യുഎസിൽ ഒരു ബാങ്ക് അക്കൌണ്ട് ആരംഭിക്കാൻ എളുപ്പമല്ല. ഒരു അമേരിക്കൻ പൌരന് യുഎസിൽ എളുപ്പത്തിൽ ബാങ്ക് അക്കൌണ്ട് ആരംഭിക്കാൻ സാധിക്കുമെങ്കിലും വിദേശികൾക്ക് ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. ക്രിമിനൽ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സംവിധാനം ഉപയോഗിക്കുന്നത് തടയുന്നതിന് വേണ്ടി അമേരിക്ക ഇപ്പോൾ പുതിയ നിയമം പാസാക്കിയിട്ടുണ്ട്. ഈ നിയമപ്രകാരം യുഎസ് ബാങ്ക് അക്കൌണ്ട് ആരംഭിക്കുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും ഇന്ത്യയിൽ നിന്ന് ഒരു യുഎസ് ബാങ്ക് അക്കൌണ്ട് ആരംഭിക്കാവുന്നതാണ്. ഇന്ത്യയിൽ നിന്ന് ഒരു യുഎസ് ബാങ്ക് അക്കൌണ്ട് എങ്ങനെ ആരംഭിക്കാം എന്ന് നോക്കാം.
ചേസ്, സിറ്റി ബാങ്ക്, സിലിക്കൺ വാലി ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ യുഎസ് ബാങ്കുകൾ ഓൺലൈൻ ബാങ്കിംങ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതുക്കൊണ്ട് തന്നെ ഈ ബാങ്കുകളിൽ ഓൺലൈനായി ബാങ്ക് അക്കൌണ്ട് ആരംഭിക്കാവുന്നതാണ്. എന്നിരുന്നാലും ബാങ്ക് അക്കൌണ്ടുകൾ ആരംഭിക്കുന്നതിന് ഓരോ ബാങ്കിനും അതിൻറ്റേതായ മാനദണ്ഡമുണ്ട്. അതിനാൽ ബാങ്ക് അക്കൌണ്ട് ആരംഭിക്കുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ സമർപ്പിക്കേണ്ടതാണ്. ബാങ്ക് അക്കൌണ്ടുകൾ ഓൺലൈനായി ആരംഭിക്കുന്നതിന് ഐടിഐഎൻ അഥവാ ഒരു വ്യക്തിഗത നികുതിദായകൻറ്റെ തിരിച്ചറിയൽ നമ്പർ ആവശ്യമാണ്. പാസ്പോർട്ട്, റെസിഡൻസി പ്രൂഫ് തുടങ്ങിയ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുന്നത് നിങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതാണ്.
ഓൺലൈനായി ബാങ്ക് അക്കൌണ്ട് ആരംഭിക്കാൻ സാധിക്കാത്തവർക്ക് ഒരു അന്താരാഷ്ട്ര ബാങ്ക് ശാഖയിൽ അക്കൌണ്ട് ആരംഭിക്കാവുന്നതാണ്. എച്ച്എസ്ബിസി അല്ലെങ്കിൽ ബാർക്ലെയ്സ് പോലുള്ള നിരവധി ബാങ്കുകൾക്ക് യുഎസിനകത്തും പുറത്തും ശാഖകളുണ്ട്. ഈ ശാഖ സന്ദർശിച്ച് അക്കൌണ്ട് ആരംഭിക്കാവുന്നതാണ്. യുഎസ് ബ്രാഞ്ച് ഇത് അംഗീകരിക്കുന്നുവെങ്കിൽ നിങ്ങളുടെ പ്രാദേശിക ബ്രാഞ്ചിൽ നിങ്ങളുടെ തിരിച്ചറിയലും ഫണ്ടും പരിശോധിക്കണം. അല്ലെങ്കിൽ അത് പൂർത്തിയാക്കുന്നതിനുവേണ്ടി നിങ്ങൾ യുഎസിലേക്ക് നേരിട്ട് പോകേണ്ടതായി വന്നേക്കാം.
നിങ്ങൾ യുഎസിൽ താമസിക്കുന്ന ഒരു പ്രവാസിയാണെങ്കിൽ യുഎസിൽ ഏതെങ്കിലും ഒരു ബാങ്ക് ബ്രാഞ്ചിൽ നിങ്ങൾക്ക് അക്കൌണ്ട് ആരംഭിക്കാവുന്നതാണ്. അക്കൌണ്ട് ആരംഭിക്കുന്നതിന് എല്ലാ ബാങ്കുകളിലും ഡോക്യൂമെൻറ്റേഷൻ വെരിഫിക്കേഷൻ ആവശ്യമാണ്. നിങ്ങൾ ഒരു യുഎസ് സെക്യൂരിറ്റി നമ്പർ ഇല്ലാത്ത പ്രവാസിയാണെങ്കിൽ നിങ്ങളുടെ തിരിച്ചറിയൽ രേഖകളും പാസ്പോർട്ടും ആവശ്യമാണ്.
ഇനി സോഷ്യൽ സെക്യൂരിറ്റി നമ്പർ(എസ്എസ്എൻ) ഇല്ലാതെ യുഎസ്എ സന്ദർശിക്കാതെ തന്നെ ഇന്ത്യയിൽ നിന്ന് ഓൺലൈനായി രണ്ട് തരം ബാങ്ക് അക്കൌണ്ടുകൾ ആരംഭിക്കാവുന്നതാണ്.
1. Aeldra ബാങ്ക് അക്കൌണ്ട്
സിലിക്കൺ വാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മുൻനിര ഡിജിറ്റൽ നിയോ ബാങ്കാണ് Aeldra ബാങ്ക്. വിദ്യാർത്ഥികൾക്ക് പഠനത്തിന് വിസ ലഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയിൽ നിന്നും ആൽഡ്ര ബാങ്കിൽ സീറോ ബാലൻസ് ബാങ്ക് അക്കൌണ്ട് ആരംഭിക്കാൻ സാധിക്കും. യുഎസിലേക്ക് പോകുന്നതിന് മുമ്പ് തന്നെ വിദ്യാർത്ഥികൾക്ക് അക്കൌണ്ടുകൾ ഡിപ്പോസിറ്റ് ചെയ്യാവുന്നതാണ്. കൂടാതെ അക്കൌണ്ട് ഹോൾഡേഴ്സിന് ഡെബിറ്റ് കാർഡും 24*7 ബാങ്കിംങ് സേവനങ്ങളും ആൽഡ്ര വാഗ്ദാനം ചെയ്യുന്നുണ്ട്. വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ വെബ്സൈറ്റ് ഉപയോഗിച്ച് 5 മിനിറ്റിനുള്ളിൽ ബാങ്ക് അക്കൌണ്ട് ആരംഭിക്കാവുന്നതാണ്. ആൽഡ്ര ആപ്പ് ഡൌൺലോഡ് ചെയ്തും അക്കൌണ്ടിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആൽഡ്ര ബാങ്ക് അക്കൌണ്ട് ആരംഭിക്കുന്നതിന് യുഎസ് സോഷ്യൽ സെക്യൂരിറ്റി നമ്പർ ആവശ്യമില്ല. പകരം പാസ്പോർട്ട് ഉപയോഗിച്ച് അക്കൌണ്ട് ആരംഭിക്കാവുന്നതാണ്. ആൽഡ്ര ബാങ്ക് അക്കൌണ്ടുകൾക്ക് ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻറ്റെ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാണ്.
2. Zolve ബാങ്ക്
സാൻ ഫ്രാൻസിസ്കോ-ബാംഗ്ലൂർ ആസ്ഥാനമായുള്ള ആഗോള ബാങ്കാണ് സോൾവ്. യുഎസിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ഒരു വിദ്യാർത്ഥിയാണെങ്കിൽ നിങ്ങൾക്ക് സോൾവ് ബാങ്ക് അക്കൌണ്ട് ആരംഭിക്കാവുന്നതാണ്. ജോയിനിംങ് ഫീസോ വാർഷിക ഫീസോ ഇല്ലാതെ ബെബ്സൈറ്റിലൂടെ 10 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് ബാങ്ക് അക്കൌണ്ട് ആരംഭിക്കാവുന്നതാണ്. ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻറ്റെ ഇൻഷുറൻസ് പരിരക്ഷയും നിങ്ങളുടെ അക്കൌണ്ടിന് ലഭ്യമാണ്. ബാങ്ക് അക്കൌണ്ട് ആരംഭിക്കുന്നതിന് നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം ആവശ്യമില്ല എന്നതും സോൾവ് ബാങ്ക് അക്കൌണ്ടിൻറ്റെ മറ്റൊരു പ്രത്യേകതയാണ്.