സമ്പാദ്യത്തിൻറ്റെ ഏറിയ ഭാഗവും എഫ്ഡിയായി സൂക്ഷിക്കുന്നവർക്ക് നികുതി ഇളവുകൾ നേടാനായി ടാക്സ് സേവിംഗ് ഡിപ്പോസിറ്റുകളെ ആശ്രയിക്കാം. ഇത്തരം നിക്ഷേപങ്ങൾ ആദായ നികുതി നിയമത്തിൻറ്റെ സെക്ഷൻ 80 C പ്രകാരം നികുതി ഇളവ് ലഭിക്കുന്നവയാണ്. പരമാവധി 1.5 ലക്ഷം രൂപ വരെ ഇളവ് ലഭിക്കും. എങ്കിലും ഈ നിക്ഷേപത്തിലൂടെ ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്. അഞ്ചു വർഷ കാലാവധിയിലേക്കാണ് നിക്ഷേപം നടത്തേണ്ടത്. കാലാവധി പൂർത്തിയാകാതെ നിക്ഷേപം പിൻവലിക്കാനാകില്ല.
റിപ്പോ റേറ്റ് ഉയർന്നതോടെ ബാങ്കുകൾ ടാക്സ് സേവിംഗ് എഫ്ഡികളുടെ പലിശ നിരക്കും ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഏറ്റവും ഉയർന്ന പലിശ നൽകുന്ന ബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.ടാക്സ് സേവിംഗ് ഡിപ്പോസിറ്റുകൾക്ക് 6.10 ശതമാനം പലിശ നിരക്കാണ് ഐസിഐസിഐ ബാങ്കും എച്ച്ഡിഎഫ്സി ബാങ്കും നൽകുന്നത്. എന്നാൽ ഇൻഡസ് ഇൻഡ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയവ ടാക്സ് സേവിംഗ് നിക്ഷേപങ്ങൾക്ക് 6.75 ശതമാനം പലിശയാണ് നൽകുന്നത്. സ്വകാര്യമേഖല ബാങ്കുകളിൽ മികച്ച പലിശ നൽകുന്ന ബാങ്കുകളാണിവ.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് നൽകുന്നത് 6.5 ശതമാനം പലിശ ആണ്. പൊതുമേഖല ബാങ്കുകളെയും സ്വകാര്യ മേഖല ബാങ്കുകളെയും അപേക്ഷിച്ച് സ്മോൾ ഫിനാൻസ് ബാങ്കുകൾ ടാക്സ് സേവിംഗ് ഡിപ്പോസിറ്റുകൾക്ക് താരതമ്യേന ഉയർന്ന പലിശ നൽകുന്നുണ്ട്.