ഒരു വാഹനം സ്വന്തമായി വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരും കാണില്ല. കോവിഡ് വന്നതോടു കൂടി ഒരു ഇരുചക്ര വാഹനം എങ്കിലും സ്വന്തമാക്കണമെന്നാണ് എല്ലാവരും കരുതുന്നത്. പൊതുഗതാഗത സൌകര്യങ്ങളിൽ നിയന്ത്രണം കൊണ്ടുവന്നതും സുരക്ഷാ കുറവുമാണ് ഇതിനു പ്രധാന കാരണം.
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടു കൂടി വാഹന വിപണിയിലും ഒരു ഉണർവ് ഉണ്ടായിട്ടുണ്ട്. രണ്ട് വർഷത്തോളമായി വാഹന വ്യാപരത്തിൽ വലിയ കുറവ് വന്നിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബാങ്കുകളും അവരുടെ പലിശ നിരക്കിലും മറ്റും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
കാറുകളെ അപേക്ഷിച്ച് ഇരുചക്ര വാഹനങ്ങൾക്ക് ചിലവും കുറവാണ് എന്നതുകൊണ്ട് ഇരുചക്ര വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. വായ്പ എടുത്തായിരിക്കും പലരും വാഹനങ്ങൾ വാങ്ങിക്കുന്നത്. എന്നാൽ ഏതെങ്കിലും ഒരു ബാങ്കിൽ ചെന്ന് വായ്പ എടുക്കാതെ പലിശ നിരക്ക് കുറവുള്ള ഒരു ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നതാണ് കൂടുതൽ നല്ലത്. ഇതിനായി വിവിധ ബാങ്കുകളിലെ പലിശ നിരക്കുകൾ തമ്മിൽ താരതമ്യം ചെയ്യണം.
ബാങ്കുകളും വിവിധ ധനകാര്യ സ്ഥാപനങ്ങളും നിലവിൽ ഇരുചക്ര വാഹനങ്ങൾക്ക് LOAN നൽകുന്നുണ്ട്. സാധാരണ 7.25 ശതമാനം മുതൽ 20 ശതമാനം വരെ പലിശ നിരക്കിൽ ആണ് ബാങ്കുകൾ വായ്പ നൽകുന്നത്. നിലവിൽ കുറഞ്ഞ പലിശയിൽ ഇരുചക്ര വാഹനങ്ങൾക്ക് വായ്പ നൽകുന്ന ബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ബാങ്ക് | പലിശ നിരക്ക് |
സെൻട്രൽ ബാങ്ക് | 7.25 % |
ബാങ്ക് ഓഫ് ഇന്ത്യ | 7.35 % |
യൂകോ ബാങ്ക് | 7.45 % |
പഞ്ചാബ് നാഷണൽ ബാങ്ക് | 8.7 % |
കാനറാ ബാങ്ക് | 9.0% |
ആക്സിസ് ബാങ്ക് | 9.0 % |
ഐസിഐസിഐ ബാങ്ക് | 9.50 % |
ഐഡിബിഐ ബാങ്ക് | 9.80 % |
യൂണിയൻ ബാങ്ക് | 9.90 % |
ഇന്ത്യൻ ഓവർസീസ് ബാങ്ക് | 10.05 % |
എസ്ബിഐ | 10.25 % |
സൌത്ത് ഇന്ത്യൻ ബാങ്ക് | 10.95 % |
ബാങ്ക് ഓഫ് ബറോഡ | 11.0 % |
എച്ച്ഡിഎഫ്സി ബാങ്ക് | 12.0 % |
ഫെഡറൽ ബാങ്ക് | 12.50 % |
പലിശ നിരക്ക് – ഫിക്സിഡ് vs വേരിയബിൾ
ഒരു വായ്പ എടുക്കുമ്പോൾ ഫിക്സിഡ് റേറ്റ് വേണോ വേരിയബിൾ വേണോ എന്നു തീരുമാനിക്കേണ്ടതുണ്ട്. ഫിക്സിഡ് റേറ്റ് ചിലപ്പോൾ വേരിയബിൾ റേറ്റിനേക്കാൾ കൂടുതൽ ആയിരിക്കും. പക്ഷേ ഫിക്സിഡ് റേറ്റ് ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങളുടെ വായ്പ അവസാനിക്കുന്നതുവരെ ഒരേ നിരക്കിലായിരിക്കും പലിശ ഈടാക്കുക. മാർക്കറ്റിൽ ഉണ്ടാകുന്ന മാറ്റങ്ങളൊന്നും പലിശയെ ബാധിക്കുകയില്ല. എന്നാൽ വേരിയബിൾ റേറ്റ് ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ മാർക്കറ്റിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് നിങ്ങളുടെ പലിശയിലും വ്യത്യാസങ്ങൾ സംഭവിക്കും.
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുവാൻ എപ്പോഴും ശ്രദ്ധിക്കുക. ഇത് കുറഞ്ഞ പലിശയിൽ വായ്പ ലഭിക്കാൻ നിങ്ങളെ സഹായിക്കും. മറ്റു ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുന്നതിനു മുമ്പ് നിങ്ങൾക്ക് നിലവിൽ അക്കൊണ്ടുള്ള ബാങ്കിനെ സമീപിക്കുക. നിങ്ങളുടെ ഇടപാടുകൾ മികച്ചത് ആണെങ്കിൽ ചിലപ്പോൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിച്ചേക്കാം.