കടക്കെണിയിലാകുന്നതിനുള്ള ഒരു പ്രധാന കാരണം നിങ്ങൾ സമ്പാദിക്കുന്നതിലധികം ചിലവാക്കുന്നതാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് മാത്രം ചിലവഴിക്കുക. അനാവശ്യ ചിലവുകളിൽ നിയന്ത്രണം കൊണ്ടുവന്നാൽ തന്നെ നിങ്ങൾക്ക് കടം വാങ്ങേണ്ട സാഹചര്യം ഉണ്ടാവില്ല. വീണ്ടും എത്തിയ ലോക്ക്ഡൌണും പലരെയും കടക്കെണിയിലാക്കുന്നുണ്ട്. ജോലി ഇല്ലാതാകുമ്പോൾ ദൈനംദിന ചിലവുകൾക്കുപോലും കടം വാങ്ങിക്കേണ്ടി വരുന്നു. സാഹചര്യം എന്തായാലും കടക്കെണിയിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
1. കടക്കെണിയിൽ ആവാതിരിക്കാൻ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട കാര്യം വായ്പകൾ മുടക്കം കൂടാതെ തിരിച്ചടയ്ക്കുക എന്നതു തന്നെയാണ്. കടം കൂട്ടി വയ്ക്കുന്നത് ഒഴിവാക്കുക. കഴിയുമെങ്കിൽ എല്ലാ മാസവും കൃത്യമായി വായ്പകൾ തിരിച്ചടയ്ക്കുക.
2. ഇനി നിങ്ങളുടെ കൈയിൽ അതിനുള്ള പണം ഇല്ലെങ്കിൽ ഫിക്സിഡ് ഡെപ്പോസിറ്റ്, മ്യൂച്ചൽ ഫണ്ട്, ഷെയറുകൾ, പ്രൊവിഡൻറ്റ് ഫണ്ട് എന്നിവയിൽ നിന്ന് പണം കണ്ടെത്തുക. അല്ലെങ്കിൽ ഫിക്സിഡ് ഡിപ്പോസിറ്റുകളിൽ നിന്നോ ഇൻഷുറൻസ് പോളിസികളിൽ നിന്നോ കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കും. ഈ സൌകര്യം പ്രയോജനപ്പെടുത്തുക. സാഹചര്യം മെച്ചപ്പെടുമ്പോൾ ഈ നിക്ഷേപങ്ങൾ വീണ്ടും തുടങ്ങാവുന്നതേ ഒള്ളൂ.
3. ഒരു ബജറ്റ് തയ്യാറാക്കുക, ആ ബജറ്റിനനുസരിച്ച് മുൻപോട്ടുപോകുക എന്നത് വളരെ പ്രധാനമാണ്. നിങ്ങൾ സാമ്പത്തികമായി സുരക്ഷിതരാകുന്നതുവരെ ചെറുതോ വലുതോ ആയ അനാവശ്യ ചിലവുകൾ ഒഴിവാക്കുക.
4. കടം കുറയ്ക്കുന്നതിനുള്ള ഒരു എളുപ്പമാർഗം നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുകയെന്നതാണ്. അതുകൊണ്ട് അധിക വരുമാനത്തിനായി മറ്റൊരു ജോലിയോ മാർഗമോ കണ്ടെത്തുക.
5. നിങ്ങൾക്ക് ഒന്നിൽ കൂടുതൽ വായ്പകൾ ഉണ്ടെങ്കിൽ ആദ്യം പലിശ കൂടുതലുള്ള വായ്പകൾ തിരിച്ചടയ്ക്കുക. ഇത് വലിയ കടക്കെണിയിലേക്ക് പോകുന്നത് തടയും.
6. നിങ്ങളുടെ ബാങ്കുമായി സംസാരിച്ച് പലിശ നിരക്ക് കുറഞ്ഞ വായ്പ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ വായ്പ കൈമാറ്റം ചെയ്യുക.
7. ഇനി മറ്റൊരു വായ്പ എടുത്തുകൊണ്ട് നിലവിലുള്ള കടക്കെണിയിൽ നിന്ന് നിങ്ങൾക്ക് ഒഴിവാകാം. നിലവിൽ ഭവനവായ്പ എടുത്തിരിക്കുന്ന ഒരാൾക്ക് ടോപ്പ് അപ്പ് വായ്പ ലഭിക്കും. അല്ലെങ്കിൽ വസ്തു പണയം വയ്ക്കാനുണ്ടെങ്കിൽ അത് പണയം വച്ചും വായ്പ എടുക്കാം. ഇങ്ങനെയും നിലവിൽ ഉള്ള കടം വീട്ടാവുന്നതാണ്.
8. ഇനി വീണ്ടും മറ്റൊരു വായ്പ എടുക്കാൻ നിങ്ങൾക്ക് താത്പര്യം ഇല്ലെങ്കിൽ നിങ്ങളുടെ വസ്തുവോ ഭൂമിയോ വിറ്റും കടം വീട്ടാവുന്നതാണ്. കടത്തിൻറ്റെ ഭാരവുമായി ജീവിക്കുന്നതിനേക്കാൾ നല്ലത് ഇതാണ്.
9. ഈ പറഞ്ഞ മാർഗ്ഗങ്ങളിലൂടെയൊന്നും കടം വീട്ടാൻ നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ നിലവിലെ സാഹചര്യം കടക്കാരോടു തുറന്നു പറയുക. കുറച്ചുകൂടി സാവകാശം ചോദിക്കുക.
10. ഇനിയും എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങൾക്കറിയില്ലെങ്കിൽ പ്രൊഫഷണൽ ഡെബ്റ്റ് കൌൺസലിംഗ് ഏജൻസികളെ സമീപിക്കാവുന്നതാണ്. അവർ നിങ്ങൾക്കു വേണ്ട ഉപദേശങ്ങൾ നൽകുകയും ബജറ്റ് തയ്യാറാക്കുന്നതിനും ചിലവുകൾ ചുരുക്കുന്നതിനും നിങ്ങളെ സഹായിക്കുകയും ചെയ്യും. ചില ഏജൻസികൾ നിങ്ങൾക്കുവേണ്ടി കടക്കാരോടു സംസാരിക്കുകയും പലിശ കുറയ്ക്കുന്നതിനും മറ്റൊരു വായ്പ എടുക്കുന്നതിനും നിങ്ങളെ സഹായിക്കുകയും ചെയ്യും.