്നാലും 5 ലക്ഷം രൂപ വരെയുള്ള തുക നമുക്ക് തിരികെ ലഭിക്കും.