ഇനിമുതൽ വ്യക്തികൾക്കും റിസർവ് ബാങ്കിൽ നേരിട്ട് അക്കൌണ്ട് തുടങ്ങാൻ സാധിക്കും. റീറ്റെയിൽ ഡയറക്ട് ഗിൽറ്റ് അക്കൌണ്ട് അഥവാ ആർ ഡി ജി എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ബോണ്ട് മാർക്കറ്റിൽ റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആണ് ആർബിഐ ഇങ്ങനെ ഒരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
ഇടനിലക്കാരെ ഒഴിവാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. ഈ അക്കൌണ്ട് ഉപയോഗിച്ച് റീട്ടെയിൽ നിക്ഷേപകർക്ക് ബോണ്ടുകൾ നേരിട്ട് വാങ്ങാനും വിൽക്കുവാനും സാധിക്കും. ഗവണമെൻറ്റ് ബോണ്ടുകൾ ജനപ്രീയമാക്കുക എന്ന ഒരു ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്. 2021 ഫെബ്രുവരി 5 നാണ് റിസർവ് ബാങ്ക് ഈ പദ്ധതി പ്രഖ്യാപിച്ചത്.
റിസർവ് ബാങ്ക് ഇതിനായി ഒരു പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. ഈ പോർട്ടൽ വഴി ഇടപാടുകൾ നടത്താൻ സാധിക്കും. പ്രധാനമായും നാല് തരത്തിലുള്ള ഇടപാടുകളാണ് ഈ അക്കൌണ്ടിലൂടെ നടത്താൻ സാധിക്കുന്നത്. സംസ്ഥാന വികസന വായ്പകൾ അഥവാ എസ്ഡിഎൽ, ഇന്ത്യൻ ഗവൺമെൻറ്റിൻറ്റെ സെക്യൂരിറ്റികൾ, ട്രഷറി ബില്ലുകൾ, സോവറിൻ ഗോൾഡ് ബോണ്ടുകൾ തുടങ്ങിയവ ഈ അക്കൌണ്ടിലൂടെ വാങ്ങുകയും വിൽക്കുകയും ചെയ്യാം.
ആർഡിജി അക്കൌണ്ട് തുടങ്ങുന്നത് തീർത്തും സൌജന്യമാണ് എന്നതാണ് ഈ അക്കൌണ്ടിൻറ്റെ മറ്റൊരു പ്രത്യേകത. കൂടാതെ ഈ അക്കൌണ്ട് നിലനിർത്തുന്നതിന് മറ്റ് മെയിൻറ്റനൻസ് ചാർജുകളും നൽകേണ്ടതില്ല. ഇനി ആർക്കൊക്കെ ആണ് അക്കൌണ്ട് തുടങ്ങാൻ കഴിയുന്നത് എന്ന് നോക്കാം.
റിസർവ് ബാങ്കിൽ ആർഡിജി അക്കൌണ്ട് ആരംഭിക്കുന്നതിന് വളരെ കുറച്ചു രേഖകൾ മാത്രം മതി. ഒരു സേവിംഗ്സ് ബാങ്ക് അക്കൌണ്ടും പാൻ നമ്പറും ഉണ്ടായിരിക്കണം. പിന്നെ നിങ്ങളുടെ ഇ മെയിൽ അഡ്ഡ്രസും മൊബൈൽ നമ്പറും നൽകിയാൽ മതിയാകും. സിംഗിൾ അക്കൌണ്ടോ ജോയിൻറ്റ് അക്കൌണ്ടോ നിങ്ങൾക്ക് ഓപ്പൺ ചെയ്യാവുന്നതാണ്.
റിസർവ് ബാങ്കിൻറ്റെ വെബ്സൈറ്റിലൂടെ തന്നെ നിങ്ങൾക്ക് അക്കൌണ്ട് ഓപ്പൺ ചെയ്യാവുന്നതാണ്. അക്കൌണ്ട് ഓപ്പൺ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഇ മെയിൽ വഴിയും ഫോൺ വഴിയും നിങ്ങൾക്ക് ലഭിക്കും.
• റിസർവ് ബാങ്കിൻറ്റെ വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.
• ആർഡിജി അക്കൌണ്ട് ഓപ്പൺ ചെയ്യുന്നതിന് റിസർവ് ബാങ്ക് നിർദ്ദേശിച്ചിട്ടുള്ള ഫോം പൂരിപ്പിക്കുക.
• ശേഷം മൊബൈലിലും ഇ മെയിലിലും വന്ന ഒടിപി ഉപയോഗിച്ച് അക്കൌണ്ട് വേരിഫൈ ചെയ്യുക.
• രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞാൽ നിങ്ങൾക്ക് ഉടൻ തന്നെ അക്കൌണ്ട് ഓപ്പൺ ചെയ്യുവാൻ സാധിക്കും.