കൊവിഡ് രണ്ടാം ഘട്ട വരവോടെ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് എല്ലാവരും. പ്രതിമാസം അടയ്ക്കേണ്ടിയിരുന്ന ഇഎംഐയും നിക്ഷേപ പദ്ധതികളും എല്ലാം മുടങ്ങിയിരിക്കുകയാണ്. മ്യൂച്ചൽ ഫണ്ടുകളിലെ എസ്ഐപി തവണകളിലും മുടക്കം വന്നിട്ടുണ്ടാകാം. മറ്റ് ഇഎംഐകൾ പോലെ തന്നെ എസ്ഐപികൾ മുടങ്ങുമ്പോൾ മ്യൂച്ചൽ ഫണ്ട് കമ്പനികൾ ഇതിന് പിഴ ഈടാക്കും. എന്നാൽ ഒന്നോ രണ്ടോ തവണ മുടക്കം വന്നാൽ മ്യൂച്ചൽ ഫണ്ട് കമ്പനികൾ ഇതിന് പിഴ ഈടാക്കണമെന്നില്ല. പക്ഷേ തുടർച്ചയായി മൂന്നു തവണ എസ്ഐപികൾ മുടങ്ങിയാൽ അവ റദ്ദാക്കപ്പെട്ടേക്കാം. മാത്രമല്ല നിങ്ങൾ ബൌൺസിങ് ചാർജും നൽകേണ്ടിവരും. എസ്ഐപി തവണകൾ പോലും അടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ ബൌൺസിങ് ചാർജും കൂടെ അടയ്ക്കേണ്ടി വന്നാൽ ഇത് വലിയൊരു ബാദ്ധ്യതയാകും. വിഷമിക്കേണ്ട കാര്യമില്ല. ഇതിന് ഒരു പരിഹാരമുണ്ട്.
എസ്ഐപി തവണകൾ അടയ്ക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഇത് നിങ്ങൾക്ക് താത്ക്കാലികമായി നിർത്തിവയ്ക്കാം. ഒരു ഇടവേള എടുത്തതിനു ശേഷം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ വീണ്ടും പുനരാരംഭിക്കാം. എസ്ഐപി വഴി മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിൻറ്റെ ഏറ്റവും വലിയ പ്രത്യേകത നിങ്ങൾക്ക് നിങ്ങളുടെ നിക്ഷേപം താത്ക്കാലികമായി നിർത്തിവയ്ക്കാനും വീണ്ടും പുനരാരംഭിക്കാനും സാധിക്കുമെന്നതാണ്. എങ്ങനെയാണെന്നല്ലേ ?
പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന | 12 രൂപക്ക് ഒരു ഇൻഷുറൻസ് പരിരക്ഷ
ഓൺലൈനായോ ഓഫ് ലൈനായോ നിങ്ങൾക്ക് അപേക്ഷ നൽകാം. അടുത്ത എസ്ഐപി അടയ്ക്കേണ്ട തിയതിക്ക് 30 ദിവസം മുമ്പായി മ്യൂച്ചൽ ഫണ്ട് ഹൌസിനു അപേക്ഷ നൽകണം. ഇങ്ങനെ ഒരു മാസം മുതൽ ആറു മാസം വരെ എസ്ഐപികൾ നിർത്തിവയ്ക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ വീണ്ടും തുടങ്ങാം. ഇതിനായി പ്രത്യേക ചാർജുകളൊന്നും മ്യൂച്ചൽ ഫണ്ട് ഹൌസിനു നൽകേണ്ടതില്ല. മുമ്പ് മ്യൂച്ചൽ ഫണ്ട് കമ്പനികൾ ഇത്തരം ഇളവുകളൊന്നും നിക്ഷേപകർക്കു നൽകിയിരുന്നില്ല. എന്നാൽ നിരവധി അസറ്റ് മാനേജ്മെൻറ്റ് കമ്പനികളും ബ്രോക്കറേജ് സ്ഥാപനങ്ങളും ഇപ്പോൾ ഈ ആനുകൂല്യങ്ങൾ നിക്ഷേപകർക്കു നൽകി തുടങ്ങിയിട്ടുണ്ട്.
എസ്ഐപി തവണകൾ താത്ക്കാലികമായി നിർത്തിവച്ചാലും നിങ്ങളുടെ വരുമാനം നഷ്ടപ്പെടും എന്നോർത്ത് പേടിക്കേണ്ട. ഇതുവരെ നടത്തിയ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം നിങ്ങൾക്ക് തുടർന്നും ലഭിക്കുക തന്നെ ചെയ്യും. എസ്ഐപി തവണകൾ നിർത്തുകയെന്നാൽ നിക്ഷേപത്തിൽ നിന്നും പിന്മാറി എന്നല്ല അർത്ഥം. നിക്ഷേപം പിൻവലിക്കുന്നതിന് പ്രത്യേകം അപേക്ഷ നൽകേണ്ടതുണ്ട്.